സയൻസിനെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണു് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തുപോവേണ്ടതാണു്. ആദ്ധ്യാത്മികശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണ്ണമാവില്ല.
പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്നു മനുഷ്യനെ മതവിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരംതിരിക്കാൻ ശ്രമിക്കുന്നു. മതവും ആത്മീയതയും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അതു് അന്ധതയാണെന്നും സയൻസിനെ പിൻതാങ്ങുന്നവർ പറയുന്നു. സയൻസു് വസ്തുതയാണു്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതാണു് എന്നാണു വാദം. നിങ്ങൾ ഏതു പക്ഷത്താണു്? വിശ്വാസത്തിൻ്റെയോ അതോ, പരീക്ഷിച്ചു തെളിയിച്ചതിൻ്റെയോ? ഇതാണു ചോദ്യം.
മതവും ആത്മീയതയും അന്ധമാണു്, പരീക്ഷിച്ചു തെളിയിച്ചിട്ടുള്ളതല്ല എന്നു പറയുന്നതു തെറ്റാണു്. ഒരുപക്ഷേ, ആധുനിക ശാസ്ത്രജ്ഞരെക്കാൾ ആഴത്തിൽ ഗവേഷണം നടത്തിയവരാണു് ആത്മീയാചാര്യന്മാർ. എന്നാൽ, ആധുനികഗവേഷകർ പുറംലോകത്തു പരീക്ഷണം നടത്തിയപ്പോൾ, മനസ്സാകുന്ന പരീക്ഷണശാലയിൽ ഋഷി ഗവേഷണം നടത്തി. അങ്ങനെ നോക്കുമ്പോൾ അവരും ശാസ്ത്രജ്ഞർ തന്നെയായിരുന്നു. യഥാർത്ഥത്തിൽ, മതത്തിൻ്റെ ശരിയായ ആധാരം വിശ്വാസമല്ല, ശ്രദ്ധയാണു്. ശ്രദ്ധ അന്വേഷണമാണു്. അവനവനിലേക്കു തിരിഞ്ഞുള്ള തീവ്രമായ അന്വേഷണം.
ഈ ദൃശ്യപ്രപഞ്ചത്തിൻ്റെ സ്വഭാവം എന്താണു്? ഇതെങ്ങനെയാണു് ഇത്ര താളാത്മകമായി പ്രവർത്തിക്കുന്നതു്? ഇതു് എവിടെനിന്നുണ്ടായി? എവിടേക്കു പോകുന്നു? എവിടെച്ചെന്നു ചേരും? ഞാൻ ആരാണു്? ഇതൊക്കെയായിരുന്നു അവരുടെ അന്വേഷണം. ഈ ചോദ്യങ്ങൾ ഒരു മതവിശ്വാസിയുടെതോ, ശാസ്ത്രജ്ഞൻ്റെതോ? രണ്ടുമാണു്!
ഋഷികൾ അത്യന്തം ഉയർന്ന ചിന്തകന്മാരായിരുന്നു. എന്നാലവർ സത്യമറിഞ്ഞ ദാർശനികന്മാരും കൂടി ആയിരുന്നു. ചിന്തകന്മാർ തീർച്ചയായും സമൂഹത്തിനൊരു മുതൽക്കൂട്ടാണു്. എന്നാൽ ചിന്തയും വാക്കും കൊണ്ടു മാത്രം കാര്യമില്ല. അവയ്ക്കു പ്രാണവായു നല്കി ജീവസ്സുറ്റതും സുന്ദരവുമാക്കുന്നതു്, വാക്കും ചിന്തയും ജീവിതമാക്കി മാറ്റുന്നവരാണു്.