ചോദ്യം : സ്ത്രീകള്‍ ഋതുവായിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍പ്പോകാന്‍ പാടില്ല, പൂജ ചെയ്യാന്‍ പാടില്ല എന്നും മറ്റും പറയുന്നു. അതു ശരിയാണോ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ? ഈശ്വരന്‍റെ വാസം ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ലല്ലോ?

അമ്മ: മോളേ, ഈശ്വരന്‍ സര്‍വ്വവ്യാപിയാണു്. അദ്ദേഹം എല്ലായിടത്തും എല്ലായ്‌പ്പോഴുമുണ്ടു്. പക്ഷേ, നമ്മള്‍ ശുദ്ധാശുദ്ധിയൊക്കെ നോക്കണം. ബാഹ്യശുദ്ധി ആന്തരികശുദ്ധിക്കു വഴിതെളിക്കുന്നു. ഋതുവായിരിക്കുന്ന സമയം മനസ്സു് അസ്വസ്ഥമായിരിക്കും. കൂടാതെ ഗര്‍ഭിണികളെപ്പോലെ ശരീരത്തിനു ക്ഷീണവും മറ്റും അനുഭവപ്പെടും. വിശ്രമം ആവശ്യമാണു്. ഈ സമയം ശരിയായ ഏകാഗ്രതയോടെ പൂജകള്‍ ചെയ്യുവാനോ പ്രാര്‍ത്ഥിക്കുവാനോ പറ്റില്ല. അല്ല, നിങ്ങള്‍ക്കതിനു ശക്തിയുണ്ടു്, സാധിക്കും എങ്കില്‍ പൂജ ചെയ്തുകൊള്ളൂ.

ഋതുവായിരിക്കുന്ന സമയം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കും. ശരീരത്തില്‍ ദുഷിച്ച അണുക്കളാണു് അപ്പോഴുള്ളതു്. അമ്മ ഈ പറഞ്ഞതു വെളയില്‍നിന്നു വന്ന ഒരു മോനു വിശ്വാസമായില്ല. അദ്ദേഹം അമേരിക്കയില്‍ തിരിച്ചുചെന്നപ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണത്തെക്കുറിച്ചു് അറിയാനിടയായി. ഋതുവായിരിക്കുന്ന സ്ത്രീകളെയും അല്ലാത്തവരെയുംകൊണ്ടു് ഒരു ചെടിയില്‍ നിന്നും പുഷ്പം പറിപ്പിച്ചു. സാധാരണ സ്ത്രീകള്‍ പിച്ചിയ പുഷ്പം വാടുവാന്‍ അധികസമയമെടുത്തപ്പോള്‍ ഋതുവായിരിക്കുന്നവര്‍ പറിച്ച പുഷ്പം വേഗം വാടി. ഈ പരീക്ഷണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ മാത്രമാണു് ആ മോനു് അമ്മ പറഞ്ഞതില്‍ വിശ്വാസം വന്നതു്. അമ്മ അനേകംപേരെ കണ്ടിട്ടുണ്ടു്, അവരുടെ അനുഭവം വച്ചാണു് അമ്മ പറയുന്നതു്. ഇന്നുള്ളവര്‍ക്കു് എന്തും പത്രത്തില്‍ കണ്ടാലേ വിശ്വാസമാകൂ. കുട്ടി വെള്ളത്തില്‍ വീഴുന്നതു കണ്ടുനിന്നയാള്‍ വന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. അപ്പോഴും പറയുന്നതു്, പത്രത്തില്‍ കാണട്ടെ വിശ്വസിക്കാം’ എന്നാണു്.

മോളേ, ഋതുവായിരിക്കുന്ന സമയം മന്ത്രം ജപിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ക്ഷേത്രത്തിലും മറ്റും പോകാതിരിക്കുന്നതാണു നല്ലതു്. അന്തരീക്ഷശുദ്ധിക്കു കൂടിയാണിതു്. ഓഫീസിലും ഹോട്ടലിലും ചെല്ലുമ്പോഴുള്ള ഭാവനയല്ലല്ലോ നമുക്കു ക്ഷേത്രത്തില്‍ എത്തുമ്പോഴുള്ളതു്? അവിടുത്തെ സങ്കല്പം വേറെയാണു്. അതു നമ്മള്‍ കാത്തുസൂക്ഷിക്കണം. മോളേ, ഈശ്വരന്‍ കാറ്റുപോലെയാണു്. മലത്തിലും പുഷ്പത്തിലും കാറ്റു് ഒരുപോലെ വീശുന്നു. ഈശ്വരനു ശുദ്ധാശുദ്ധമൊന്നുമില്ല. പക്ഷേ, നമുക്കു വേണം. എങ്കിലേ, നമുക്കു വളരാന്‍ കഴിയൂ.