ചോദ്യം : അമ്മേ, ഈശ്വരനെ കരഞ്ഞു വിളിക്കുന്നതു ദുര്‍ബ്ബലതയാണെന്നു ചിലര്‍ പറയുന്നു. അവര്‍ ചോദിക്കുന്നതു സംസാരിക്കുമ്പോള്‍ ശക്തി നഷ്ടമാകുന്നതുപോലെ കരയുമ്പോഴും ശക്തി പോകില്ലേ എന്നാണു്.
അമ്മ: മോളേ, കോഴിമുട്ട തീയുടെ ചൂടില്‍ നശിക്കുന്നു. തള്ളയുടെ ചൂടില്‍ വിരിയുന്നു. ചൂടെല്ലാം ഒന്നുതന്നെയാണെങ്കിലും ഫലത്തില്‍ വ്യത്യാസമില്ലേ? വെറുതെയുള്ള സംസാരം നമ്മുടെ ശക്തിയെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രാര്‍ത്ഥനകളിലൂടെ മനസ്സു് ഏകാഗ്രമാകുന്നു, നമുക്കു ശക്തി ലഭിക്കുന്നു. അതു ദുര്‍ബ്ബലതയാണോ? മെഴുകുതിരി ഉരുകുന്നതിനനുസരിച്ചു് അതിന്‍റെ നാളത്തിനു ശോഭ വര്‍ദ്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ ഹൃദയം അലിഞ്ഞുള്ള പ്രാര്‍ത്ഥന നമ്മളെ പരമാത്മപദത്തില്‍ എത്തിക്കുന്നു. അതുകൊണ്ടു കരഞ്ഞുള്ള പ്രാര്‍ത്ഥന ദുര്‍ബ്ബലതയല്ല.