മക്കളേ, സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരുടെ വേദന കാണുമ്പോഴുള്ള ഹൃദയാലിവുമായിരിക്കണം സേവനത്തിനുള്ള നമ്മുടെ പ്രചോദനം. ക്ഷീണിക്കുന്നു എന്നു തോന്നുമ്പോള്‍തന്നെ ജോലി നിര്‍ത്താതെ കുറച്ചു സമയംകൂടി ജോലി ചെയ്യുവാന്‍ തയ്യാറാകുന്നുവെങ്കില്‍ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ത്യാഗപൂര്‍വ്വം ചെയ്ത ആ കര്‍മ്മം ജോലിയോടുള്ള നമ്മുടെ സമര്‍പ്പണത്തെയാണു കാണിക്കുന്നതു്. അതില്‍നിന്നു ലഭിക്കുന്ന പണം സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നുവെങ്കില്‍ അതാണു നമ്മുടെ കരുണ നിറഞ്ഞ മനസ്സു്.
മക്കളേ, പ്രാര്‍ത്ഥനകൊണ്ടു മാത്രം പ്രയോജനമില്ല. ശരിയായ രീതിയില്‍ കര്‍മ്മം അനുഷ്ഠിക്കുവാന്‍ കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസയോഗ്യതമാത്രം പോരാ. സ്വഭാവസര്‍ട്ടഫിക്കറ്റു കൂടി ഹാജരാക്കണം. അരി വെള്ളത്തിലിട്ടു തിളപ്പിച്ചതുകൊണ്ടു മാത്രം പായസമാവുകയില്ല. കൂടെ ശര്‍ക്കരയും തേങ്ങയും വേണം. ഇവയൊക്കെക്കൂടിച്ചേരുമ്പോഴാണു പായസമാവുന്നതു്. അതുപോലെ, ഈശ്വരകൃപയ്ക്ക് അര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രംപോരാ. നിഷ്‌കാമസേവനം, ത്യാഗം, സമര്‍പ്പണം, കരുണ ഇവയൊക്കെ നമ്മിലുണ്ടാകണം.
ഒരു വലിയ പണക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിനു വളരെയധികം സമ്പത്തുണ്ടായിട്ടും ഒരു സ്വസ്ഥതയും കിട്ടിയില്ല. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എപ്പോഴും സുഖമായിരിക്കും എന്നു് അദ്ദേഹം ചിന്തിച്ചു. അതിനുള്ള മാര്‍ഗ്ഗം തേടി പലരെയും സമീപിച്ചു. അവസാനം ഒരു സന്ന്യാസിയുടെ അടുത്തെത്തി. സന്ന്യാസി പറഞ്ഞു, ”ദാനം ചെയ്താല്‍ സ്വര്‍ഗ്ഗത്തിലെത്താം. ആളെ നോക്കാതെ വേണം ദാനം ചെയ്യേണ്ടതു്. പണം എണ്ണാതെ വാരി കൊടുക്കണം.” ദാനം ചെയ്യുന്നതിനുവേണ്ടി പണക്കാരന്‍ കുറെ പശുക്കളെ വാങ്ങി. പക്ഷേ, പണം അധികം മുടക്കേണ്ടി വന്നില്ല. പ്രായംചെന്നു കറവവറ്റിയ, ആരും വാങ്ങാനില്ലാതെ നിര്‍ത്തിയിരുന്ന പശുക്കളെയാണു വാങ്ങിയതു്. ദാനം ചെയ്യുന്നതിനുവേണ്ടി കുറച്ചു പണം ഒന്നിൻ്റെയും രണ്ടിൻ്റെയും നാണയങ്ങളാക്കി മാറ്റി. കാരണം വാരിക്കൊടുക്കുമ്പോള്‍ അധികമാകാന്‍ പാടില്ല. എണ്ണിക്കൊടുക്കരുതെന്നാണു സന്ന്യാസി പറഞ്ഞിട്ടുള്ളതു്.
