പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. ആദ്ധ്യാത്മികജീവികള്‍ക്കു ജന്മനാളും പക്കനാളുമൊന്നുമില്ല. അവരതൊക്കെ വിടേണ്ടവരാണു്. മക്കളുടെ സന്തോഷത്തിനായി അമ്മ ഇതിനൊക്കെ ഇരുന്നുതരുന്നു. പക്ഷേ, അമ്മയ്ക്കു സന്തോഷം ഉണ്ടാകുന്നതു നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ടുകൊണ്ടു്, നമ്മുടെ സംസ്‌കാരത്തെ പുനഃപ്രതിഷ്ഠ ചെയ്യും എന്നു മക്കള്‍ ഈ ദിവസം പ്രതിജ്ഞ എടുക്കുന്നതിലാണു്. അതനുസരിച്ചു ജീവിക്കുന്നതിലാണു്. ഈയൊരു നിശ്ചയദാർഢ്യമാണു നമുക്കുണ്ടാകേണ്ടതു്.
പലരും ഉയര്‍ത്താറുള്ള ഒരു ചോദ്യമുണ്ടു്, ”നാം എങ്ങോട്ടേക്കാണു പോകുന്നതു്?” ശരിയാണു്, ഋഷികളുടെ നാടായ ഭാരതം എങ്ങോട്ടേക്കാണു പൊയ്‌ക്കൊണ്ടിരിക്കുന്നതു്? നമ്മള്‍ ഓരോരുത്തരും നമ്മുടെ ഉള്ളിലേക്കു നോക്കി ചോദിക്കേണ്ട ഒരു ചോദ്യമാണിതു്. സമയം വൈകിയിരിക്കുന്നു. ഇനിയും അമാന്തിക്കുവാന്‍ പാടില്ല. വൈകിയാല്‍, അപകടമാണു്. ഇതു മക്കളെ ഭയപ്പെടുത്തുവാന്‍ വേണ്ടി അമ്മ പറയുന്നതല്ല. സത്യം തുറന്നുപറയുന്നു എന്നു മാത്രം. ഇനിയും ആശയ്ക്കു വകയുണ്ടു്. അപകടം മുന്നില്‍കണ്ടു്, ശ്രദ്ധിച്ചു നീങ്ങിയാല്‍ തീര്‍ത്തും അതിനെ മാറ്റിയെടുക്കുവാനും കഴിയും.
ഇതു അസത്യത്തിൻ്റെയും അധര്‍മ്മത്തിൻ്റെയും യുഗമാണു്. വിവേകബുദ്ധി നശിച്ച ഒരു സമൂഹമാണു ഇന്നു ചുറ്റും വളര്‍ന്നു കൊണ്ടിരിക്കുന്നതു്. വാസ്തവമായാലും അല്ലെങ്കിലും സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികളായിരിക്കേണ്ട പലരുടെയും പേരു് ഇന്നു കളങ്കപ്പെട്ടിരിക്കുന്നു. ധര്‍മ്മത്തിൻ്റെ നാശം സര്‍വ്വത്ര പ്രകടമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും അമ്മയ്ക്കു തോന്നാറുണ്ടു്, നമുക്കു ഒരു വിപ്ലവംതന്നെ സൃഷ്ടിക്കേണ്ടതുണ്ടു്. ഇവിടെ ഒരു പ്രളയം വരണം. അതിനു് 2000-ാംമാണ്ടു വരുന്നതും കാത്തിരിക്കുകയല്ല വേണ്ടതു്.
ആ പ്രളയം, ഇപ്പോള്‍ ഇവിടെവച്ചു് ഉണ്ടാകണം. ഒരു നിമിഷം കൂടി അമാന്തിക്കുവാന്‍ പാടില്ല. പക്ഷേ, അമ്മ പറയുന്ന ആ പ്രളയം മനസ്സിൻ്റെ പ്രളയമാണു്. നമുക്കെല്ലാം മനസ്സുണ്ടു്, പക്ഷേ, മനഃസാക്ഷിയില്ല. അതിനാല്‍ ഈ മനസ്സിൻ്റെ ശുചീകരണമാണു് ഇന്നാവശ്യം. ഋഷിമാര്‍ നമുക്കു കനിഞ്ഞു നല്കിയ വരപ്രസാദമാണു് ആത്മീയത. അതു ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ നമ്മുടെ ജീവിതംതന്നെ ഇരുളടഞ്ഞതാകും. ഈ സംസ്‌കാരം നാം വേണ്ടവിധം ഉള്‍ക്കൊണ്ടില്ലെങ്കില്‍, നമ്മുടെ ജീവിതം നശിച്ചതിനു തുല്യമാണു്.
മറിച്ചു്, ആത്മീയത അറിഞ്ഞു് അതനുസരിച്ചു ജീവിച്ചാല്‍ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും സുന്ദരവും ആനന്ദപൂര്‍ണ്ണവുമായിത്തീരും. അതിനാല്‍ ഈ ആത്മീയതയെ ജീവിതത്തില്‍ ഉദ്ധരിച്ചെടുക്കേണ്ടതു് എന്തുകൊണ്ടും ആവശ്യമാണു്. ധര്‍മ്മമാകുന്ന നമ്മുടെ മാതാവിനു് ഇന്നു ഹൃദ്രോഗം ബാധിച്ചിരിക്കുന്നു. എത്രയും പെട്ടെന്നു് ഓപ്പറേഷന്‍ ചെയ്തു രോഗം മാറ്റേണ്ടതുണ്ടു്. അതാണു നമ്മുടെ കടമ. അതിനുള്ള പ്രതിജ്ഞ ഇന്നുതന്നെ മക്കള്‍ എടുക്കണം.