ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.
മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം.
അമ്മ : മോളിന്നു പോകുന്നുണ്ടോ?
സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.
അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു.
ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു നല്ല ജോലിയുണ്ടായിരുന്നു. ചീത്തകൂട്ടുകെട്ടില്‍പ്പെട്ടു കുടി തുടങ്ങി. കുടിക്കാന്‍ പണമില്ലാതെ ആയപ്പോള്‍ ഭാര്യയുടെ ആഭരണങ്ങള്‍ ചോദിച്ചു. ആ മോള്‍ മടിച്ചുനിന്നപ്പോള്‍ അടിയും ഇടിയുമായി. അവസാനം അടി പേടിച്ചു് ഉള്ള ആഭരണങ്ങള്‍ മുഴുവന്‍ കൊടുത്തു. അയാള്‍ അതു മുഴുവനും വിറ്റു കുടിച്ചു. ഓരോ ദിവസവും കുടി കഴിഞ്ഞു വന്നാല്‍ ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു് ഇടിക്കും. അടിയും ഇടിയുംകൊണ്ടു് അതിൻ്റെ കോലം കണ്ടില്ലേ?
രണ്ടു മൂന്നു ദിവസം മുമ്പു കുഞ്ഞിൻ്റെ കഴുത്തില്‍ കിടക്കുന്ന ചെറിയ മാലയ്ക്കുവേണ്ടി വഴക്കായി. അന്നു നല്ലവണ്ണം അടികൊണ്ടു. അവസാനം ആ മോള്‍ കുഞ്ഞിനെയുമെടുത്തുകൊണ്ടു് ഇങ്ങോട്ടുപോന്നു. മുമ്പു് എങ്ങനെ ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു! ഈ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടു് എന്തെങ്കിലും നേട്ടമുണ്ടോ? ആരോഗ്യവും സമ്പത്തും കുടുംബത്തിലെ ശാന്തിയും നഷ്ടം!
ഒരു ഭക്ത: ഞങ്ങളുടെ വീടിനടുത്തു് ഒരു കുടിയനുണ്ട്. ഈ അടുത്തു കുടിച്ചുവന്നു് ഒന്നരവയസ്സു മാത്രം പ്രായമുള്ള തൻ്റെ കുഞ്ഞിനെ വലിച്ചൊരേറ്. എന്തൊരു മനസ്സാണ്! ഭാര്യ അയാളുടെ ഇടികൊണ്ടു് ഈര്‍ക്കിലുപോലായി.
അമ്മ : മോളേ, കുടിച്ചു വെളിവുകെട്ടാല്‍ ഭാര്യയെയും മക്കളെയും
തിരിച്ചറിയുവാനുള്ള കഴിവുപോലും നഷ്ടമാകും. ബോധംകെട്ടു ബഹളമുണ്ടാക്കി വല്ലവരുടെയും കൈയില്‍നിന്നു് അടിയും വാങ്ങിക്കൊണ്ടായിരിക്കും വീട്ടില്‍ വരുന്നത്. ഇതില്‍നിന്നൊക്കെ എന്തു സന്തോഷമാണു കിട്ടുന്നത്! സന്തോഷിക്കുന്നുവെന്നുള്ളതു വെറും തോന്നല്‍ മാത്രമാണ്. ബീഡിയിലും സിഗരറ്റിലും കള്ളിലും കഞ്ചാവിലും മറ്റുമാണോ ആനന്ദം?
മുന്നൂറും നാനൂറും രൂപാ പ്രതിമാസം പുകച്ചു കളയുന്നവരുണ്ട്. ആ
കാശു മതി, ഒരു കുട്ടിയുടെ വിദ്യാഭ്യാസം നടത്താന്‍. അല്പസമയത്തേക്കു് എല്ലാം മറക്കുവാന്‍ ഈ ലഹരിവസ്തുക്കള്‍ സഹായിച്ചേക്കാം. എന്നാല്‍, ആ സമയം ശരീരത്തിൻ്റെ ഓജസ്സു് നഷ്ടപ്പെട്ടു് ആള്‍ നശിക്കുകയാണ്. ആരോഗ്യം ക്ഷയിച്ചു് അകാലത്തില്‍ മരിക്കുകയും ചെയ്യുന്നു. വീട്ടിനും നാട്ടിനും ഉപകാരികളായിത്തീരേണ്ടവര്‍ സ്വയം നശിക്കുന്നു. മറ്റുള്ളവരെയും ദ്രോഹിക്കുന്നു.