ചോദ്യം : അമ്മേ, സാധന ചെയ്താല്‍ ശാന്തി നേടാന്‍ കഴിയുമോ?

അമ്മ: മോളേ, സാധന ചെയ്തതുകൊണ്ടുമാത്രം ശാന്തി നേടാന്‍ പറ്റില്ല. അഹങ്കാരം കളഞ്ഞു സാധന ചെയ്താലേ സാധനയുടെ ഗുണങ്ങളെ അനുഭവിക്കാന്‍ പറ്റൂ. ശാന്തിയും സമാധാനവും നേടുവാന്‍ കഴിയൂ. ഈശ്വരനെ വിളിക്കുന്നവര്‍ക്കെല്ലാം ശാന്തിയുണ്ടോ എന്നു ചോദിക്കുന്നവരുണ്ടു്. ആദര്‍ശം മനസ്സിലാക്കി വിളിച്ചാലല്ലേ ദുര്‍ബ്ബലമനസ്സു് ശക്തമാകുകയുള്ളൂ.

ശാസ്ത്രങ്ങള്‍ മനസ്സിലാക്കി സത്സംഗങ്ങള്‍ ശ്രവിച്ചു് അതേ രീതിയില്‍ ജീവിക്കുന്നവര്‍ക്കേ സാധനകൊണ്ടു ഗുണമുള്ളൂ. തന്‍റെ തപസ്സിനു ഭംഗം വരുത്തി എന്ന കാരണത്താല്‍ പക്ഷിയെ ഭസ്മമാക്കിയ താപസന്‍റെ കഥ കേട്ടിട്ടില്ലേ? അദ്ദേഹം തപസ്സു ചെയ്തു. പക്ഷേ കോപം വരാന്‍ നിമിഷനേരം പോലും വേണ്ടിവന്നില്ല. സത്സംഗങ്ങള്‍ ഉള്‍ക്കൊള്ളാതെ, ആത്മീയത മനസ്സിലാക്കാതെ മുന്നോട്ടു പോയാല്‍ അഹങ്കാരവും കോപവും മാത്രമായിരിക്കും കൈമുതലായി ഉണ്ടാവുക.