ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

നന്മയും തിന്മയും നിറഞ്ഞ ഒരു സമൂഹത്തിലാണു നാമിന്നു കഴിയുന്നതു്. ഇന്നുമാത്രമല്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്നുള്ളതാണു വാസ്തവം. ലോകം ഉണ്ടായ കാലം മുതല്‍ ആരംഭിച്ച ഈ ദ്വന്ദ്വഭാവത്തിലാണു അതിൻ്റെ നിലനില്പു തന്നെ. ഇരുളും വെളിച്ചവും പോലെ; സുഖവും ദുഃഖവുംപോലെ; കുന്നും കുഴിയുംപോലെ. വിശ്വപ്രകൃതിയും ആ ദ്വന്ദ്വഭാവത്തിലലിഞ്ഞുനില്ക്കുന്നു.

ഇരുളുണ്ടെങ്കിലേ വെളിച്ചത്തിൻ്റെ വിലയറിയൂ. അതുപോലെ, തിന്മയുണ്ടെങ്കിലേ നന്മ തിരിച്ചറിയുവാനാവൂ. ഏതെങ്കിലും ഒന്നുമാത്രമായാല്‍ ജീവിതംതന്നെ അര്‍ത്ഥരഹിതമായിപ്പോകും. അതൊരു വിശ്വപ്രതിഭാസമാണു്; വിശ്വനായകനായ സര്‍വ്വേശ്വരൻ്റെ ലീല! ആ ലീലയില്‍ മുങ്ങിപ്പൊങ്ങി എങ്ങനെയെന്നറിയാതെ, എങ്ങോട്ടെന്നറിയാതെ സംസാരസാഗരത്തിലൂടെയുള്ള ഈ യാത്രയുടെ പൊരുള്‍ ആരറിഞ്ഞിരിക്കുന്നു!

അതറിഞ്ഞവരാണു് ഈശ്വരാത്മഭൂതന്മാരായിപ്പിറന്ന അവതാരപുരുഷന്മാര്‍. അവിടെ ലിംഗ വചന ഭേദങ്ങളില്ല; സ്ഥല കാലവ്യത്യാസങ്ങളില്ല. ഓരോ നിയാമകഘട്ടത്തില്‍ മനുഷ്യസമുദായത്തിൻ്റെ മാത്രമല്ല, സര്‍വ്വജീവരാശികളുടെയും നിലനില്പിനും സംരക്ഷണത്തിനും സമതുലിതമായ ഒരു ആഗോളവ്യവസ്ഥിതിക്കും അനുഗുണമാവുന്ന വിധത്തില്‍ പ്രപഞ്ചശക്തിയുടെ ഉദയം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

”പരിത്രാണായ സാധൂനാംവിനാശായ ച ദുഷ്‌കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായസംഭവാമി യുഗേ യുഗേ.”(ഗീത 48) എന്ന ഗീതാവചനം ഓര്‍മ്മിപ്പിക്കുന്നതു് ആ ശക്തിയുടെ, സത്യത്തിൻ്റെ ഉദയംതന്നെയാണു്. പക്ഷേ, അതു തിരിച്ചറിയുവാന്‍ പലപ്പോഴും വ്യാവഹാരികലോകത്തിനു കഴിയാറില്ല. അവിടെ അസത്യവും അധര്‍മ്മവും അശാന്തിയും മേല്‍ക്കോയ്മ നേടിയിട്ടുള്ളതാണു ചരിത്രം. എന്നാല്‍ ആ ചരിത്രഗതിയെ നിയന്ത്രിക്കുവാനും നേര്‍വഴിക്കു നയിക്കുവാനും യുഗ ധര്‍മ്മം ജാഗ്രത്തായിരിക്കുന്നു.

ആ ധര്‍മ്മോദ്ധാരണവാഞ്ഛയോടെ, പ്രപഞ്ചത്തില്‍ പ്രത്യാശാപൂര്‍ണ്ണമായൊരു ശുഭകാലത്തിൻ്റെ ഹൃത്‌സ്പപന്ദനങ്ങളുണര്‍ത്തുന്നവരെയാണു് ‘അവതാരപുരുഷന്മാര്‍’ എന്നു വിളിക്കുന്നതു്. അങ്ങനെയുള്ള മഹാമനീഷികളെ ‘ആള്‍ദൈവങ്ങള്‍’ എന്നു വിളിച്ചു് അപഹസിക്കുന്നവരുടെ അവിവേകത്തിനു മാപ്പുകൊടുക്കുക. ക്ഷമയാണു് ഏറ്റവും വലിയ ആയുധമെന്നും ശക്തിയെന്നും അനുഗ്രഹമെന്നും ലോകത്തെ അറിയിച്ച ബുദ്ധനും ക്രിസ്തുവുമൊക്കെ മാനവചരിത്രത്തിലിടം പിടിച്ചതു് അവരുടെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും ഫലമായിട്ടാണു്.

