ചോദ്യം : അമ്മ കൂടെയുള്ളപ്പോള്‍ എല്ലാ തീര്‍ത്ഥവും ഇവിടെയില്ലേ. എന്നിട്ടും ചിലര്‍ ഋഷികേശിലും ബദരിനാഥിലും മറ്റും പോയല്ലോ.

(അമ്മയുടെ ഹിമാലയയാത്രാ പരിപാടി ഉപേക്ഷിച്ചപ്പോള്‍ നിരാശരായ ചില വിദേശഭക്തന്മാര്‍ ഋഷികേശിലും ഹരിദ്വാരിലും മറ്റും തനിച്ചു പോയിരുന്നു.)
അമ്മ: അവര്‍ക്കു് അത്ര അര്‍പ്പണമേയുള്ളു. ഒരു മഹാത്മാവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒരു കുട്ടിയുടെപോലെ നിഷ്‌കളങ്കമായ വിശ്വാസവും സമര്‍പ്പണവും വേണം. ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നിട്ടും മറ്റു പുണ്യസ്ഥാനങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും തേടി ഒരാള്‍ പോകുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ വിശ്വാസത്തിനു ഉറപ്പു വന്നിട്ടില്ല എന്നാണു്. ഒരാള്‍ക്കു വേണ്ടതെല്ലാം സദ്ഗുരുവില്‍ നിന്നുതന്നെ ലഭിക്കും. മറ്റെവിടെയും ഒന്നിനും അന്വേഷിച്ചലയേണ്ട ആവശ്യമില്ല.

ഗണപതിയുടെ കഥ കേട്ടിട്ടില്ലേ? ഒരിക്കല്‍ ഗണപതിയും മുരുകനും പാര്‍വ്വതീദേവിയുടെ കൈയില്‍ ഒരു നല്ല പഴമിരിക്കുന്നതു കണ്ടു. രണ്ടുപേരും അതിനുവേണ്ടി അമ്മയോടു ചോദിച്ചു. ആദ്യം ലോകം ചുറ്റിവരുന്നയാള്‍ക്കു് അതു തരാമെന്നു ദേവി പറഞ്ഞു. മുരുകന്‍ ഉടന്‍ മയിലിന്റെ പുറത്തു കയറി ലോകം ചുറ്റി വരാന്‍ പുറപ്പെട്ടു. എന്നാല്‍ മാതാപിതാക്കളില്‍ ലോകം മുഴുവന്‍ അടങ്ങുന്നുവെന്നു ബോദ്ധ്യമുള്ള ഗണപതി എങ്ങും പോയില്ല. അച്ഛനമ്മമാരെ വലംവച്ചു് അമ്മയോടു പഴം ആവശ്യപ്പെട്ടു. ദേവി സന്തോഷത്തോടെ അതു ഗണപതിക്കു നല്കുകയും ചെയ്തു. ജഗത്പിതാക്കളായ ശിവപാര്‍വ്വതിമാരില്‍ പ്രപഞ്ചം മുഴുവന്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമുള്ളവനു് അമൃതത്വത്തിന്റെതായ ആ ഫലം കിട്ടി. അതുപോലെ സദ്ഗുരുവിനെ ആശ്രയിച്ചാല്‍ വേണ്ടതെല്ലാം അവിടന്നുതന്നെ ലഭിക്കും. ശ്രീഗുരുപാദത്തില്‍ എല്ലാ ദേവതകളും സമസ്തലോകങ്ങളും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ ഗുരുവില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ പിന്നീടതിനു് ഇളക്കം തട്ടുവാന്‍ ഒരിക്കലും അനുവദിക്കരുതു്. സ്ഥിരവും അചഞ്ചലവുമായ വിശ്വാസം വേണം.