ദാനം നല്കുന്ന ദിവസം മുന്‍കൂട്ടി എല്ലാവരെയും അറിയിച്ചു. പണക്കാരൻ്റെ പ്രവൃത്തികള്‍ എല്ലാം സന്ന്യാസി മനസ്സിലാക്കി. സ്വര്‍ഗ്ഗം മോഹിച്ചു ചെയ്യുന്ന ഈ കര്‍മ്മം, അയാളെ നരകത്തിലെത്തിക്കാനേ സഹായിക്കൂ എന്നോര്‍ത്തു് അദ്ദേഹം വിഷമിച്ചു. പണക്കാരനെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു തീരുമാനിച്ച സന്ന്യാസി ഒരു യാചകൻ്റെ വേഷത്തില്‍ ദാനം സ്വീകരിക്കുവാന്‍ ചെന്നവരുടെ കൂട്ടത്തില്‍ നിന്നു. അദ്ദേഹത്തിനു് ഒരു പിടി പണവും, എല്ലുന്തിയ നടക്കുവാന്‍ കൂടി കെല്പില്ലാത്ത ഒരു പശുവിനെയും കിട്ടി. അതു കിട്ടിയ ഉടനെ സന്ന്യാസി തൻ്റെ ഭാണ്ഡത്തില്‍നിന്നും ഒരു സ്വര്‍ണ്ണപ്പാത്രം പണക്കാരനു കാഴ്ചവച്ചു. ഇതു കണ്ടപ്പോഴേക്കും പണക്കാരനു വലിയ സന്തോഷമായി. കൊടുത്തതിനെക്കാള്‍ എത്രയോ അധികം വിലയുള്ളതാണു കിട്ടിയതു്.
സന്തോഷത്താല്‍ മതിമറന്നു നില്ക്കുന്ന പണക്കാരനോടു ഭിക്ഷുവിൻ്റെ വേഷത്തില്‍ വന്ന സന്ന്യാസി പറത്തു, ‘അങ്ങയോടു് എനിക്കു് ഒരു അപേക്ഷയുണ്ടു്. ഞാനീ തന്ന സാധനം സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ അങ്ങു തിരിച്ചുതരണം.’ പണക്കാരന്‍ അതിശയിച്ചു. ‘സ്വര്‍ഗ്ഗത്തില്‍ വരുമ്പോള്‍ തിരിച്ചുതരുവാനോ? അതെങ്ങനെ കഴിയും? മരിച്ചു കഴിഞ്ഞല്ലേ സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു്. ആ സമയം ഇതൊക്കെ എങ്ങനെ കൂടെ കെണ്ടുവരും? മരിച്ചുകഴിഞ്ഞാല്‍ ഇതൊന്നും കൂടെ വരില്ല.’ ഈ ചിന്ത അദ്ദേഹത്തിൻ്റെ മനസ്സില്‍ വീണ്ടും വീണ്ടും ഉയര്‍ന്നു. മരിച്ചു കഴിഞ്ഞാല്‍ ഇവയൊന്നും കൂടെവരില്ല എന്ന ശരിയായ ബോധം അദ്ദേഹത്തില്‍ ഉദിച്ചു.
‘മരിച്ചു കഴിഞ്ഞാല്‍ സമ്പത്തുകള്‍ ഒന്നുംകൂടെ കൊണ്ടുപോകാന്‍ പറ്റില്ല. പിന്നെ എന്തിനു് ഈ സാധുക്കളോടു പിശുക്കു കാട്ടണം? ഇവരോടു പിശുക്കു കാട്ടിയ ഞാനെത്ര പാപിയാണു്.’ തൻ്റെ കണ്ണുകള്‍ക്കു പ്രകാശം നല്കിയ ആ സാധുവിൻ്റെ പാദങ്ങളില്‍ അദ്ദേഹം സാഷ്ടാംഗം നമസ്‌കരിച്ചു. എല്ലാവരോടും തൻ്റെ തെറ്റുകള്‍ക്കു മാപ്പപേക്ഷിച്ചു. സമ്പത്തു മുഴുവന്‍ യാതൊരു ലോഭവും കൂടാതെ ദാനം ചെയ്തു. ആ സമയം അദ്ദേഹത്തിനു ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്ര ആനന്ദം അനുഭവപ്പെട്ടു.