എന്നാല്‍, അവര്‍ക്കും എത്രയോ മുന്‍പു്, ക്ഷണഭംഗുരമായ ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചും പാരമാര്‍ത്ഥികമായ സത്യത്തിൻ്റെ സൗന്ദര്യത്തെക്കുറിച്ചും മനസ്സിലാക്കിയ ജ്ഞാന തപസ്വികള്‍ വസിച്ചിരുന്ന നാടാണു ഭാരതം. അവര്‍ പകര്‍ന്നുതന്ന പാരമ്പര്യത്തിൻ്റെയും പൈതൃകത്തിൻ്റെയും ഊര്‍ജ്ജസ്വലമായ കാന്തിയാണു വേദോപനിഷത്തുകളിലും ഇതിഹാസപുരാണങ്ങളിലും ഒളിമങ്ങാതെ ഇന്നും തുടിച്ചുനില്ക്കുന്നതു്.

കേവലം ബാഹ്യമായ ലോകത്തിനപ്പുറത്തു് അനന്തവും അചിന്ത്യവുമായ ഒരു അന്തര്‍ലോകമുണ്ടെന്നും നാം ആ ലോകത്തെക്കുറിച്ചുള്ള അറിവു നേടുമ്പോള്‍ മാത്രമേ ആത്മബോധം ഉണരുകയുള്ളൂ എന്നും ബോദ്ധ്യപ്പെടുത്തിയതു് ഇവിടെയുണ്ടായിരുന്ന ഋഷികളാണു്. അവരുടെ അന്വേഷണങ്ങളുടെയും ദര്‍ശനങ്ങളുടെയും സാരസംഗ്രഹമാണു ശ്രീമദ് ഭഗവദ്ഗീത. പരമാത്മസ്വരൂപനായ ശ്രീകൃഷ്ണഭഗവാൻ്റെ സന്ദേശമെന്ന നിലയില്‍, സമ്യക്കായൊരു ജീവിത തത്ത്വസംഹിതയുടെ ക്രിയാപാഠങ്ങള്‍ എന്ന നിലയില്‍, സമസ്തലോകത്തിനും ഉത്കര്‍ഷമരുളുന്ന സനാതന ധര്‍മ്മത്തിൻ്റെ നിധിപേടകം എന്ന നിലയില്‍ നമുക്കു കൈവന്ന സുകൃതമാണു് ആ മഹാഗ്രന്ഥം.

ആ മഹാഗ്രന്ഥത്തിലെ ഓരോ ശ്ലോകത്തിൻ്റെയും ഓരോ വരിയുടെയും ഓരോ വാക്കിൻ്റെയും അര്‍ത്ഥതലങ്ങളുടെ ധ്വനിസാന്ദ്രമായ മുഴക്കമാണു് ഇന്നു ലോക മാതാവായി സജ്ജനങ്ങള്‍ ആദരിക്കുന്ന മാതാ അമൃതാനന്ദമയീ ദേവിയുടെ നിരതിശയമായ വാക് കര്‍മ്മങ്ങളിലൂടെ ലോകം കേട്ടു കൊണ്ടിരിക്കുന്നതു്. ഭഗവദ്ഗീതയ്ക്കു് എത്രയോ വ്യാഖ്യാനങ്ങളും പഠനങ്ങളും വിശദീകരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. അതിലെ ഓരോ ‘യോഗ’വും അന്തരാത്മാവിനെ ശുദ്ധീകരിക്കുവാനും ശാക്തീകരിക്കുവാനുമുള്ള സാധനാമന്ത്രങ്ങളാണു്.

ആ മന്ത്രങ്ങളില്‍ നിഗൂഢമായി അലിഞ്ഞിരിക്കുന്ന പ്രായോഗികജീവിത
വേദാന്തമാണു് അമ്മയുടെ പ്രഭാഷണങ്ങളിലൂടെ ലളിതീകരിച്ചു സാധാരണജനങ്ങള്‍ക്കു സുഗ്രാഹ്യമാകുന്ന വിധത്തില്‍ സാര്‍വ്വ ജനീനമായ ഉത്കര്‍ഷത്തിനുവേണ്ടി, നന്മയ്ക്കുവേണ്ടി, ശാന്തിക്കുവേണ്ടി അവതരിച്ചുകൊണ്ടിരിക്കുന്നതു്. അമ്മയ്ക്കു നിരാശയില്ല, നിരുന്മേഷമില്ല, സന്ദേഹങ്ങളില്ല. ആരെന്തു പറഞ്ഞാലും ഒരു പരിഭവവുമില്ല! ആ സമചിത്തത, ആ സമ്യഗ്ദര്‍ശനം, ആ ശുഭകാമന അതാണു ശ്രീകൃഷ്ണഭഗവാനുണ്ടായിരുന്നതു്.

