14 ഏപ്രിൽ 2020 , അമൃതപുരി
അമ്മയുടെ വിഷു സന്ദേശത്തിൽ നിന്ന്
ഇന്ന് വിഷുദിനമാണല്ലോ, ലോകം മുഴുവന്‍ ദുഃഖത്തില്‍ മുഴുകിയിരിക്കുന്ന ഒരു സമയമാണിത്. കൊറോണ രോഗം കാരണം എത്രയോ ആയിരങ്ങള്‍ മരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് അതു പടര്‍ന്നു പിടിക്കുകയാണ്. ഈ വേളയില്‍ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടിയും ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിനുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പ്രയത്‌നിക്കാം.
ഇത്തരം ദുഃഖസാഹചര്യത്തില്‍ വിഷുപോലുള്ള ആഘോഷങ്ങള്‍ക്ക് എന്തു പ്രസക്തി എന്ന് ആരും ചിന്തിച്ചുപോകും. ശരിയാണ്, ആഘോഷങ്ങള്‍ക്കുള്ള സമയമല്ലിത്. എങ്കിലും വിഷു നല്‍കുന്ന സന്ദേശം ഈ സമയത്ത് എറ്റവും പ്രസക്തമാണെന്നാണ് അമ്മയ്ക്കു തോന്നുന്നത്.
വിഷു മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. സ്വാര്‍ത്ഥതകൊണ്ടും അവിവേകം കൊണ്ടും മനുഷ്യന്‍ പ്രകൃതിയോടും ഭൂമിയിലെ മറ്റു ജീവജാലങ്ങളോടും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ തിരുത്താനുള്ള ആഹ്വാനമാണ് വിഷു നല്‍കുന്നത്. അതു നമുക്ക് ചെവിക്കൊള്ളാം.
ജീവിതത്തിന്റെ വെല്ലുവിളികളെയും പരീക്ഷണങ്ങളെയും ഭയന്നോടാതെ അവയെ ധീരതയോടെ നേരിടാനാണ് ആദ്ധ്യാത്മികത നമ്മളെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒരു വൈറസിന്റെ മുമ്പില്‍ ഭയന്നുവിറച്ചു നില്‍ക്കുകയാണ്. ഒരു ഭീകരന്‍ തോക്കുമേന്തി നമ്മളുടെ വീടിന്റെ വാതിലിനു പുറത്തു കാത്തുനില്‍ക്കുന്നു. വാതില്‍ തുറക്കേണ്ട താമസം അയാള്‍ നമ്മളെ ആക്രമിക്കും. അതുപോലെത്തെ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ നമുക്കു വേറെ മാര്‍ഗ്ഗമില്ല. വേണ്ട മുന്‍കരുതല്‍ എടുക്കുകയും ഈശ്വരകൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയുമാണ് നമുക്കു ചെയ്യാനുള്ളത്.
വാസ്തവത്തില്‍ നമുക്ക് ജീവിതത്തില്‍ രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളൂ. ഒന്നാമത്തേത് പ്രയത്‌നിക്കുക. രണ്ടാമത്തേത് സ്വീകരിക്കുക എന്നതാണ്. ഈ ലോകത്തിലെ എല്ലാ കാര്യവും നമുക്കു മാറ്റാനാവുകയില്ല. പലതും നമ്മുടെ ശക്തിയ്ക്കപ്പുറമാണ്. എല്ലാ യുദ്ധങ്ങളും ജയിച്ച അര്‍ജ്ജുനന് പക്ഷേ സ്വന്തം പുത്രനായ അഭിമന്യുവിന്റെ മരണം കാണേണ്ടിവന്നു. ദുശ്ശാസനനെതിരെയുള്ള ശപഥം പാലിക്കാന്‍ കഴിഞ്ഞ പാഞ്ചാലിക്ക് പക്ഷേ സ്വന്തം മക്കളുടെ മരണം തടയാന്‍ കഴിഞ്ഞില്ല. അതിനാല്‍ ശരണാഗതിയോടെ സ്വീകരിക്കല്‍ മാത്രമാണ് പ്രായോഗികം. എത് പ്രതികൂല സാഹചര്യത്തെയും പ്രതിഷേധമോ ദുഃഖമോ ഇല്ലാതെ സ്വീകരിക്കാന്‍ നമുക്കു കഴിയണം. എന്തുവന്നാലും നമ്മള്‍ തളരില്ല എന്നു തീരുമാനിക്കണം.
സര്‍വ്വജീവരാശിയോടുമുള്ള കാരുണ്യത്തെയും ഈശ്വരനെ മുന്‍നിര്‍ത്തിയുള്ള ഒരു ജീവിതരീതിയേയും വീണ്ടെടുക്കാന്‍ ഈ വിഷുദിനം നമുക്ക് പ്രചോദനമാകട്ടെ.