അവിടുന്നു നമ്മെ പിടിക്കണേ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ആ സമര്‍പ്പണഭാവം നമുക്കുണ്ടായിരിക്കണം. അപ്പോള്‍ ഭയക്കേണ്ടതില്ല. നമ്മുടെ പിടിവിട്ടാലും അവിടുത്തെ പിടി അയവില്ലാതെ നമ്മെ സംരക്ഷിച്ചുകൊള്ളും.

നമ്മുടെ ഭക്തി, കുരങ്ങിൻ്റെ കുട്ടിയുടെതുപോലെയാകരുതു്. കുരങ്ങിൻ്റെ കുട്ടി തള്ളയുടെ പള്ളയില്‍ പിടിച്ചിരിക്കും. തള്ള ഒരു ശാഖയില്‍നിന്നും മറു ശാഖയിലേക്കു ചാടുമ്പോള്‍, കുട്ടിയുടെ പിടി ഒന്നയഞ്ഞാല്‍ താഴെ വീണതുതന്നെ.
പൂച്ചക്കുട്ടിക്കു കരയാന്‍ മാത്രമേ അറിയൂ. തള്ള അതിനെ കടിച്ചെടുത്തുകൊണ്ടു വേണ്ട സ്ഥാനത്തു് എത്തിച്ചുകൊള്ളും. കുട്ടിക്കു ഭയക്കേണ്ടതില്ല. തള്ള കൈവിടുകയില്ല. ഇതുപോലെ ‘അമ്മാ, അവിടുന്നു് എന്നെ കൈപിടിച്ചു നയിക്കൂ’ എന്നായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടതു്.
അവിടുന്നു നമ്മെ പിടിച്ചാല്‍, വല്ല കുണ്ടിലും കുഴിയിലും വീഴില്ല. കളിപ്പാട്ടങ്ങള്‍ക്കു പിന്നാലെ ഓടാന്‍ വിടാതെ ശരിയായ ലക്ഷ്യത്തിലേക്കു നയിച്ചുകൊള്ളും. ഈ സമര്‍പ്പണഭാവം നാം വളര്‍ത്തിയെടുക്കണം.