ചോദ്യം : ഇന്നു കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നതിൻ്റെ കാരണമെന്താണു്?
അമ്മ: ഭൗതികസംസ്‌കാരത്തിൻ്റെ സ്വാധീനം മൂലം ഇന്നു ദുരാഗ്രഹവും ശാരീരിക സുഖേച്ഛയും വര്‍ദ്ധിച്ചു വരുന്നു. പുരുഷൻ്റെമേല്‍, സ്ത്രീക്കുണ്ടായിരുന്ന ധാര്‍മ്മികനിയന്ത്രണം നഷ്ടമായി. പുരുഷന്‍ ഭൗതികനേട്ടം മാത്രം കൊതിച്ചു സ്വാര്‍ത്ഥമതിയായി. ഭര്‍ത്താവു തന്നെ അടിച്ചമര്‍ത്തുന്നതായി ഭാര്യ കരുതിത്തുടങ്ങി. പരസ്പരം വിദ്വേഷവും മാത്സര്യവും നാമ്പെടുത്തു. കുട്ടികളില്‍ നല്ല സ്വഭാവം വളര്‍ത്തേണ്ട മാതാപിതാക്കള്‍ അവരില്‍ സ്വാര്‍ത്ഥതയുടെയും മാത്സര്യത്തിൻ്റെയും വിഷവിത്തുകള്‍ പാകി. അതു പടര്‍ന്നു പന്തലിച്ചു് ഇന്നു് അതിൻ്റെ എല്ലാ ഭീകരതയോടും കൂടി വളര്‍ന്നു നില്ക്കുന്നു. ഇതില്‍നിന്നും ഒരു മോചനം വേണമെങ്കില്‍ സ്ത്രീപുരുഷസമത്വത്തിലുപരി സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവൻ്റെ പങ്കു് അറിഞ്ഞു ജീവിക്കുകയാണാവശ്യം.
പണം മാത്രം നമുക്കു ശാന്തി പകരില്ല. ധനംകൊണ്ടു് ആരും ഇന്നേവരെ സ്വഭാവശുദ്ധിയോ ആത്മശക്തിയോ നേടിയിട്ടില്ല. സ്വയം ആത്മസംതൃപ്തി എന്തെന്നറിയാത്ത മാതാപിതാക്കള്‍ക്കു തങ്ങളുടെ കുട്ടികളില്‍ പരസ്പരധാരണയുടെയും വിട്ടുവീഴ്ച്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കുവാന്‍ എങ്ങനെ കഴിയും? ഇതു കാരണം ഓരോ തലമുറ കഴിയുന്തോറും സമൂഹത്തില്‍ ആസുരികശക്തികള്‍ക്കു സ്ഥാനം വര്‍ദ്ധിക്കുന്നു. അതു കൂടാതെ കഴിക്കണമെങ്കില്‍ മാതാപിതാക്കള്‍ ആദ്യം സ്വയം ആദ്ധ്യാത്മികസംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിച്ചേ മതിയാകൂ.
ലോകത്തില്‍നിന്നു് ഒരു കുട്ടിക്കു് ഏതൊക്കെ രീതിയില്‍ സ്‌നേഹം കിട്ടിയാലും, വാത്സല്യമേകാന്‍ നൂറു കണക്കിനാളുകളുണ്ടായാലും അതൊന്നും മാതൃസ്‌നേഹത്തിനു തുല്ല്യമാകില്ല. കാറിനു് ഓടാന്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി കൂടാതെ പറ്റില്ല. ഒരു കുഞ്ഞിനെ സംബന്ധിച്ചു മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹം ഈ ബാറ്ററി പോലെയാണു്. ജീവിതത്തില്‍ ഏതു സാഹചര്യത്തെയും മനഃസംയമനത്തോടെ നേരിടുവാനുള്ള ശക്തി നമ്മള്‍ നേടുന്നതു്, ബാല്യത്തില്‍ മാതാപിതാക്കളില്‍നിന്നും നമുക്കു ലഭിക്കുന്ന സ്‌നേഹത്തില്‍നിന്നുമാണു്. ലോകത്തില്‍നിന്നും ലഭിക്കുന്ന സ്‌നേഹത്തിൻ്റെയെല്ലാം പിന്നിലുള്ളതു സ്വാര്‍ത്ഥതയാണു്. നമ്മള്‍ പശുവിനെ സ്‌നേഹിക്കുന്നതു് അതിനോടുള്ള സ്‌നേഹം കൊണ്ടല്ല, അതില്‍നിന്നും ലഭിക്കുന്ന പാലിനെ ഓര്‍ത്തിട്ടാണു്. എത്ര പാലു തന്നിരുന്ന പശുവായാലും കറവ വറ്റിയാല്‍, അതിൻ്റെ സ്ഥാനം അറവുശാലതന്നെ. ഭാര്യയോ ഭര്‍ത്താവോ മറ്റെയാളുടെ ഇഷ്ടത്തിനു നിന്നില്ലെങ്കില്‍ ഉടനെ ബന്ധം ഒഴിയുകയായി. എന്നാല്‍ ഒരമ്മ തൻ്റെ കുഞ്ഞിനെ സ്‌നേഹിക്കുന്നതു സ്വാര്‍ത്ഥത വച്ചല്ല.
ഭൗതികവിദ്യാഭ്യാസത്തിലൂടെ ഒരു തൊഴില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ലക്ഷ്യമാക്കേണ്ടതു്, ആദ്ധ്യാത്മികകാര്യങ്ങള്‍ ഗ്രഹിക്കുന്നതിലായിരിക്കണം. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍, നാം വയ്ക്കുന്ന ഓരോ കാല്‍ച്ചുവടും നേരായ മാര്‍ഗ്ഗത്തില്‍ തന്നെയായിരിക്കുവാന്‍ ഈ അറിവു നമ്മളെ സഹായിക്കും. മക്കളേ, ഇതിലൂടെ മാത്രമേ ജീവിതത്തില്‍ ശാന്തി കണ്ടെത്തുവാന്‍ കഴിയൂ. വയറുനിറയെ ഭക്ഷണം കഴിച്ചാലും സ്വസ്ഥമായി ഉറങ്ങണമെങ്കില്‍, മനഃസമാധാനം കൂടാതെ കഴിയില്ല.
ചെളി പ്രദേശത്തു് ഉറപ്പായ അസ്തിവാരം പണിയാതെ വീടു വച്ചാല്‍ ചെറിയ ഒരു കാറ്റില്‍ അതു തകര്‍ന്നു വീഴും. അതുപോലെ വെറും ഭൗതികതയില്‍ കാലൂന്നി നിന്നുകൊണ്ടാണു കുടുംബം നയിക്കുന്നതെങ്കില്‍ നിസ്സാരപ്രശ്‌നങ്ങള്‍ക്കു മുന്നില്‍ കുടുംബബന്ധങ്ങള്‍ തകര്‍ന്നുവീഴും. എന്നാല്‍ ആദ്ധ്യാത്മികാടിത്തറയില്‍ നിന്നുകൊണ്ടു കുടുംബജീവിതം നയിക്കുമ്പോഴാകട്ടെ, വലിയ കൊടുങ്കാറ്റിനെപ്പോലും ഇളം തെന്നലാക്കി എടുക്കുവാന്‍ നമുക്കു സാധിക്കും. അതാണു ശരിയായ തത്ത്വം മനസ്സിലാക്കി കുടുംബജീവിതം നയിച്ചാലുള്ള പ്രയോജനം. കുട്ടികള്‍ക്കു ചെറുപ്പം മുതല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞും മാതൃക കാണിച്ചും കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഒരു വീഴ്ചയും വരുത്തുവാന്‍ പാടില്ല. വികസിത രാജ്യങ്ങളില്‍ സമ്പത്തു ധാരാളം ഉണ്ടെങ്കിലും അവിടങ്ങളില്‍ മാനസികരോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണു്. നിത്യാനിത്യമറിഞ്ഞു ജീവിതം നയിക്കുന്നതിലൂടെ മാത്രമേ, ഏതു സാഹചര്യത്തിലും മനസ്സിന്റെ താളലയം നഷ്ടമാകാതെ മുന്നോട്ടുനീങ്ങാന്‍ കഴിയൂ. അല്ലെങ്കില്‍ ഭൗതികസംസ്‌കാരത്തിന്റെ ഇന്നത്തെ ഈ കടന്നുകയറ്റം നമ്മുടെ സമൂഹത്തിലും മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനേ സഹായിക്കൂ.
അമ്മ ഒരു ഉദാഹരണം പറയാം. ഒരു വീട്ടില്‍ ആകെയുള്ളതു് അച്ഛനും അമ്മയും മകനും ആണു്. അച്ഛന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അമ്മ ഒരു സാമൂഹ്യപ്രവര്‍ത്തകയും. കോളേജില്‍ പഠിക്കുന്ന മകനാകട്ടെ ക്രിക്കറ്റെന്നുവച്ചാല്‍ ജീവനാണു്. അവര്‍ക്കു യാത്ര ചെയ്യുവാന്‍ ഒരു കാറുമുണ്ടു്. ഒരു ദിവസം വൈകുന്നേരം അച്ഛനു് ഒരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടു ചെയ്യുന്ന സമയം ഭാര്യ എത്തി. അവര്‍ക്കു് അപ്പോള്‍ ഒരു കല്ല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടു പേരും തമ്മില്‍ തര്‍ക്കമായി. അതുകേട്ടുകൊണ്ടു മകനും അവിടെ വന്നു. മകന്‍ പറഞ്ഞു, ”ഇന്നു ക്രിക്കറ്റു കളിയുണ്ടു്, അവിടെപ്പോകാന്‍ എനിക്കുവേണം കാറു്.” അങ്ങനെ മൂന്നുപേരും തമ്മില്‍ വാക്കുതര്‍ക്കമായി, ഒച്ചയായി, ബഹളമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകുവാനായില്ല. അവസാനം തമ്മില്‍ വഴക്കടിച്ചതു മിച്ചമായി. അതേസമയം, മൂന്നുപേരും യോജിപ്പോടെ നിന്നിരുന്നുവെങ്കില്‍ ഈ വഴക്കിന്റെ കാര്യമുണ്ടായിരുന്നില്ല. മൂന്നു പേര്‍ക്കും അവരവരുടെ സ്ഥലത്തു കാറില്‍തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്ല്യാണസ്ഥലത്തിറക്കാം, മകനെ കളിസ്ഥലത്തു വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. എന്നാല്‍ ‘ഞാന്‍, ഞാന്‍’ എന്ന ഭാവം കാരണം മൂന്നു പേരുടെയും പരിപാടികള്‍ മുടങ്ങി. യോജിപ്പോടെ നിലേ്ക്കണ്ടവര്‍ തമ്മില്‍ വെറുപ്പും വിദ്വേഷവുമായി. നമ്മുടെ ജീവിതംതന്നെ മക്കള്‍ ഒന്നു നോക്കൂ. ഉള്ള സമയം മുഴുവന്‍ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു തമ്മില്‍ വഴക്കിട്ടു തീര്‍ക്കുകയല്ലേ?
ഇതു മക്കള്‍ മനസ്സിലാക്കണം. പരസ്പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍, കുടുംബബന്ധം നാള്‍ക്കു നാള്‍ ദൃഢപ്പെടുകയേയുള്ളൂ. ശരിയായ കുടുംബബന്ധത്തില്‍ പുരുഷന്‍ സ്ത്രീയെയും, സ്ത്രീ പുരുഷനെയും പരസ്പരം അംഗീകരിക്കുന്നു. അങ്ങനെ അവര്‍ തങ്ങള്‍ക്കിടയില്‍ ഒരു വിശാലലോകം പടുത്തുയര്‍ത്തുന്നു. കുട്ടികള്‍ ജനിച്ചു കഴിയുമ്പോഴാകട്ടെ, ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പു് അവിടംകൊണ്ടും അവസാനിക്കുവാന്‍ പാടില്ല. അതു വ്യാപ്തമായി സര്‍വ്വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു അവസ്ഥയിലേക്കു് ഉയരുവാന്‍ സാധിക്കണം. അതാണു കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. സ്ത്രീയും പുരുഷനും തങ്ങളുടെ പൂര്‍ണ്ണത അവിടെയാണു കണ്ടെത്തേണ്ടതു്. അതാണു നിത്യമായ ആനന്ദത്തിന്റെ ലോകം. അവിടെ ഇന്നലെകളെ ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ത്ഥശൂന്യമായ ആകുലതകളില്ല. ഓരോരുത്തരും ‘എനിക്കെ’ന്നല്ല ‘നിനക്കെ’ന്നു കരുതി ജീവിക്കുന്നു. സ്‌നേഹത്തിന്റെ നിറദീപം തെളിഞ്ഞുകത്തുന്ന ആ കുടുംബശ്രീകോവിലില്‍ ഭഗവാന്‍ സ്വയം എഴുന്നള്ളി എത്തുന്നു.