അമ്മയുടെ കൂടെ കഴിയുമ്പോള്‍ മക്കള്‍ക്കു ജീവിതം ചിലപ്പോള്‍ പ്രയാസകരമായി തോന്നാം. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. എന്നാല്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ മൂകാംബികയില്‍ പോകാം, ഹരിദ്വാരില്‍ പോകാം, ഹിമാലയത്തില്‍ പോയി സാധന ചെയ്യാം എന്നൊന്നും ചിന്തിക്കരുതു്. മഹാത്മാക്കള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതു് എന്നു മക്കള്‍ക്കു് അറിഞ്ഞു കൂടാ. അമ്മ മക്കളുടെ ഉള്ളില്‍ ഒരു ഓപ്പറേഷന്‍ നടത്തുകയാണു്. സൂക്ഷ്മമായി മക്കളുടെ ഉള്ളിലെ വാസനകളെ മാറ്റുകയാണു്. മക്കള്‍ അതറിയുന്നില്ല. പലതും നീക്കം ചെയ്യേണ്ടിവരും. അപ്പോള്‍ മക്കള്‍ക്കു വേദനിക്കും. ഒരു മേശപ്പുറത്തിരിക്കുന്ന സാധനങ്ങള്‍ തനിയെ അനങ്ങുന്നതു കണ്ടാല്‍ നമ്മള്‍ അമ്പരക്കും. എന്നാല്‍ മേശയുടെ അടിയില്‍ കാന്തം വച്ചിട്ടുണ്ടു്. അതു ചലിപ്പിക്കുമ്പോള്‍ മേശപ്പുറത്തുള്ള ഇരുമ്പു സാധനങ്ങളും ചലിക്കുന്നു. അവ ചലിക്കാനുള്ള കാരണം പുറമേനിന്നു നോക്കുന്നയാള്‍ അറിയുന്നില്ല. ഇതുപോലെ അമ്മ മക്കളുടെ അകത്തിരുന്നു് ഉള്ളിലെ പഴുപ്പു നീക്കം ചെയ്യുകയാണു്. വേദനയും പ്രയാസവും തോന്നുന്നതു കാരണം മക്കള്‍ ഓടിപ്പോകാന്‍ ചിന്തിക്കുന്നു. അങ്ങനെ അമ്മയെ ഉപേക്ഷിച്ചുപോയാല്‍ നഷ്ടം മക്കള്‍ക്കുതന്നെയാണു്. മക്കളുടെ നൂറു ജന്മങ്ങളിലെ പ്രാരബ്ധമാണു് അമ്മ ഒരു ജന്മംകൊണ്ടു തീര്‍ക്കുന്നതു്. ഇവിടെനിന്നുപോയാല്‍ ആയിരം ജന്മമെടുത്താലും സാക്ഷാത്കാരം ലഭിച്ചു എന്നു വരികയില്ല. മക്കളതു മനസ്സിലാക്കണം. ഗുരുസന്നിധിയില്‍ കഴിയുമ്പോള്‍ വാസനാക്ഷയം വളരെ വേഗം സാധിക്കും. വാസനാക്ഷയം വന്നാല്‍ സാക്ഷാത്കാരമായി.

മക്കളിപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെയാണു്. അമ്മയോടൊപ്പം മക്കള്‍ കളിച്ചുരസിക്കുന്നു. എന്നാല്‍ അമ്മ എന്താണു ചെയ്യുന്നതെന്നോ, അമ്മ ആരാണെന്നോ മക്കള്‍ അറിയുന്നില്ല. പലര്‍ക്കും പുറംലോകത്തെ കൗതുകങ്ങള്‍ മാത്രം മതി. പുറത്തുള്ള അമ്മയെ മാത്രം നോക്കുന്നു. ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയാന്‍ തീവ്രതയില്ല. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ നിപ്പിള്‍ കുഞ്ഞുങ്ങളുടെ വായില്‍വച്ചു കൊടുക്കും. കുഞ്ഞു നിപ്പിള്‍ നുണയും. വിശക്കുന്ന കുഞ്ഞിനു യഥാര്‍ത്ഥത്തില്‍ പാലാണു് ആവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ പാലില്ലാത്ത നിപ്പിള്‍ നുണഞ്ഞു തൃപ്തിപ്പെടുന്നു. പുറം ലോകം ഈ നിപ്പിള്‍ പോലെയാണു്. കളിയും ചിരിയും കൊണ്ടു മക്കള്‍ ഇതുപോലെ തൃപ്തിപ്പെടുകയാണു്. വിഷയവസ്തുക്കളുമായി രസിച്ചിരിക്കുകയാണു്. മക്കള്‍ കളിക്കുന്നിടത്തുവന്നു് അമ്മ ആഹാരം വായില്‍വച്ചു തരുന്നു. കളിയിലെ ശ്രദ്ധകാരണം മക്കള്‍ അമ്മ തരുന്ന ആഹാരത്തിന്റെ വില അറിയുന്നില്ല. തീര്‍ത്ഥങ്ങളിലും ക്ഷേത്രങ്ങളിലുമായി കറങ്ങി നടന്നാല്‍ മക്കള്‍ എങ്ങുമെത്തില്ല.
മക്കള്‍ക്കു നിഷ്‌കളങ്കത ഉണ്ടാകണം. നിഷ്‌കളങ്കഹൃദയവും സമര്‍പ്പണവുമാണു നമ്മെ രക്ഷിക്കുന്നതു്. ഒരു കൊച്ചുകുഞ്ഞിന്റെ വിശ്വാസവും ഉറപ്പും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യമാണു്.