ചോദ്യം : ഈശ്വരന്‍ ഹൃദയത്തില്‍ വസിക്കുന്നതായി പറയുന്നുണ്ടല്ലോ?
അമ്മ: സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ അവിടുന്നു പ്രത്യേകിച്ചു് എന്തിനുള്ളില്‍ വസിക്കാനാണു്? ഒരു ചെറിയ ഗ്ലാസ്സിനുള്ളിലേക്കു് ഒരു വലിയ സഞ്ചി ഒതുക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? ഗ്ലാസ്സു കാണാന്‍ കഴിയാത്തവിധം അതു വെളിയിലേക്കു കിടക്കും. ഒരു നദിയില്‍ കുടം മുക്കിയാല്‍ അകത്തും പുറത്തും വെള്ളം നിറഞ്ഞുനില്ക്കും. അതുപോലെ ഈശ്വരന്‍ ഈ രൂപങ്ങളിലൊന്നും ഒതുങ്ങുന്നതല്ല. അതിനുമപ്പുറമാണു്. സര്‍വ്വ ഉപാധികള്‍ക്കും അതീതനായ, സര്‍വ്വവ്യാപകനായ, സര്‍വ്വശക്തനായ അവിടുത്തെപ്പറ്റി നമുക്കു സങ്കല്പിക്കാന്‍ കഴിയുമോ? പിന്നെ നമ്മുടെ സൗകര്യത്തിനു വേണ്ടി നമുക്കു ഭാവന ചെയ്യുന്നതിനുവേണ്ടി ഒരു പ്രത്യേക വാസസ്ഥാനം പറയുന്നു. അവിടുന്നു ഹൃദയത്തില്‍ വസിക്കുന്നതായി പറയുന്നവരുണ്ടു്. അവര്‍ക്കു് അവിടുന്നു ഹൃദയത്തിലാണു്. വീട്ടിനകത്താണെന്നു കരുതുകയാണെങ്കില്‍ അവിടെയാണു്. അതു് ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചിരിക്കും. തന്നെ കൊല്ലാനായി നല്കിയ വിഷത്തെപ്പോലും ഈശ്വരപ്രസാദമായി കണ്ടപ്പോള്‍ മീരയ്ക്കതു വിഷമല്ലാതായിത്തീര്‍ന്നു. പ്രഹ്ളാദന്‍ തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു കണ്ടു. അവിടുന്നു് എല്ലാവരിലുമുണ്ടെന്നു വിശ്വസിച്ചു ജീവിക്കുന്നവര്‍ അവിടുത്തെ പൂര്‍ണ്ണമായി ദര്‍ശിക്കുന്നു. ആ വിശ്വാസമില്ലാത്തവനു് ഈശ്വരദര്‍ശനം ഒരിക്കലും സാദ്ധ്യമല്ല.