പിറന്നുവീണ നാള്‍ മുതല്‍ എന്തെല്ലാം പ്രതിസന്ധികളെ ഭഗവാനു നേരിടേണ്ടിവന്നു! പ്രതിലോമശക്തികളോടു് എതിരിടേണ്ടിവന്നു! അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്നു! ഒരു മനുഷ്യജന്മത്തില്‍ സങ്കല്പിക്കുവാനാവാത്ത അനുഭവങ്ങള്‍ പിന്നിടേണ്ടിവന്നു! എന്നിട്ടും ഒരിടത്തും ഒരിക്കലും തളര്‍ന്നു പോകാതെ ആ ഹൃദയം നിരുപാധികമായ കര്‍മ്മത്തിൻ്റെയും നിരുപമമായ പ്രേമത്തിൻ്റെയും ധര്‍മ്മനിലാവില്‍ കുളിച്ചുനിന്നു. ഉറ്റവരെന്നോ ഉടയവരെന്നോ ഉള്ള ഭേദചിന്തയില്ലാതെ എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നു നിന്നു. ‘മല്ലന്മാര്‍ക്കിടിവാള്‍’ എന്നൊക്കെ കവികള്‍ പാടിയിട്ടുണ്ടെങ്കിലും, ദുഷ്ടശക്തികള്‍ക്കെല്ലാം പേടിസ്വപ്‌നമായിരുന്നെങ്കിലും ആ വല്ലവീവല്ലഭന്‍ സര്‍വ്വ ചരാചരപ്രേമത്തിൻ്റെയും സര്‍വ്വോത്കര്‍ഷത്തിൻ്റെയും ഉത്കൃഷ്ട പ്രതീകമായിരുന്നു.

അമ്മയെ നോക്കൂ. അമ്മയും അതുപോലെതന്നെയല്ലേ? ആ അമ്മ ആരാണു്, എന്താണു ചെയ്യുന്നതെന്നു കാണുവാനല്ലേ കണ്ണുകള്‍ ദൈവം തന്നിരിക്കുന്നതു്? അതു് അറിയുവാനല്ലേ മനോഹൃദയങ്ങള്‍ നല്കിയിട്ടുള്ളതു്? അതൊന്നും അറിയാതെ കാലപ്രവാഹത്തില്‍ ഒഴുകിയൊലിച്ചുപോകാനുള്ളതല്ല ജന്മം എന്ന വകതിരിവു് ഇനി എന്നാണുണ്ടാവുക? ആ വകതിരിവാണു് ആത്മബോധത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പു്. ആ ബോധം ഉണ്ടാകുമ്പോഴേ അമ്മ നമ്മുടെ ഉള്ളിലാണെന്ന സത്യം വെളിപ്പെടുകയുള്ളൂ. ആ സത്യം തന്നെയാണു ദയ; അതുതന്നെയാണു ക്ഷമ; അതുതന്നെയാണു തിതിക്ഷ; അതുതന്നെയാണു് അപരിഗ്രഹവും അസ്തേയവും.

എല്ലാം ചേരുമ്പോഴാണു സംശുദ്ധമായ മാനവികതയുടെ ഉദയം. ആ ഉദയകാന്തി ലോകം അമ്മയില്‍ കാണുന്നു. അമ്മയെ ഭര്‍ത്സിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനും ദുരാരോപണങ്ങള്‍ കെട്ടിച്ചമച്ചു തളര്‍ത്തുവാനും ബോധപൂര്‍വ്വമായ ചില നീക്കങ്ങള്‍ അടുത്തയിടെയുണ്ടായല്ലോ? അതിനു കരു നീക്കിയവര്‍ക്കെതിരെ പ്രതികരിച്ചവരെപ്പോലും പിന്‍തിരിപ്പിക്കുകയാണു് അമ്മ ചെയ്തതു്. ‘അവര്‍ ചെയ്തതെന്തെന്നു് അവരറിയുന്നില്ല’ എന്നു ക്രിസ്തുദേവന്‍ പറഞ്ഞതു പോലെ, ‘എല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാവണേ’ എന്ന പ്രാര്‍ത്ഥനയായിരുന്നു അമ്മയുടെതു്.

