എനിക്കറിവുള്ള മിക്ക ദൈവങ്ങളെയും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടു്. ശിവനെയും ദേവിയെയും മറ്റും പല മന്ത്രങ്ങള്‍ ചൊല്ലി മാറി മാറി പൂജിച്ചു. പക്ഷേ, അവകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടായതായി എനിക്കു തോന്നിയിട്ടില്ല?
അമ്മ: മോളേ, ഒരാളിനു അതിയായ ദാഹം. കുടിക്കുവാന്‍ വെള്ളമില്ല. ആരോ പറഞ്ഞു കൊടുത്തു, ‘ഈ സ്ഥലത്തു കുഴിച്ചാല്‍ വേഗം വെള്ളം കിട്ടും.’ അയാള്‍ അവിടെ കുറച്ചു കുഴിച്ചു നോക്കി. വെള്ളം കണ്ടില്ല. അതിനടുത്തു വീണ്ടും ഒന്നുകൂടി കുഴിച്ചു നോക്കി. വെള്ളം കിട്ടിയില്ല,. കുറച്ചുകൂടി മാറി വീണ്ടും കുഴിച്ചു. വെള്ളമില്ല. ഇങ്ങനെ പല സ്ഥലത്തു വെള്ളത്തിനുവേണ്ടി കുഴിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. അയാള്‍ തളര്‍ന്നു വീണു. അതു വഴി വന്ന ഒരാള്‍ തളര്‍ന്നു കിടക്കുന്ന മനുഷ്യനെക്കണ്ടു കാരണം അന്വേഷിച്ചു. അയാള്‍ പറഞ്ഞു, ”ഞാന്‍ വെള്ളത്തിനുവേണ്ടി കുഴിച്ചു കുഴിച്ചു കുഴഞ്ഞു. ഇപ്പോള്‍ ഇരട്ടിക്കു ദുഃഖമായി. ആദ്യം വെള്ളം കിട്ടിയില്ല എന്ന ദുഃഖമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുഴി കുത്തി അത്രയും ശക്തി കൂടി നഷ്ടപ്പെടുത്തി. ക്ഷീണവും കൂടി.”
വഴിപോക്കന്‍ പറഞ്ഞു, ”നിങ്ങള്‍ കുറച്ചുകൂടി ക്ഷമിച്ചു കുറെ താഴത്തേക്കു കുഴിച്ചിരുന്നുവെങ്കില്‍ ആവശ്യത്തിനും അതിലധികവും വെള്ളം കിട്ടുമായിരുന്നുവല്ലോ. അതിനു പകരം നിങ്ങള്‍ പല സ്ഥലത്തു് അല്പാല്പം കുഴിച്ചുനോക്കി. ഫലമോ, നിരാശമാത്രം.” മോളേ, ഇതു പോലെയാണു മാറി മാറി ഓരോ ദൈവത്തെ വിളിച്ചാലുള്ള അനുഭവം. പ്രയോജനം കിട്ടില്ല. എല്ലാം ഒന്നെന്നു കണ്ടു വിളിച്ചാല്‍ പ്രശ്നമില്ല. മാറി മാറി രൂപത്തെ വ്യത്യസ്തപ്പെടുത്തുന്നതാണു കഷ്ടം!
