വിദേശയാത്രകളുടെ വെള്ളിത്തിളക്കം (…തുടർച്ച )
1995 ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലില്‍ ഐക്യരാഷ്ട്രസഭയുടെ 50-ാമതു വാര്‍ഷികസമ്മേളനത്തെ അമ്മ അഭിസംബോധന ചെയ്തു. മതനേതാക്കന്മാരും നയതന്ത്രപ്രതിനിധികളും സര്‍ക്കാരിതരസംഘടനകളും (NGOs) വിദ്യാഭ്യാസവിചക്ഷണന്മാരുമൊക്കെ ‘അടുത്ത നൂറ്റാണ്ടില്‍ വിശ്വാസത്തില്‍കൂടിയെങ്ങനെ ലോകത്തെ സംരക്ഷിക്കാമെ’ന്നാണു് ഉറക്കെ ചിന്തിച്ചതു്. ഐക്യരാഷ്ട്രസഭപോലെയുള്ള സ്ഥാപനങ്ങള്‍ക്കു സാമ്പത്തികരാഷ്ട്രീയ അടിസ്ഥാനത്തിലുപരി മൂല്യാടിസ്ഥാനത്തിലുള്ള പരിഗണനകൂടി നല്കണമെന്നാണു സമ്മേളനാദ്ധ്യക്ഷന്‍ ശ്രീ ജോനാഥന്‍ ഗ്രാനോഫ് അഭിപ്രായപ്പെട്ടതു്. അമ്മയുടെ അഭിപ്രായവും ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു.
1995 ഒക്ടോബര്‍ 21ാം തീയതി ന്യൂയോര്‍ക്കിലെ സെൻറ് ജോണ്‍ കത്തീഡ്രലിൻ്റെ വിശാലമായ വേദിയിലേക്കു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായാണു 21-ാം നൂറ്റാണ്ടിൻ്റെ ദര്‍ശനത്തെക്കുറിച്ചു പ്രഭാഷണം നടത്താന്‍ അമ്മയെത്തുന്നതു്. ഒപ്പം വേദിയിലുണ്ടായിരുന്നതു സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവും കോസ്റ്റാറെക്കെയുടെ മുന്‍പ്രസിഡൻറുമായിരുന്ന ഓസ്‌കര്‍ ഏരിയാസും, വാസ്‌വാനി മിഷൻ്റെ അദ്ധ്യക്ഷന്‍ ദാദാ വാസ്‌വാനിയും. അമ്മ വേദിയിലേക്കു പ്രവേശിച്ചപ്പോള്‍ സദസ്യര്‍ നിശ്ശബ്ദമായി വിസ്മയം കൊണ്ടു. ആരാണിവര്‍…? ലോകത്തിൻ്റെ സ്നേഹം മുഴുവന്‍ തുളുമ്പിനില്ക്കുന്ന കണ്ണുകളുമായി, കാരുണ്യം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഹൃദയവുമായി എവിടെ നിന്നിവര്‍ വരുന്നു? എല്ലാ ആകാംക്ഷകള്‍ക്കും വിരാമമിട്ടുക്കൊണ്ടു് അമ്മയില്‍നിന്നു് ആശയങ്ങള്‍ ഒന്നൊന്നായി ഒഴുകിയെത്തി.
പല രാജ്യങ്ങളാണെങ്കിലും ഒരേ ലോകമാണു നമുക്കുള്ളതെന്നു് അമ്മ പറഞ്ഞു. ഒന്നാണെന്നുള്ള ചിന്ത നമ്മെ ബന്ധുവാക്കുന്നു എന്നും സാഹോദര്യവും സമത്വവും സമാധാനവും ഒരുമിച്ചു മാത്രമേ പോവുകയുള്ളൂ എന്നും അമ്മ ഓര്‍മ്മപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ഐക്യത്തെക്കുറിച്ചുമാത്രം കേട്ടു പരിചയമുള്ള സദസ്യര്‍ക്കു് ആദ്ധ്യാത്മികമൂല്യങ്ങളുടെ അടിസ്ഥാനത്തിലും യോജിക്കാന്‍ സാധിക്കുമെന്നുള്ളതു് അമ്മയില്‍നിന്നു കിട്ടിയ തിരിച്ചറിവായിരുന്നു.