ഭൂമിയോളം ക്ഷമ എന്നു കേട്ടിട്ടില്ലേ? ആ ക്ഷമയാണു് ഏറ്റവും വലിയ സദ്ഗുരു എന്നു മഹാകവി കുമാരനാശാന്‍ ‘ചിന്താവിഷ്ടയായ സീതയില്‍’ പാടിയിട്ടുള്ളതു് ഇവിടെ ഓര്‍മ്മിക്കട്ടെ. ആര്‍ഷദര്‍ശനത്തിലുണര്‍ന്നു്, വേദാന്ത ചിന്തകളുടെ രത്‌നഖനികള്‍ തുറന്നു തന്ന കവിയാണു് ആശാന്‍. ആ ക്ഷമ, ആ സഹിഷ്ണുത ജീവലോകത്തിനു മാതൃകയാവുന്നു, ഗുരു കാരുണ്യമാവുന്നു. ആ കാരുണ്യത്തിൻ്റെ കടല്ക്കരയില്‍ ശാന്തി തേടിയെത്തുന്ന പതിനായിരങ്ങള്‍ക്കു് അമ്മ അമൃതസാന്ത്വനമാവുന്നു; സ്നേഹത്തിൻ്റെ ഭിക്ഷാപാത്രമാകുന്നു; ആശ്രയസ്വപ്‌നമാകുന്നു; അഭയസത്രമാവുന്നു!

തേനുള്ള പൂക്കളില്‍ മാത്രമേ ചിത്രശലഭങ്ങള്‍ പറന്നെത്താറുള്ളൂ. വിളക്കിൻ്റെ ഒളിയുള്ളിടത്തേ ആത്മാവിൻ്റെ നിലവിളികള്‍ അസ്തമിക്കുകയുള്ളൂ. അനാഥമായ മനുഷ്യജന്മത്തില്‍ അകന്മഷമായ സ്നേഹത്തിൻ്റെ മധുരവും പ്രകാശവുമാണു് അമ്മ പൊഴിച്ചുകൊണ്ടിരിക്കുന്നതു്. അവിടേക്കു പുരുഷാരങ്ങള്‍ ഒഴുകിയെത്തുന്നതു സ്വാഭാവികം. സങ്കടപ്പെരുങ്കടല്‍ താണ്ടിയെത്തുന്നവരുടെ കണ്ണീരില്‍ ആ ഹൃദയം അലിയുന്നു. ആ സംഗമത്തിലും സമാശ്ലേഷത്തിലും എത്രയോ നൊമ്പരങ്ങള്‍ക്കറുതി ഉണ്ടാവുന്നു. എങ്കിലും നിയതിയുടെ വിധിയെ ആര്‍ക്കും മറി കടക്കുവാനാവുകയില്ല.

ജന്മാന്തരകൃതമായ പുണ്യപാപങ്ങളുടെ ഫലം നാം അനുഭവിച്ചേ തീരൂ. ഇതു ഭാരതീയവിശ്വാസമാണു്. ആ വിശ്വാസത്തില്‍ ആശ്വാസം നല്കാന്‍ ഒരാളുണ്ടാവുക എന്നതാണു് ഈശ്വരേച്ഛയായി കാണേണ്ടതു്. അതൊരിച്ഛാശക്തിയാണു്; മനക്കരുത്താണു്; ആത്മവീര്യമാണു്. അതുണ്ടാകുവാന്‍ അഹംബോധമറ്റ ഒരു ആത്മസമര്‍പ്പണമാണു വേണ്ടതു്. എല്ലാം അമ്മ അല്ലെങ്കില്‍ ജഗദീശ്വരിയായ കരുണാമയി എന്നൊരു വിചാരവും വിശ്വാസവുമുണ്ടാകുമ്പോള്‍ ആ വിശ്വാസത്തില്‍ നമ്മുടെ ഇഷ്ടദൈവങ്ങള്‍ക്കൊക്കെ ഒരേ രൂപവും ഭാവവും. അതുതന്നെ അദ്വൈതം.

ശ്രീശങ്കരനും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും മുങ്ങിക്കുളിച്ചുണര്‍ന്നതു് ആ തീര്‍ത്ഥത്തിലാണു്. അമ്മ അമൃതേശ്വരിയും ജ്ഞാന സ്‌നാനത്തിലുണര്‍ന്നതു് ആ തീര്‍ത്ഥത്തില്‍ത്തന്നെ. കലിയുഗമാണിതു്! ധര്‍മ്മച്യുതികളും സത്യവിരോധങ്ങളും ദയാരാഹിത്യവും സ്വാര്‍ത്ഥതയും പത്തിവിടര്‍ത്തിയാടുന്ന കാലം! മനുഷ്യൻ്റെ തിന്മകള്‍കൊണ്ടും അതിക്രമങ്ങള്‍കൊണ്ടും വിളിച്ചുവരുത്തുന്ന പ്രകൃതിദുരന്തങ്ങള്‍. അതിനിടയില്‍ ഒരിറ്റു ശാന്തി പകരുവാനാരുണ്ടു് എന്നു് അന്വേഷിക്കുമ്പോള്‍, കെടാവിളക്കുപോലെ അമ്മ! പ്രേമപയസ്വിനിയായ അമൃതേശ്വരീ! അമ്മേ! അവിടുത്തെ പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമം.