ചോദ്യം : അമ്മേ, മനസ്സു പറയുന്ന വഴിയേ അറിയാതെ ഞങ്ങളും പോകുന്നു. എന്തുചെയ്യും ഇങ്ങനെയായാല്‍?
അമ്മ: മക്കളിന്നു മനസ്സിനെയാണു വിശ്വസിക്കുന്നുതു്. മനസ്സു കുരങ്ങിനെപ്പോലെയാണു്. എപ്പോഴും ഒന്നില്‍നിന്നു മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരിക്കുന്നു. മനസ്സിനെ കൂട്ടുപിടിക്കുന്നതു മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണു്. അതു് എപ്പോഴും കുഴപ്പങ്ങള്‍ കാട്ടികൊണ്ടിരിക്കും. നമുക്കു് ഒരിക്കലും സ്വൈര്യമില്ല. വിഡ്ഢിയെ കൂട്ടുപിടിച്ചാല്‍ നമ്മളും വിഡ്ഢിയായിത്തീരും. അതുപോലെ മനസ്സിനെ വിശ്വസിക്കുന്നതു്, മനസ്സിന്റെ വഴിയെ പോകുന്നതു്, വിഡ്ഢിത്തമാണു്. മനസ്സിന്റെ പിടിയില്‍പ്പെടരുതു്. നമ്മുടെ ലക്ഷ്യം നാം എപ്പോഴും ഓര്‍ക്കണം. ഈശ്വരസാക്ഷാത്കാരമാണു നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുതു്.
ചോദ്യം : എത്ര ശ്രമിച്ചിട്ടും മനസ്സില്‍ ദുഷ്ചിന്തകള്‍ വരുന്നുണ്ടല്ലോ അമ്മേ?
അമ്മ: മക്കള്‍ ഭയക്കേണ്ട. മനസ്സില്‍ വരുന്ന അത്തരം ചിന്തകള്‍ക്കു ഗൗരവം കൊടുക്കരുതു്. നമ്മള്‍ ബസ്സില്‍ ഒരു തീര്‍ത്ഥയാത്ര ചെയ്യുകയാണെന്നു കരുതുക. ജനലില്‍ക്കൂടി നോക്കിയാല്‍ പുറത്തെ കാഴ്ചകള്‍ കാണാം. ചിലതു മനോഹരമായ ദൃശ്യങ്ങള്‍ ആയിരിക്കാം. എത്ര നല്ല കാഴ്ചയാണെങ്കിലും ബസ്സു് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അതു മറക്കുന്നു. നമ്മുടെ ലക്ഷ്യത്തെക്കുറിച്ചുതന്നെ ഓര്‍ക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നുവരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല. മനസ്സിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടു്. ഒന്നു ലക്ഷ്യത്തിലേക്കു് ഉറ്റു നോക്കുന്നു; സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേതു ബാഹ്യലോകത്തിലേക്കും. ഇവ തമ്മില്‍ പിടിവലി എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ അവയ്ക്കു പ്രാധാന്യം നല്കാതെ മുന്നോട്ടു പോയാല്‍ പ്രശ്‌നമില്ല.
നമ്മുടെ ഇപ്പോഴത്തെ മനസ്സു് വഴിയരികിലിരിക്കുന്ന ഒരു കണ്ണാടിപോലെയാണു്. വഴിയില്‍ കൂടി ഒരു പട്ടിപോയാലും പൂച്ച പോയാലും ആടു പോയാലും കണ്ണാടിയില്‍ അതെല്ലാം തെളിഞ്ഞു കാണാം. അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം മനസ്സു പോകുന്നു. എന്നാല്‍ കണ്ണാടിയുടെ മറ്റൊരു ഗുണം നമുക്കില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞു കണ്ടാലും ഒന്നും അതിനെ ബാധിക്കുന്നില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിനു് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സും ഒരു കണ്ണാടിപോലെയാകണം. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും എല്ലാം വഴിവക്കിലെ ദൃശ്യംപോലെ നമ്മള്‍ അപ്പപ്പോള്‍ ഉപേക്ഷിക്കണം. ഒന്നിനോടും ബന്ധം പാടില്ല. ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണു്, ആത്മാവിനു ബാധകമല്ല എന്നു നമ്മള്‍ ദൃഢമായി അറിയണം. ഒരു സാക്ഷിയെപ്പോലെ കഴിയുക.
ഒരു നദി ഒഴുകുകയാണു്. നദിയില്‍ വെള്ളം മാത്രമല്ല പല വസ്തുക്കളും അതിലൂടെ ഒഴികിപ്പോകുന്നു. മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു. അതെല്ലാം നദിയുടെ സ്വഭാവമാണു്. നദിയിലേക്കു ചാടാതെ നദീതീരത്തിരുന്നു നോക്കിയാല്‍ ഇവയെല്ലാം നമുക്കു് ആനന്ദമേകും. എന്നാല്‍ നദിയില്‍ എടുത്തു ചാടിയാലോ, നമ്മളും ആ ഒഴുക്കില്‍പ്പെട്ടു് അപകടത്തിലാകും, മുങ്ങി മരിച്ചെന്നും വരാം. ഇതുപോലെ മനസ്സിന്റെ ഒഴുക്കില്‍പ്പെടാതെ സാക്ഷിയെപോലെ കഴിയണം.
ദുര്‍ഘടമായ ഒരു വഴിയാണു നമുക്കു തരണം ചെയ്യാനുള്ളതു്. ഇതേവരെ ലോകസുഖങ്ങളില്‍ ഭ്രമിച്ച നമ്മള്‍ ഇപ്പോള്‍ സാധന ചെയ്യാന്‍ തുടങ്ങുകയാണു്. നദിക്കു കുറുകെയുള്ള ഒരു നൂല്പാലം കടക്കുന്നതുപോലെയാണതു്. ഇത്രയും കാലം ഉപയോഗിക്കാത്തതിനാല്‍ പാലം മുഴുവന്‍ പായല്‍ നിറഞ്ഞിരിക്കുന്നു. നല്ലപോലെ വഴുക്കലും ഉണ്ടു്. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം. ആഗ്രഹങ്ങളും ക്രോധവും അസൂയയുമൊക്കെ മനസ്സില്‍ വരുമ്പോള്‍ വിവേചിക്കണം. ലക്ഷ്യം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടുപോകണം. കാരണം ഏതു നിമിഷവും നമ്മള്‍ വീണു പോയേക്കാം.