സഹസ്രാബ്ദ ലോകസമാധാനസമ്മേളനം: 2000 ആധുനികലോകചരിത്രത്തില്‍ 2000-ാംമാണ്ടു വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലോകത്തിനെന്തോ കാതലായ മാറ്റം സംഭവിക്കുമെന്ന ആശങ്കയോടെയാണു 2000-ാംമാണ്ടിനെ നാം എതിരേറ്റതു്. ഈയൊരാശങ്കയില്‍നിന്നാണു് ആഗോളസമാധാനത്തെക്കുറിച്ചു ലോകത്തിലെ ആദ്ധ്യാത്മികനേതാക്കള്‍ക്കെല്ലാം ഒരുമിച്ചിരുന്നു ചിന്തിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്രസഭ ഒരു വേദിയൊരുക്കിയതു്.
സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ അഭിപ്രായത്തില്‍ ”സമ്മേളനം നടന്ന മൂന്നു ദിവസങ്ങളിലും സന്തോഷവും ശുഭാപ്തിവിശ്വാസവും വേദികളില്‍ നിറഞ്ഞുനിന്നു. 150ല്‍പരം രാജ്യങ്ങളില്‍നിന്നുള്ള മതആദ്ധ്യാത്മികനേതാക്കന്മാര്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിഹാളില്‍, അപകടത്തിലായിക്കൊണ്ടിരിക്കുന്ന ലോകസമാധാനത്തെക്കുറിച്ചു ചിന്തിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനും വേണ്ടി ഒത്തുകൂടി. ഇതിനു മുന്‍പു് ഒരിക്കലും ഐക്യരാഷ്ട്രസഭ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തില്‍, ശംഖിൻ്റെ നാദവും ‘തെയ്‌ക്കൊ’ ചെണ്ടയുടെ മുഴക്കവും പ്രതിധ്വനിച്ചുനിന്ന അസംബ്ലിഹാളില്‍നിന്നു ഹൃദയസ്പര്‍ശിയായ സര്‍വ്വമതപ്രാര്‍ത്ഥനകളും അലയടിച്ചുയര്‍ന്നു. പ്രാര്‍ത്ഥനകള്‍ വ്യത്യസ്തങ്ങളായിരുന്നു എങ്കിലും അനുഭൂതികള്‍ സമാനങ്ങളായിരുന്നു.” ഒരു പ്രാര്‍ത്ഥനയോടുകൂടിയാണു് അമ്മയും സദസ്സിനെ അഭിസംബോധന ചെയ്തതു്. അതൊരു പ്രത്യേക അനുഭൂതിയുടെ തരംഗം തന്നെ സൃഷ്ടിച്ചു.
ആഗസ്റ്റ് 28 തൊട്ടു 31 വരെ നടന്ന മൂന്നു ദിവസത്തെ പരിപാടികളില്‍ രണ്ടാമത്തെ ദിവസമായിരുന്നു അമ്മയുടെ പ്രഭാഷണം. ലളിതവും മധുരതരവുമായ മലയാളത്തില്‍, എങ്ങനെ ജനതകള്‍ക്കെല്ലാം ഒരുമിച്ചു ജീവിക്കാം എന്നുള്ളതിനെ സംബന്ധിച്ചായിരുന്നു പ്രഭാഷണം. ഇതില്‍ ആണവായുധങ്ങളെ സംബന്ധിച്ച പരാമര്‍ശം സദസ്യര്‍ക്കു നന്നേ ബോധിച്ചു. ”ആണവായുധങ്ങള്‍ കാഴ്ച ബംഗ്ലാവില്‍ക്കൊണ്ടു വച്ചതുകൊണ്ടുമാത്രം ലോകസമാധാനം കൈവരില്ല. മനുഷ്യമനസ്സിലെ ആണവായുധങ്ങളെയാണു് ആദ്യം ഉന്മൂലനം ചെയ്യേണ്ടതു്.” ഈ വാക്കുകള്‍ കേട്ടമാത്രയില്‍ അവര്‍ ഹര്‍ഷാരവം മുഴക്കി. ഏകദേശം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുപ്പതു പേരാണു പ്രസംഗങ്ങള്‍ നടത്തിയതു്. അന്നത്തെ യു.എന്‍. പ്രസിഡൻറ് കോഫി അന്നന്‍ ഉദ്ഘാടനപ്രസംഗം നടത്തി. ഡോ: മൗറീസ് സ്‌ടോങ്, ഡോ: ടെഡ് ടേര്‍ണല്‍ എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.
ഡോ : ടി.വി മുരളീ വല്ലഭൻ