ഭാവാത്മക വിദ്യാഭ്യാസം ആത്മീയമൂല്യവും ദേശീയ വിദ്യാഭ്യാസനയവും
സ്വാമി തുരീയാമൃതാനന്ദപുരി

ദിവ്യപ്രേമത്തിന്റെ അവതാരവും ആത്മീയ ജ്ഞാനത്തിന്റെ നിറവുമായ അമ്മയെ സ്മരിച്ചുകൊണ്ടും അഥര്‍വ്വവേദത്തിലെ ഒരു മന്ത്രം ഉദ്ധരിച്ചുകൊണ്ടും തുടക്കം കുറിക്കാം

‘ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദ
സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ
തതോ രാഷ്ട്രം ബലമോജശ്ച ജാതം
തസ്‌മൈ ദേവാ ഉപസം നമന്തു !’

‘ജനങ്ങളുടെ ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല്‍ ഋഷികള്‍ തപസ്സ് അനുഷ്ഠിച്ചു. (ആത്മജ്ഞാനമുള്ളവരായിട്ടുകൂടി അവര്‍ അങ്ങനെ ചെയ്തുവെന്നര്‍ത്ഥം.) അവരിലൂടെ രാഷ്ട്രത്തിനു ശക്തിയും ഓജസ്സും ലഭിച്ചു. അവ നമ്മളിലും വന്നണയാന്‍ ദേവന്മാരും ഋഷികളും നമ്മെ അനുഗ്രഹിക്കട്ടെ!’

ഇതാണ് വിദ്യാഭ്യാസത്തോടൊപ്പം സ്വായത്തമാകേണ്ടുന്ന ഭാവാത്മകമായ സമീപനം. അദ്ധ്യാത്മികത ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യമായെങ്കില്‍ മാത്രമേ ഇത്തരം ഭാവാത്മകമായ കാഴ്ചപ്പാട് ഉണ്ടാകുകയുള്ളു. മറിച്ച്, ആത്മീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുമ്പോള്‍ സൃഷ്ടി വൈവിദ്ധ്യത്തെ വൈരുദ്ധ്യമായി മാത്രമേ കാണാന്‍ കഴിയൂ. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന നാടിന്റെ സംസ്‌കാരം അന്യം നിന്നു പോയാല്‍ പിന്നെ സംഘര്‍ത്തിനാണ് ഏറെയും സാദ്ധ്യത. ആ സംഘര്‍ഷ വഹ്‌നിയില്‍ വെന്തു നീറാന്‍ വിധിക്കപ്പെട്ട യുവതലമുറ ‘സ്വത്വബോധം’ വിസ്മരിച്ച് ശൂന്യതയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ദയനീയമായ കാഴ്ചയാണ് എവിടെയും!

വിദ്യാലയങ്ങളിലെ ഇന്നത്തെ മത്സരബുദ്ധിയും വിദ്വേഷ മനോഭാവവും മാറി പരസ്പര സഹകരണവും സ്‌നേഹവായ്പും പുലരണമെങ്കില്‍ വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംസ്‌കാരത്തിന്റെ നനവും പ്രസാദവും കൂടി ഹൃദയത്തിനുണ്ടായിരിക്കണമെന്നര്‍ത്ഥം. അതുപോലെ അകൃത്രിമമായ ദേശക്കൂറും കൂട്ടായ്മയും സേവന മനഃസ്ഥിതിയും കൈവരണമെങ്കില്‍ ആത്മീയതയില്‍ ഊന്നിയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ.

ഒരേ ബുദ്ധി തന്നെ വിധ്വംസകമായും വിധായകത്വമായും ഭവിക്കാം. ആത്മശക്തി സ്വാംശീകരിച്ചാല്‍ ബുദ്ധി വിധായക സ്വഭാവം പുലര്‍ത്തും. മറിച്ച്, കായശക്തിയില്‍ അഭിരമിച്ചാല്‍ അത് വിധ്വംസകമായും കലാശിക്കും. മറ്റൊരു പ്രകാരത്തില്‍ പറഞ്ഞാല്‍ ആത്മശക്തിയാല്‍ പ്രചോദിതമെങ്കില്‍ ബുദ്ധി സര്‍ഗ്ഗാത്മകമായിത്തീരും. ശരീരബലത്തില്‍ അഭിമാനിക്കുന്ന ബുദ്ധി വിനാശകരമായും ഭവിക്കും. അതുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ അദ്ധ്യാത്മിക മൂല്യത്തിനുകൂടി പരിഗണന വേണമെന്ന് പറയുന്നത്.

നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കു വേണ്ടി മാത്രമാണെങ്കില്‍ അന്യര്‍ക്കതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്നാല്‍, നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ എല്ലാവരും നിങ്ങളെ ഗൗനിക്കും. എല്ലാവര്‍ക്കും നിങ്ങള്‍ വിലപ്പെട്ടവനും ആദരണീയനുമായിത്തീരും. നിങ്ങള്‍ അന്യനെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം മൂല്യമുള്ളവനായിത്തീരുന്നു. നിങ്ങള്‍ അന്യനെ അവഗണിക്കുമ്പോള്‍ നിങ്ങള്‍ സ്വയം വിലകെട്ടവനുമായിത്തീരുന്നു. നിങ്ങള്‍ക്ക് അന്യനോട് കടപ്പാടില്ലെങ്കില്‍ അന്യന് നിങ്ങളോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അത്തരമൊരു സമൂഹം നാടിന് ആപത്താണ്. അത്തരം പ്രവണതകള്‍ സാര്‍വത്രികമാകാതിരിക്കാന്‍ നാം വളരെ മുന്‍കരുതലുള്ളവരാകണം.

‘അന്യനെ തന്നില്‍ നിന്നന്യമായ് കാണുകില്‍
അന്യനാകും താനുമോര്‍ക്കൂ !’ എന്ന് അമ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. എല്ലാ മഹാത്മാക്കളും എല്ലാക്കാലത്തും ആത്മാവിന്റെ ഏകതയെക്കുറിച്ചും, ലോക സാഹോദര്യത്തെക്കുറിച്ചുമൊക്കെ മഹത്തായ ഉപദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ, മഹാത്മക്കളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്ന ശീലം നമുക്ക് അന്യം നിന്നുപോയിരിക്കുന്നു. എങ്കിലും അമ്മയുടെ വാക്കുകളില്‍ നമുക്ക് വിശ്വാസം അര്‍പ്പിക്കാം;

‘സദ്ഗുരുക്കന്മാരുരയ്ക്കും – വാക്കു
നിത്യമാരാധ്യമെന്നോര്‍ക്കൂ
വ്യര്‍ത്ഥമായ് പോകില്ല, സത്യദ്രഷ്ടാക്കള്‍ തന്‍
സത്യവാക്കെന്നും നവീനം! ‘

ഉന്നത വിദ്യാഭ്യാസം നേടാന്‍ ഇന്നു വലിയ ഉത്സാഹമാണ്. എന്നാല്‍ അതിന്റെ പിന്നിലെ താല്പര്യമെന്താണ്? എങ്ങനെയും മികച്ച ജോലി തരപ്പെടുത്തണം. ജോലിയെന്തിനാണ്? പണമുണ്ടാക്കാന്‍! ഇതാണ് ഇന്നു വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഉദ്യോഗനേട്ടത്തിനായി മാത്രം വിദ്യാഭ്യാസം ചെയ്യുന്ന ആള്‍ക്കാര്‍ ഇന്നു നമ്മുടെ രാജ്യത്തു മാത്രമേ കാണുകയുള്ളു. മറ്റു പല രാജ്യങ്ങളിലും ഉദ്യോഗം നേടലോ പണം ഉണ്ടാക്കലോ മാത്രമല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കലാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ രാഷ്ട്രത്തിന്റെ ശക്തിയാണ്, രാഷ്ട്രത്തിന്റെ മൂല്യമാണ്, രാഷ്ട്രത്തിന്റെ ഓജസ്സാണ്. അവരെല്ലാം നിസ്വാര്‍ത്ഥരാണെന്നല്ല വിവക്ഷ. അവര്‍ക്കും സ്വാര്‍ത്ഥലക്ഷ്യങ്ങളുണ്ട്. അവരുടെ സ്വാര്‍ത്ഥ ലക്ഷ്യം സാമ്രാജ്യത്വമോഹത്തില്‍ അധിഷ്ഠിതമാണെങ്കില്‍ പോലും, വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം വ്യക്തി താല്പര്യമല്ലെന്നര്‍ത്ഥം.

എന്നാല്‍, നമ്മളാരും സാമ്രാജ്യത്വ മോഹികളല്ല. എന്തുകൊണ്ട്? നമ്മള്‍ ആത്മധനന്മാരായതുകൊണ്ട്! ആത്മധനത്തിനും മീതെ മറ്റൊന്നില്ലെന്ന് പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചതുകൊണ്ട്! അവ്വിധം ആത്മാവില്‍ നാം വിശ്വസിക്കുന്നവരായതുകൊണ്ട്! എന്നാല്‍ ആ വിശ്വാസത്തിനും ദര്‍ശനത്തിനും ഇളക്കം തട്ടുന്ന തരത്തിലുള്ള വിദ്യാഭ്യാസ നയം നമ്മെ സ്വാര്‍ത്ഥികളാക്കി മാറ്റുന്നു!

