ചോദ്യം : അമ്മേ, ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളതു്? വാസ്തവത്തില്‍ എന്താണു് ഈശ്വരന്‍?

അമ്മ: ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല, അനുഭവിച്ച് അറിയേണ്ടതാണു്. തേനിന്‍റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയുമോ?

രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്‍റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകള്‍ക്കതീതനാണു്, പരിമിതികള്‍ക്കപ്പുറമാണു്. അവിടുന്നു് എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ടു്. പ്രത്യേകിച്ചു് ഒരു രൂപമെടുത്തുവെന്നു പറയാന്‍ പറ്റുകയില്ല. ഇന്നതാണെന്നു വിശേഷിച്ചു പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്കു സങ്കല്പിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും അതിനപ്പുറവും കവിഞ്ഞു നില്ക്കുന്നതാണു ബ്രഹ്മം.

ചോദ്യം : ഈശ്വരനെക്കുറിച്ചു ചിന്തിക്കണമെങ്കില്‍ ഒരു ധാരണ നമുക്കുണ്ടായിരിക്കണ്ടേ?

അമ്മ: ഈശ്വരന്‍ ഗുണാതീതനാണു്. അവിടുത്തെക്കുറിച്ചു വാക്കാല്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതല്ല. പിന്നെ, നമ്മുടെ ബുദ്ധിക്കു മനസ്സിലാകുന്നതിനുവേണ്ടി ഈശ്വരന്‍ ചില ഗുണങ്ങളോടുകൂടിയവനാണെന്നു പറയുന്നു. ആ ഗുണങ്ങളാകട്ടെ ത്യാഗികളായ മഹാത്മാക്കളില്‍ പ്രതിഫലിച്ചു കാണാം. അങ്ങനെയുള്ളവരാണു ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍. സത്യം, ധര്‍മ്മം, ത്യാഗം, സ്നേഹം, ദയ, കരുണ തുടങ്ങിയവയാണു് ഈശ്വരന്‍റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണു് ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കുകയുള്ളൂ. വിത്തിനുള്ളില്‍ പൂവും കായും എല്ലാമുണ്ടെങ്കിലും അതു മണ്ണിനടിയില്‍പ്പോയി അഹമാകുന്ന തോടു പൊട്ടിക്കഴിയുമ്പോഴാണു് അവയൊക്കെ പുറത്തുവരുന്നതു്. തോടുപൊട്ടി അതു വളര്‍ന്നു കഴിയുമ്പോള്‍ എല്ലാ രീതികളിലും ഉപകാരമേയുള്ളൂ. സ്വന്തം ചുവടു മുറിക്കുമ്പോഴും വൃക്ഷം തണലു നല്കുന്നു.
ത്യാഗത്തിലൂടെ ഹൃദയം കണ്ണാടിപോലെയാകുമ്പോള്‍ ഈശ്വരന്‍റെ സ്വരൂപം എന്തെന്നറിയാന്‍ കഴിയും. അവിടുത്തെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റും. ഭഗവദ്ഗുണങ്ങള്‍ നമ്മില്‍ പ്രതിഫലിക്കും.