ഒരാള്‍ ഒരു മൂവാണ്ടന്‍ തൈ വാങ്ങിക്കൊണ്ടുവന്നു നട്ടു വേണ്ടത്ര ശുശ്രൂഷകള്‍ നല്കി വളര്‍ത്തി. പൂ വരേണ്ട സമയം അടുത്തപ്പോള്‍ അതിനെ പിഴുതുമാറ്റി അവിടെ വേറൊരു തൈ വച്ചു. മൂന്നു വര്‍ഷം തികയാന്‍ രണ്ടു ദിവസം മതി. അത്രയും കാത്തിരിക്കുവാനുള്ള ക്ഷമ അയാള്‍ക്കില്ല. എവിടെ ഫലം കിട്ടാനാണു്? വേണ്ടത്ര സമയം കാത്തിരിക്കാനുള്ള ക്ഷമ അയാളെപ്പോലെ മോളും കാണിച്ചില്ല. പല സ്ഥലങ്ങളില്‍പ്പോയി, പല മന്ത്രങ്ങള്‍ ജപിച്ചു്, പല ദേവതകളെ ധ്യാനിച്ചു. അതുകൊണ്ടു് ഒന്നും ഫലത്തിലില്ല. കൂടാതെ മോളു് ഈശ്വരനെ വിളിച്ചതു് ഐശ്വര്യത്തിനാണു്; ഭഗവാനെ കാണുവാന്‍ വേണ്ടിയല്ല. ഭൗതികവസ്തുക്കള്‍ നേടുന്നതിനു വേണ്ടിയുള്ള ഭക്തി, അതു ശരിയായ ഭക്തിയല്ല. മോളു ധ്യാനിച്ചതു് ആഗ്രഹിച്ച വസ്തുക്കളെയാണു്, ഈശ്വരനെയല്ല. അതാണു പല സ്ഥലത്തു ഓടിനടന്നതു്. ഒരു മന്ത്രം ജപിച്ചു. കാര്യം സാധിക്കാതെ വന്നപ്പോള്‍ അടുത്ത മന്ത്രമായി. അതും സാധിക്കാതെ വന്നപ്പോള്‍ വേറൊന്നായി. അതുകൊണ്ടെന്തു നേടി? സമയനഷ്ടം മാത്രം മുതലായി.
മോള്‍ രാജകൊട്ടാരത്തിലിരുന്ന സ്വര്‍ണ്ണം മാത്രം കാംക്ഷിച്ചു. രാജാവിനെ സ്നേഹിച്ചില്ല. രാജാവിനെ സ്നേഹിച്ചാല്‍ സ്വര്‍ണ്ണവും കിട്ടും രാജാവിനെയും കിട്ടും. അതുപോലെ ഈശ്വരനെ മാത്രം സ്നേഹിച്ചിരുന്നുവെങ്കില്‍ എല്ലാം മോള്‍ക്കു കിട്ടുമായിരുന്നു. മോള്‍ രത്‌നം മാത്രം ആഗ്രഹിച്ചു. ഭഗവാനെ സ്നേഹിച്ചില്ല. ഒന്നിനോടും കാമ്യത വയ്ക്കാതെ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിച്ചു സകലതും അവിടുത്തേക്കു് അര്‍പ്പിച്ചു്, സകലതും അവിടുത്തെ ഇച്ഛ എന്നുള്ള ഭാവനയോടുകൂടി സാധന ചെയ്തിരുന്നുവെങ്കില്‍ മോള്‍ക്കു് ഇന്നു ത്രിലോകങ്ങള്‍ക്കും അധിപതിയായിരിക്കാമായിരുന്നു. പക്ഷേ, മോളു് ഐശ്വര്യം മാത്രമേ മോഹിച്ചുള്ളൂ. അതുകൊണ്ടു ദുര്യോധനനെപ്പോലെയായി. ദുര്യോധനന്‍ പ്രജകളെയും രാജ്യത്തെയും മാത്രമാഗ്രഹിച്ചു. ഫലമോ? അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കൂടെനിന്നവര്‍ക്കും സകലതും നഷ്ടമായി. എന്നാല്‍ പാണ്ഡവരോ? അവര്‍ ഭഗവാനെ മാത്രം ആശ്രയിച്ചു. ആ ഒരു ഭാവമായിരുന്നു അവിടെ. അതിനാലവര്‍ക്കു ഭഗവാനെയും കിട്ടി, രാജ്യവും കിട്ടി. അതുകൊണ്ടു മോള്‍ ബാഹ്യസുഖത്തിനോടുള്ള ആഗ്രഹം വിടുക. ഭഗവാനെ കിട്ടിയാല്‍ എല്ലാമവിടെ എത്തിക്കൊള്ളും. ശരിക്കു സര്‍വ്വാര്‍പ്പണമായി നീങ്ങുക. മോള്‍ ക്ഷമയോടുകൂടി സാധന ചെയ്യുക. ഫലം കിട്ടും. തീര്‍ച്ചയായും കിട്ടും. ഭൗതികമായ ഐശ്വര്യങ്ങളും ഉണ്ടാകും. കുറെ മന്ത്രം ജപിച്ചു് ഉടന്‍ ഫലം കിട്ടണമെന്നു വിചാരിച്ചാല്‍ പ്രയോജനമില്ല. അര്‍പ്പണവും ക്ഷമയുമാണു വേണ്ടതു്.