സംപൂജ്യ സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവി നൽകുന്ന യോഗദിന സന്ദേശം
=====
മക്കളേ,
ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള ഒരു മാർഗമാണ് യോഗ. ഇന്ന് ആധുനികമരുന്നുകളും ചികിത്സാസൗകര്യങ്ങളും മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ ജീവിതശൈലിയും കാഴ്ചപ്പാടുകളും കാരണം മനുഷ്യരുടെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. ദീർഘനേരം ക്ഷീണമില്ലാതെ ജോലിചെയ്യാനുള്ള ശേഷി, മനസ്സിന്റെ സ്വസ്ഥത, ബുദ്ധിശക്തിയുടെയും ഓർമശക്തിയുടെയും തെളിവ് തുടങ്ങിയവയാണ്‌ ആരോഗ്യലക്ഷണങ്ങൾ. ഇവയ്ക്കെല്ലാം ഉപകരിക്കുന്ന ഒരു സമഗ്രശാസ്ത്രമാണ് യോഗ.

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും ടെൻഷനും അവ സൃഷ്ടിക്കുന്ന അസുഖങ്ങളും ഇന്നത്തെ സമൂഹത്തിന്റെ ശാപമാണ്. ദിവസവും മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ഒപ്പം പത്തു മിനുട്ടെങ്കിലും സൂര്യപ്രകാശമേൽക്കേണ്ടതും ആവശ്യമാണ്. ഇക്കാലത്ത് മിക്കവരും എ.സി. വീട്ടിൽനിന്ന് എ.സി. കാറിൽ കയറി എ.സി. ഓഫീസിലേക്ക്‌ പോകുകയാണ് പതിവ്. അതുകാരണം വായുവുമായും സൂര്യപ്രകാശവുമായുമുള്ള സമ്പർക്കം കുറയുന്നു. അതവരുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചിലർ വ്യായാമത്തിനായി ജിമ്മിൽ പോകുന്നതും തിരിച്ചുവരുന്നതും കാറിലാണ്. അതിനുപകരം ജിമ്മിലേക്ക്‌ നടന്നുപോകാൻ തയ്യാറാകുകയാണെങ്കിൽ അത് ശരീരത്തിന് ഒന്നുകൂടി വ്യായാമം നൽകും. അത്രയും സമയം രാവിലെയും വൈകീട്ടും വീട്ടിനടുത്തുള്ള പാർക്കിലോ ബീച്ചിലോ നടക്കുക എന്ന ശീലം വളർത്തിയെടുത്താൽ ജിമ്മിൽ പോകാൻ പണം ചെലവുചെയ്യേണ്ടിവരില്ല. ജിമ്മിൽനിന്നു ലഭിക്കുന്നതിനെക്കാൾ കൂടുതൽ അല്ലെങ്കിൽ അത്രയും വ്യായാമമെങ്കിലും നടക്കുന്നതിലൂടെ ലഭിക്കും. മാത്രമല്ല, ശുദ്ധവായു ശ്വസിക്കാനും സൂര്യപ്രകാശമേൽക്കാനും അതൊരു അവസരമാകും. അതെല്ലാം എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. അതിനുപുറമെ, വാഹനത്തിന്റെ ഇന്ധനം ലാഭിക്കാനും ഇന്ധനങ്ങൾ കത്തുമ്പോൾ പുറപ്പെടുന്ന ഹാനികരമായ വാതകങ്ങൾ അന്തരീക്ഷത്തെ മലിനമാക്കുന്നതു തടയാനും ഈ ശീലം സഹായിക്കും.

ഇതോടൊപ്പം യോഗകൂടി പരിശീലിക്കുകയാണെങ്കിൽ അത് ശരീരത്തിനും മനസ്സിനും പുതുജീവൻ നല്കും. പ്രമേഹം, കോളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ വലിയൊരളവോളം നിയന്ത്രിക്കാൻ യോഗയ്ക്കു കഴിയും. രോഗപ്രതിരോധശേഷി വളർത്താനും വാർധക്യത്തെ അകറ്റിനിർത്താനും യോഗ സഹായകമാണ്. സാവകാശം അവബോധത്തോടെ ചെയ്യുമ്പോഴാണ് യോഗ പൂർണഫലംചെയ്യുന്നത്. തുടക്കക്കാരും രോഗികളും ഒരു പരിശീലകന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും.

ഏതു ദേശത്തായാലും മനുഷ്യപ്രകൃതിക്ക്‌ കാര്യമായ വ്യത്യാസമില്ലാത്തതിനാൽ ജാതിമതഭേദമെന്യേ ഏവർക്കും യോഗ സ്വീകരിക്കാവുന്നതാണ്. പ്രാചീനഭാരതത്തിലെ ഋഷിവര്യന്മാർ മനുഷ്യരാശിക്കു നൽകിയ ഈ അമൂല്യസമ്പത്ത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ നമുക്കു കഴിയട്ടെ.
-അമ്മ.