ചോദ്യം : വീണുപോയാല്‍ എന്തുചെയ്യും?

അമ്മ: വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ടു് അവിടെത്തന്നെ കിടക്കരുതു്. വീഴ്ച്ചയില്‍നിന്നും എഴുന്നേല്ക്കണം. വീണതു് എഴുന്നേല്ക്കാന്‍ വേണ്ടിയാണു്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണെന്നു കരുതണം. ജയവും തോല്‌വിയും ജീവിതത്തിന്റെ സ്വഭാവമാണു്. ഇനിയുള്ള ഓരോ ചുവടും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുവയ്ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണു്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കണം. അവ നമുക്കു വിവേകവും സമാധാനവും തരും. ഒപ്പം നമ്മുടെ പ്രയത്‌നവും, അതായതു് സാധനയും ആവശ്യമാണു്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം എന്നുപറയും. ഏതു നിമിഷവും വീഴാന്‍ സാദ്ധ്യതയുണ്ടു് എന്നോര്‍ക്കണം.

ചോദ്യം : അഥവാ വീണാല്‍ വീണ്ടും എഴുന്നേല്ക്കാന്‍ അമ്മ സഹായിക്കുമോ?

അമ്മ: അമ്മ എപ്പോഴും കൂടെയുണ്ടു് എന്നു വിചാരിക്കൂ. മക്കള്‍ എന്തിനു പേടിക്കണം. എന്നാല്‍ മക്കളില്‍ അതുപോലുള്ള വിശ്വാസവും പ്രയത്‌നവും അത്യാവശ്യമാണു്. നിഷ്‌കളങ്കതയോടെയും വിശ്വാസത്തോടെയും അമ്മയെ വിളിച്ചാല്‍ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കും. മക്കള്‍ വീണാലും പിടഞ്ഞെഴുന്നേല്ക്കണം. വീഴ്ച്ചയെയും ഉയര്‍ച്ചയായി മാറ്റണം.

ചോദ്യം : സാക്ഷാത്കാരം ലഭിച്ച മഹാത്മാക്കള്‍ക്കു് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകുമോ?

അമ്മ: ഇല്ല. അവര്‍ എല്ലാത്തിനും സാക്ഷിയാണു്. മനസ്സു് അവരുടെ കൈയിലാണു്. അവര്‍ ഇച്ഛിക്കുന്നതുപോലെ മാത്രമേ മനസ്സു് ചലിക്കുകയുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങളാകട്ടെ അവരുടെ മനസ്സിന്റെ പിടിയിലാണു്. മനസ്സു് പറയുന്നതുപോലെയാണു് അവര്‍ നീങ്ങുന്നതു്. മഹാത്മാക്കളുടെ മനസ്സു് ബെന്‍സ് കാറിന്റെ ബ്രേക്കു പോലെയാണു്. നല്ല സ്പീഡില്‍ ഓടിയാലും ബ്രേക്കു പിടിച്ചാല്‍ അപ്പോള്‍ കാര്‍ നില്ക്കും. മറിയില്ല. അതുപോലെ ഏതു സാഹചര്യത്തിലും മനസ്സിനെ പൂര്‍ണ്ണനിയന്ത്രണത്തില്‍ വയ്ക്കാന്‍ മഹാത്മാക്കള്‍ക്കു കഴിയും. ഏതു വസ്തുവിനെയും വേണ്ടെന്നു വയ്ക്കാനും വേണമെന്നു വയ്ക്കാനും അവര്‍ക്കു സാധിക്കും, കാരണം അവര്‍ എല്ലാത്തിനും സാക്ഷി മാത്രമാണു്. യഥാര്‍ത്ഥ മഹാത്മാക്കളെക്കുറിച്ചാണു് അമ്മ ഇങ്ങനെ പറയുന്നതു്. രാഗദ്വേഷങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു ബന്ധമില്ലെന്നു പറഞ്ഞു നടക്കുന്നവരെക്കുറിച്ചല്ല.