ചോദ്യം : ഈശ്വരന്‍ നിര്‍ഗ്ഗുണനാണെന്നു പറയുന്നതോ?
അമ്മ: ഈശ്വരന്‍ നിര്‍ഗ്ഗുണനാണു്, പക്ഷേ, അവിടുത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്കു് ഉപാധിയോടു കൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്കു ദാഹമുണ്ടു്. വെള്ളം വേണം. എന്നാലതു കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ആ പാത്രം നമ്മള്‍ ഉപേക്ഷിക്കും. ഈശ്വരനെ നിര്‍ഗ്ഗുണഭാവത്തില്‍ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണു്. അതിനാല്‍ ഭക്തന്‍റെ സങ്കല്പമനുസരിച്ചു് ഈശ്വരന്‍ രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണു നമുക്കു് എളുപ്പമായിട്ടുള്ളതു്. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഈ ഉപാധി സഹായകമാണു്. മരത്തില്‍ കയറാന്‍ അറിഞ്ഞുകൂടാത്ത ഒരാളിനു കൈയില്‍ ഒരു തോട്ടിയുണ്ടെങ്കില്‍ മാമ്പഴം പിച്ചിയെടുക്കാം. അതുപോലെ നമ്മിലിരിക്കുന്ന നല്ല ഗുണങ്ങളെ പുറത്തുകൊണ്ടു വരുവാന്‍ ഒരു ഉപാധി വേണ്ടിയിരിക്കുന്നു. ഈശ്വരശക്തി ലോകത്തില്‍ പ്രകടമാകുന്നതു് ഈ ഉപാധികളില്‍ക്കൂടിയാണു്. എന്നാലവിടുന്നു നിര്‍ഗ്ഗുണന്‍തന്നെ. ചോക്ലേറ്റുകൊണ്ടു് ഒരു രൂപം നിര്‍മ്മിച്ചാല്‍ കാണുമ്പോള്‍ ഒരു രൂപമുണ്ടു്, പക്ഷേ, ചൂടു തട്ടിയാല്‍ അലിഞ്ഞില്ലാതാകും.