ഈശ്വരസൃഷ്ടമായ ഈ ഭൂമിയിൽ പ്രകൃതിയിൽ നിന്നുമുയരുന്ന സംഗീതം, ശ്രുതിപൂർണ്ണവും താളാത്മകവുമാണു്. മനുഷ്യൻ മാത്രമാണു് ഇവിടെ അപസ്വരം കൊണ്ടുവരുന്നതു്. സ്വയം മാറാൻ നാം തയ്യാറാകണം. അല്ലെങ്കിൽ നാം അതിനു നിർബ്ബന്ധിതരാകും. മാറ്റം അല്ലെങ്കിൽ മരണം; രണ്ടിലൊന്നു നാം തിരിഞ്ഞെടുക്കേണ്ടി യിരിക്കുന്നു.

ഈ ഭൂമുഖത്തുനിന്നു മനുഷ്യനെ ഒന്നു മാറ്റി നിർത്തുക. അപ്പോൾ ഭൂമി വീണ്ടും സസ്യശ്യാമളമാകും. ജലം ശുദ്ധമാകും വായു ശുദ്ധമാകും. പ്രകൃതിയിൽ ആകെ ആനന്ദം നിറയും. മറിച്ചു്, ഭൂമുഖത്തു മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലവും ഇല്ല എന്നു് ഒന്നു് സങ്കല്പിച്ചുനോക്കുക. അപ്പോൾ മനുഷ്യനും ഇവിടെ ജീവിക്കാൻ കഴിയാതെ വരും.
ഇപ്പോൾത്തന്നെ എത്രയോ ജീവരാശികൾക്കു വംശനാശം സംഭവിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശം മനുഷ്യനു മാത്രമല്ല അവയ്ക്കുമുണ്ടു് എന്നു മനുഷ്യൻ മനസ്സിലാക്കണം. ദയയും കാരുണ്യവും മനുഷ്യനോടു മാത്രം പോരാ, സകല ജീവരാശിയോടും വേണം.
കൊതുകിനെയും കോഴിയെയും പശുവിനെയുമൊക്കെ കൂട്ടത്തോടെ കൊന്നതുകൊണ്ടു നമുക്കു രോഗങ്ങളിൽനിന്നു രക്ഷപ്പെടാൻ കഴിയില്ല. പ്രകൃതിയുടെ താളലയം വിണ്ടെടുക്കാനാണു നാം ആദ്യം ശ്രമിക്കേണ്ടതു്.
ശാന്തിയുടെയും സമാധാനത്തിൻ്റെയും ഉറവിടം പ്രേമവും കാരുണ്യവുമാണു്. മനുഷ്യഹൃദയമാകുന്ന കൂമ്പിയ മൊട്ടു് ആ പ്രേമത്താൽ വിടരും. അപ്പോൾ അതിൻ്റെ സുഗന്ധം എങ്ങും പരക്കും.