ചോദ്യം : അമ്മേ, തീര്‍ത്ഥങ്ങള്‍ക്കു് എന്താണു് ഇത്ര പാവനതയും പരിശുദ്ധിയും വരാന്‍ കാരണം?
അമ്മ: മോനേ, എല്ലാ നദികളും പര്‍വ്വതങ്ങളില്‍നിന്നാണു വരുന്നതു്. അവയില്‍ക്കൂടി ഒഴുകുന്ന ജലത്തിനും വ്യത്യാസമില്ല. എന്നാല്‍ ഗംഗയും നര്‍മ്മദയും പോലുള്ള നദികളില്‍ ധാരാളം മഹാത്മാക്കള്‍ കുളിക്കുന്നു. അവയുടെ തീരത്തു നിരവധി തപസ്വികള്‍ ധ്യാനം ചെയ്യുന്നു. അതുതന്നെയാണു് ആ തീര്‍ത്ഥങ്ങളുടെ പരിശുദ്ധിക്കു കാരണം. മഹാത്മാക്കള്‍ കുളിക്കുമ്പോള്‍ ഏതു നദിയും തീര്‍ത്ഥമായിത്തീരുന്നു. അവരുടെ ശുദ്ധമായ പ്രാണന്‍ വെള്ളത്തില്‍ സംക്രമിക്കുന്നു. അവരോടൊത്തു കുളിക്കുക എന്നാല്‍ ബ്രഹ്മാനുഭൂതിയുടെ ഒരംശം നുകരുന്നതുപേലെയാണു്.
എന്നാല്‍ വിശ്വാസമാണു് എല്ലാത്തിനും അടിസ്ഥാനം. പ്രേമവും വിശ്വാസവും ഉണ്ടെങ്കില്‍ ഏതു ജലവും പുണ്യതീര്‍ത്ഥമാണു്. പാക്കനാരുടെ കഥ അറിയില്ലേ? ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ കാശിയില്‍ പോകാന്‍ ഒരുങ്ങി, ഗംഗാസ്‌നാനം ചെയ്തു കാശിവിശ്വനാഥനെയും ദര്‍ശിച്ചു മടങ്ങാന്‍. കൂട്ടിനു പാക്കനാരെയും വിളിച്ചു. എന്നാല്‍ പാക്കനാര്‍ക്കു പോകാന്‍ പറ്റിയില്ല. ”എന്തായാലും അങ്ങു് അവിടെവരെ പോവുകയല്ലേ. എന്റെ വടി ഗംഗാതീര്‍ത്ഥത്തില്‍ ഒന്നു മുക്കിയെടുത്തു കൊണ്ടുവന്നാല്‍ ഉപകാരമായിരുന്നു.” പാക്കനാര്‍ പറഞ്ഞു. ബ്രാഹ്മണന്‍ അതു സമ്മതിച്ചു വടിയും വാങ്ങി പുറപ്പെട്ടു. കാശിയിലെത്തി ഗംഗയില്‍ കുളിക്കവേ പാക്കനാരുടെ വടി ഒഴുക്കില്‍ ഒലിച്ചുപോയി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗംഗയില്‍ വടി നഷ്ടപ്പെട്ട കാര്യം ബ്രാഹ്മണന്‍ പാക്കനാരോടു പറഞ്ഞു. പാക്കനാര്‍ പറഞ്ഞു, ”വിഷമിക്കേണ്ട. നഷ്ടപ്പെട്ട വടി ഞാനെടുത്തുകൊള്ളാം.” പാക്കനാര്‍ നേരെ തന്റെ പറമ്പിലെ കുളത്തില്‍ മുങ്ങി. അതേ വടി എടുത്തുകൊണ്ടുവന്നു. എന്നിട്ടു് അദ്ദേഹത്തോടു പറഞ്ഞു ”വിശ്വാസമുണ്ടെങ്കില്‍ ഏതു ജലവും ഗംഗാതീര്‍ത്ഥം തന്നെ. അതില്ലെങ്കില്‍ ഗംഗയും യമുനയും എല്ലാം വെറും വെള്ളം മാത്രം.”