ചോദ്യം : ശാസ്ത്രങ്ങള്‍ പുനര്‍ജ്ജന്മത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ഒരു ജീവനു പുതുശരീരം ലഭിക്കുന്നതു് എന്തിന്റെ അടിസ്ഥാനത്തിലാണു്?
അമ്മ : ഓരോരുത്തരുടെയും പൂര്‍വ്വസംസ്‌കാരത്തെ ആശ്രയിച്ചാണു പുതിയ ജന്മം ലഭിക്കുന്നതു്. പൂവ്വസംസ്‌കാരംകൊണ്ടു മനുഷ്യ ജന്മം കിട്ടി; വീണ്ടും സത്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ശുദ്ധമായ ജീവിതം നയിച്ചാല്‍ അവനു് ഈശ്വരനായിത്തീരാം.
എന്നാല്‍ മനുഷ്യ ജന്മം ലഭിച്ചിട്ടും വീണ്ടും മൃഗതുല്യം ജീവിതം നയിക്കുകയാ ണെങ്കില്‍, അധോയോനി കളിലായിരിക്കും പിന്നീടു ജനിക്കേണ്ടി വരുക.
നമ്മുടെ ശരീരത്തിനു ചുറ്റും ഒരു ഓറയുണ്ടു്. ടേപ്പില്‍ സംഭാഷണങ്ങളും പാട്ടുകളും എങ്ങനെ പിടിച്ചെടുക്കുന്നുവോ അതുപോലെ ഇതു നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും ടേപ്പു ചെയ്യുന്നുണ്ടു്. ഓരോന്നിനും പ്രത്യേക ഭാഗങ്ങളുണ്ടു്. സത്കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും, ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ അരയ്ക്കു കീഴ്‌പ്പോട്ടുള്ള ഭാഗവും പിടിച്ചെടുക്കും. സത്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ മരിച്ചു കഴിയുമ്പോള്‍ ഉയര്‍ന്ന തലത്തിലെത്തും. പിതൃലോകത്തിലെത്തും. അല്ലെങ്കില്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ പരിധിക്കനുസരിച്ചുള്ള ജന്മം കിട്ടും. എന്നാല്‍ ചീത്തക്കര്‍മ്മങ്ങളാണു കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കില്‍ ഓറ താഴേക്കു വീണു്, കൃമികീടങ്ങള്‍ക്കും മറ്റും ആഹാരമായി, പക്ഷിമൃഗാദികളായി വീണ്ടും ജന്മമെടുക്കും. നല്ല മുട്ട അടവച്ചാല്‍ അതു വിരിഞ്ഞു പറവ പറന്നുയരും. മുട്ട ചീത്തയാണെങ്കില്‍ പറന്നുയരാന്‍ പറവ കാണില്ല. അതു മണ്ണില്‍ വീണു ചീഞ്ഞളിയും; കൃമികീടങ്ങള്‍ക്കു് ആഹാരമാകും.
ഇന്നത്തെ സുഖം മാത്രം കാംക്ഷിച്ചു ജീവിച്ചാല്‍ അതു നാളത്തെ ദുഃഖത്തിനു മാത്രമേ വഴിയൊരുക്കൂ. എഴുന്നേല്ക്കാനുള്ള മടി കാരണം മലര്‍ന്നു കിടന്നു തുപ്പിയാല്‍ ശരീരത്തില്‍ത്തന്നെ വന്നു വീഴും. അതുപോലെ നമ്മുടെ ഏതു പ്രവൃത്തിക്കും അതനുസരിച്ചു തിരിച്ചടി പ്രകൃതിയില്‍നിന്നുമുണ്ടാകും. സംശയമില്ല.