ഹിന്ദുമതത്തില്‍, സനാതനധര്‍മ്മത്തില്‍ പല ദേവതകളെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണുവാന്‍ കഴിയും. എങ്ങും നിറഞ്ഞുനില്ക്കുന്ന ആ ശക്തി. ഏകം സത് വിപ്രാ ബഹുധാ വദന്തി.
ഭാരതത്തില്‍ ഓരോ പ്രദേശത്തും വ്യത്യസ്ത ആചാര അനുഷ്ഠാനങ്ങളാണു നിലവിലുള്ളതു്. വ്യത്യസ്ത സംസ്‌കാരത്തില്‍ വളര്‍ന്നവരാണു് ഇവിടെയുള്ളതു്. പല ദേശക്കാരും പല രാജാക്കന്മാരും ഭരിച്ച നാടാണിതു്.
അതു കാരണം ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചുള്ള ആരാധനാ സമ്പ്രദായങ്ങളും പല ദേവതാ സങ്കല്പങ്ങളും നിലവില്‍ വന്നു. എന്നാല്‍ എല്ലാത്തിലും കുടികൊള്ളുന്ന ശക്തി ഒന്നു തന്നെയാണു്. പച്ച സോപ്പായാലും നീല സോപ്പായാലും ചുവന്ന സോപ്പായാലും പതച്ചാല്‍ എല്ലാം വെള്ള തന്നെ.
അതുപോലെ ഈ ദേവതകളിലെല്ലാം കുടികൊള്ളുന്ന ശക്തി ഒന്നുതന്നെ. ആ ഏക ദൈവത്തെയാണു നമ്മള്‍ സാക്ഷാത്കരിക്കേണ്ടതു്. ആ ശക്തിചൈതന്യം നമ്മുടെ ഉള്ളിലുമുണ്ടു്. അതു് എങ്ങും നിറഞ്ഞു നില്ക്കുന്ന ചൈതന്യമാണു്.
പാടുന്ന കുയിലിലും കരയുന്ന കാക്കയിലും അലറുന്ന സമുദ്രത്തിലും ഗര്‍ജ്ജിക്കുന്ന സിംഹത്തിലുമെല്ലാം അതു് നിറഞ്ഞു നില്ക്കുന്നു. അതു് എങ്ങും നിറഞ്ഞുനില്ക്കുന്ന ശക്തിയാണു്. അതനുഭവിച്ചറിയേണ്ടതാണു്.
നമ്മുടെ കണ്ണിലൂടെ കാണുന്നതും ചെവിലൂടെ കേള്‍ക്കുന്നതും നാവില്‍ കൂടി രുചിക്കുന്നതും ആ ശക്തിതന്നെയാണു്. നാസികയില്‍ കൂടി മണക്കുന്നതും ത്വക്കിലൂടെ സ്പര്‍ശിക്കുന്നതും നടക്കുമ്പോള്‍ കാലിലൂടെ പ്രവര്‍ത്തിക്കുന്നതും എല്ലാം ആ ഒരു ശക്തിതന്നെ.