അതുകൊണ്ടുതന്നെ കുറ്റമറ്റൊരു വിദ്യഭ്യാസനയം ദേശീയ തലത്തില്‍ നമുക്കിന്ന് അനിവാര്യമാണ്. അത് എങ്ങനെയുള്ളതായിരിക്കണം? കുറഞ്ഞ പക്ഷം അത് ഉപഭോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാകരുത്. അത് ത്യാഗ സംസ്‌കാരത്തെ ഉണര്‍ത്തുന്നതാകണം.
‘തീജ്വാലപോലുള്ളിലാളും ഭോഗ
കാംക്ഷയ്ക്കധീനരായ് തീര്‍ന്നാല്‍
നന്മയെ നഞ്ചെന്നപോലെ വെറുത്തിടും
തിന്മയെ നെഞ്ചോടണയ്ക്കും !’ എന്ന് അമ്മ പറയുന്നു. അതെ ! തിന്മയെ നെഞ്ചോണയ്ക്കുന്നതിന്റെ തിക്തഫലങ്ങള്‍ രാഷ്ട്രമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും മോചനം നേടണമെങ്കില്‍ ത്യാഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമാതിരിക്കണം നമ്മുടെ ദേശീയ വിദ്യഭ്യാസനയം. സേവനതല്പരത വളര്‍ത്തുന്ന തരത്തിലായിരിക്കണമത്. അതു നാടിന്റെ സംസ്‌കൃതിക്ക് ഇണങ്ങും മട്ടിലായിരിക്കണം രാഷ്ട്രത്തിന്റെ ‘സ്വത്വം’ പ്രതിഫലിക്കുന്നതായിരിക്കണം. അത് സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഊന്നല്‍ നല്‍കുന്നതാകണം. ഏകത്വത്തില്‍ നിന്നും നാനാത്വത്തിലേയ്ക്കുള്ള ഭാരതത്തിന്റെ ഉത്ഗ്രഥനാത്മകമായ കാഴ്ചപ്പാടും നാനാത്വത്തില്‍ നിന്നും ഏകത്വത്തിലേയ്ക്കുള്ള അപഗ്രഥനാത്മകമായ ദാര്‍ശനിക വീക്ഷണവും സവിശേഷമായി അതില്‍ സമഞ്ജസിക്കണം. സൃഷ്ടിവൈവിദ്ധ്യത്തെ വൈരുദ്ധ്യമായി അവതരിപ്പിച്ച് സാമൂഹിക സംഘര്‍ഷത്തിനു വഴി വെയ്ക്കാതെ, അതിനെ സമന്വയാത്മകമായി ദര്‍ശിക്കാന്‍ കഴിയുന്ന വിധമായിരിക്കണം അതിന്റെ ഉള്ളടക്കം. മാനവികതയും ദൈവികതയും ആ ചട്ടക്കൂടിനു ഊടും പാവുമായിരിക്കണം. ധാര്‍മ്മികത അതിനു പശയായിരിക്കണം.

ചുരുക്കത്തില്‍, പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യത്തിന് അനുഗുണമായി, നിസ്വാര്‍ത്ഥരായ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതും അടിസ്ഥാനപരമായി അവനാരെന്ന് അറിയാന്‍ ഉതകുന്നതുമായിരിക്കണം നമ്മുടെ ദേശീയ വിദ്യാഭ്യാസനയമെന്നര്‍ത്ഥം. ആത്മനിഷ്ഠമായ ഒരു കാഴ്ചപ്പാട് അതിനുണ്ടായിരിക്കണം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയുടെ സംഘാതമല്ല, മനുഷ്യന്‍ അതിനെല്ലാം അപ്പുറമുള്ള ആത്മചൈതന്യമാണെന്ന ബോധം കൂടി ഉണര്‍ത്തുന്നതിന് ഉതകുന്നതാകണം വിദ്യാഭ്യാസം. എന്നുവെച്ചാല്‍ മനുഷ്യനെ അവന്റെ സമഗ്രതയില്‍ അറിയാന്‍ ഉപകരിക്കണമെന്നര്‍ത്ഥം.

‘അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവഃ’
‘അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ജീവികള്‍ മോഹത്തെ പ്രാപിക്കുന്നു’ എന്നു ഭഗവദ്ഗീത പറയുന്നു. അതിനാല്‍ മോഹത്തെ അകറ്റുന്ന – അഥവാ മൗ™്യത്തെ ദൂരീകരിക്കുന്ന കലര്‍പ്പറ്റ ജ്ഞാനം സ്വായത്തമാക്കാന്‍ കഴിയുന്നതാവണം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ‘സ്വത്വം’ തിരിച്ചറിയാന്‍ കഴിയുന്ന ആദ്ധ്യാത്മിക സാംസ്‌കാരിക വിദ്യാഭ്യാസം.

പരിശുദ്ധ പ്രേമത്തിന്റെയും ത്യാഗത്തിന്റെയും നടമാടും ദൈവമായ അമ്മയുടെ ശ്രീചരണങ്ങളില്‍ ആദരപൂര്‍വ്വം നമിച്ചുകൊണ്ട് തല്ക്കാലം വിരമിക്കട്ടെ !