ശ്രീകുമാരന്‍ തമ്പി

അമ്മയെന്ന രണ്ടക്ഷരം ആകാശം
എന്നറിയാന്‍ വിവേകമുണ്ടാകണേ!
ശബ്ദബിന്ദുവാണാദിമസ്പന്ദമെ-
ന്നുച്ചരിക്കുവാനെന്‍ നാവിനാകണേ!

പഞ്ചഭൂതങ്ങളില്‍നിന്നുമുണ്ടായ
പിണ്ഡമാണെന്‍ ശരീരമാം മാധ്യമം
ആദിശക്തിതന്‍ ആന്ദോളനത്തിലീ-
മാംസശില്പം ചലിക്കാന്‍ പഠിച്ചതും

പിന്നെ ഞാനെന്ന ഭാവം വളര്‍ന്നതും
ജന്മനന്മകള്‍ തിന്മയായ്ത്തീര്‍ന്നതും
ഒക്കെയിന്നു തിരിച്ചറിഞ്ഞേന്‍; ഇനി
യെത്ര ദൂരം? പറയൂ ജനനീ നീ!

എത്ര രോഷം എരിഞ്ഞടങ്ങീടുവാന്‍
എത്ര ദേശങ്ങള്‍ കീഴടങ്ങീടുവാന്‍?
എത്ര രാഗങ്ങള്‍ പാഴ്ശ്രുതിയാകുവാന്‍
എത്ര കാമം, ചതിച്ചൂടറിയുവാന്‍?