ചോദ്യം : പ്രവൃത്തിയാണു സ്നേഹത്തിൻ്റെ അഭിവ്യക്തിയെന്നു പറയും. അഹിംസയും കരുണയും പ്രവൃത്തിയില്‍കൊണ്ടുവരുവാനും പ്രചരിപ്പിക്കുവാനുംവേണ്ടി വ്യക്തികള്‍ക്കെന്തു ചെയ്യുവാന്‍ കഴിയും?
അമ്മ: നമ്മള്‍ വ്യക്തിബോധം വിട്ടു വിശ്വചൈതന്യത്തിൻ്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ കരുണയും അഹിംസയും പൂര്‍ണ്ണമായി പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. ഇതു പെട്ടെന്നു സാധിക്കുന്ന കാര്യമാണോ എന്നു സംശയിക്കാം. പൂര്‍ണ്ണമായും ആ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ലക്ഷ്യംവച്ചു നമ്മുടെ കഴിവിനനുസരിച്ചു മറ്റുള്ളവരെ സ്നേഹിക്കുവാനും സേവിക്കുവാനും ശ്രമിക്കാമല്ലോ?