ചോദ്യം : ആദ്ധ്യാത്മികമാർഗ്ഗത്തിൽ ഗുരു ആവശ്യമാണെന്നു പറയുന്നു. അമ്മയുടെ ഗുരു ആരാണു്?

അമ്മ: ഈ ലോകത്തിൽ കാണപ്പെടുന്ന ഓരോ വസ്തുവും അമ്മയ്ക്കു ഗുരുവാണു്. ഗുരുവും ഈശ്വരനും അവരവരുടെ ഉള്ളിൽത്തന്നെ ഉണ്ടു്. പക്ഷേ, അഹങ്കാരം ഇരിക്കുന്നിടത്തോളം കാലം, അവിടുത്തെ അറിയുവാൻ കഴിയില്ല. തന്നിലെ ഗുരുവിനെ മറയ്ക്കുന്ന മറയാണു് അഹങ്കാരം. അവനവനിൽത്തന്നെയുള്ള ഗുരുവിനെ കണ്ടെത്തിയാൽ പിന്നെ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിലും ഗുരുവിനെ കാണാൻ കഴിയും.

തന്‍റെ ഉള്ളിൽത്തന്നെ അമ്മയ്ക്ക് ഗുരുവിനെ കാണാൻ കഴിഞ്ഞതിനാൽ, പുറമെയുള്ള ഒരു മൺതരിപോലും അമ്മയ്ക്കു ഗുരുവായിത്തീർന്നു. മക്കൾ ചിന്തിച്ചേക്കാം, അങ്ങനെയാണെങ്കിൽ ഒരു മുള്ളും അമ്മയ്ക്കു ഗുരുവാണോ എന്നു്. അതെ, ഒരു മുള്ളും അമ്മയ്ക്കു ഗുരുതന്നെയാണു്. മുള്ളു കാലിൽ കൊണ്ടതിന്‍റെ ഫലമായി തുടർന്നുള്ള പാത ശ്രദ്ധിക്കാൻ ഇടയായി. അങ്ങനെ വീണ്ടും മുള്ളു കൊള്ളാതിരിക്കാനും വലിയ കുഴികളിൽ വീഴാതിരിക്കാനും ആ മുള്ളു സഹായമായി. ഈ ശരീരത്തെയും അമ്മ ഗുരുവായിട്ടാണു കാണുന്നതു്. കാരണം ശരീരത്തിന്‍റെ നശ്വരതയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആത്മാവു മാത്രമാണു നിത്യമായ സത്യം എന്നറിയുവാൻ കഴിയുന്നു. ചുറ്റുമുള്ള എന്തും അമ്മയെ നന്മയിലേക്കു മാത്രമേ നയിച്ചിട്ടുള്ളു. അതുകൊണ്ടു ജീവിതത്തിൽ സർവ്വതിനോടും അമ്മയ്ക്കു് ആദരവു മാത്രമേയുള്ളു.