ചോദ്യം : അമ്മേ, ജീവിതത്തില്‍ ഒരു ശാന്തിയും സമാധാനവുമില്ല. എന്നും ദുഃഖം മാത്രമേയുള്ളൂ. ഇങ്ങനെ എന്തിനു ജീവിക്കണം എന്നുകൂടി ചിന്തിച്ചുപോകുന്നു.

അമ്മ: മോളേ, നിന്നിലെ അഹങ്കാരമാണു നിന്നെ ദുഃഖിപ്പിക്കുന്നതു്. ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉറവിടമായ ഈശ്വരന്‍ നമ്മില്‍ത്തന്നെയുണ്ടു്. പക്ഷേ, അഹംഭാവം കളഞ്ഞു സാധന ചെയ്താലേ അതിനെ അറിയാന്‍ കഴിയൂ. കുട കക്ഷത്തില്‍ വച്ചുകൊണ്ടു്, വെയിലു കാരണം എനിക്കിനി ഒരടികൂടി മുന്നോട്ടു വയ്ക്കാന്‍ വയ്യ, ഞാന്‍ തളരുന്നു എന്നു പറയുന്നതുപോലെയാണു മോളുടെ സ്ഥിതി. കുട നിവര്‍ത്തിപ്പിടിച്ചു നടന്നിരുന്നുവെങ്കില്‍ വെയിലേറ്റു തളരത്തില്ലായിരുന്നു. ആദ്ധ്യാത്മികഗുണങ്ങള്‍ നമ്മില്‍ത്തന്നെയുണ്ടു്. അതു മനസ്സിലാക്കാത്തതു മൂലം ദുഃഖിക്കുന്നു. അതിനു ജീവിതത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ അഹംഭാവത്തെ കളഞ്ഞു് അവിടെ ഈശ്വരനെ പ്രതിഷ്ഠിച്ചാല്‍ മതി. ശാന്തിയും സമാധാനവും തേടി എങ്ങും അലയേണ്ടിവരില്ല. മോളേ, ശരിയായ ആദര്‍ശവും തത്ത്വവുംതന്നെ ഈശ്വരന്‍. പക്ഷേ, അഹംഭാവമുള്ള മനസ്സില്‍ ആദര്‍ശത്തിനു സ്ഥാനമില്ല. അതിനാല്‍ അഹംഭാവത്തെ വിനയത്തിലൂടെ കളയണം. അപ്പോള്‍ നമ്മിലിരിക്കുന്ന ശക്തികൊണ്ടു നമുക്കു ശാന്തിയും സമാധാനവും കിട്ടും.

സ്വര്‍ണ്ണം തീയില്‍ വയ്ക്കുന്നതിന്‍റെ ഫലമായി നമ്മള്‍ ഇച്ഛിക്കുന്ന രൂപത്തില്‍ അതിനെ വാര്‍ത്തുകൊണ്ടുവരാന്‍ കഴിയുന്നു. ഇരുമ്പിനെ തീയില്‍ ചുടുന്നതുമൂലം നമുക്കാവശ്യമുള്ള രീതിയില്‍ അതിനെ രൂപപ്പെടുത്താന്‍ സാധിക്കുന്നു. അതുപോലെ നമ്മിലെ അഹങ്കാരത്തെ ഈശ്വരനാകുന്ന അഗ്നിയില്‍ ഹോമിച്ചു കഴിയുമ്പോള്‍ നമുക്കു നമ്മുടെ യഥാര്‍ത്ഥ സ്വരൂപമായിത്തീരാന്‍ സാധിക്കും.