ചോദ്യം : ഈശ്വരന്‍ സൃഷ്ടിച്ചിരിക്കുന്ന വിഷയങ്ങളെ അനുഭവിക്കുന്നതില്‍ എന്താണു തെറ്റെന്നു് എനിക്കു മനസ്സിലാകുന്നില്ല. ഈശ്വരന്‍ ഇന്ദ്രിയങ്ങളെ നല്കിയിരിക്കുന്നതുതന്നെ വിഷയങ്ങളെ അനുഭവിക്കാനല്ലേ?

അമ്മ: മോനേ, അമ്മ പറഞ്ഞില്ലേ ഏതിനും ഒരു നിയമവും ഒരു പരിധിയുമുണ്ടു്. അതനുസരിച്ചു നീങ്ങണം. ഓരോന്നിനും ഓരോ സ്വഭാവമുണ്ടു്. അതറിഞ്ഞു ജീവിക്കണം. ഈശ്വരന്‍ ഇന്ദ്രിയങ്ങള്‍ മാത്രമല്ല വിവേകബുദ്ധിയും മനുഷ്യനു നല്കിയിട്ടുണ്ടു്. വിവേകപൂര്‍വ്വം ജീവിക്കാതെ സുഖമന്വേഷിച്ചു വിഷയങ്ങളുടെ പിന്നാലെ പാഞ്ഞാല്‍ സുഖവും ശാന്തിയും കിട്ടില്ല. എന്നെന്നും ദുഃഖമായിരിക്കും ഫലം.

ഒരിക്കല്‍ ഒരു മനുഷ്യന്‍ ദേശാടനത്തിനിറങ്ങിത്തിരിച്ചു. കുറെ ദൂരം യാത്ര ചെയ്തു വേറൊരു രാജ്യത്തിലെത്തിച്ചേര്‍ന്നു. അവിടെ ആദ്യമായാണയാള്‍ വരുന്നതു്. ഒരു പരിചയവുമില്ലാത്ത ആളുകള്‍. ഭാഷയും വശമില്ല. അവരുടെ ഭക്ഷണരീതിയും നാട്ടാചാരവും ഒന്നു മറിയില്ല. എങ്കിലും ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ടയാള്‍ മുന്നോട്ടു നടന്നു. അങ്ങനെ ഒരു കടയുടെ മുന്നില്‍ ചെന്നെത്തി. അവിടെ ഒരു ജനക്കൂട്ടം. ഓരോ സാധനം വാങ്ങുവാന്‍ വന്നവരാണു്. പല നിറത്തിലും വലുപ്പത്തിലുമുള്ള പഴങ്ങളും മറ്റും അവിടെ നിരത്തിവച്ചിരിക്കുന്നു. അവയില്‍ പലതും മുന്‍പു കണ്ടിട്ടേയില്ല. അതിലൊരെണ്ണം മിക്കവരും വാങ്ങുന്നതയാള്‍ ശ്രദ്ധിച്ചു. നല്ല മധുരമുള്ളതായിരിക്കും അതെന്നു കരുതി അയാളും കുറെ വാങ്ങി ബാഗിലാക്കി. വീണ്ടും കുറെനേരം എല്ലാം കണ്ടുകൊണ്ടു നടന്നു തളര്‍ന്നപ്പോള്‍ ഒരു മരച്ചുവട്ടില്‍ ചെന്നിരുന്നു. ബാഗു തുറന്നു് അതില്‍നിന്നൊരെണ്ണം എടുത്തു കടിച്ചു. നല്ല എരിവു്. മദ്ധ്യഭാഗം കടിച്ചു. അവിടെയും എരിവു്. ചുവടുഭാഗത്തു മധുരം കാണുമെന്നു കരുതി വീണ്ടും കടിച്ചു. അപ്പോഴും എരിവുതന്നെ. വേറൊരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. മധുരമുള്ള ചിലതെങ്കിലും കാണുമെന്നു ചിന്തിച്ചു മറ്റൊരെണ്ണം എടുത്തു. അതിനും എരിവല്ലാതെ മധുരമില്ല. അയാള്‍ എന്നിട്ടും ആശ കൈ വിട്ടില്ല, അടുത്തതിനെങ്കിലും നല്ല മധുരമുണ്ടാകുമെന്നു ചിന്തിച്ചു വീണ്ടും ഒരെണ്ണം എടുത്തു കടിച്ചു. അതിനും എരിവുതന്നെ. ഇത്രയുമായപ്പോഴേക്കും വായ് പൊള്ളിപ്പോകുന്നതുപോലെ എരിയാന്‍ തുടങ്ങി. കണ്ണില്‍ക്കൂടി വെള്ളമൊഴുകി. എന്നിട്ടും ഒരെണ്ണമെങ്കിലും മധുരമുള്ളതു കാണുമെന്നു കരുതി അവ തിന്നുന്നതു നിര്‍ത്തിയില്ല. അങ്ങനെ മധുരം കൊതിച്ചു കൈയിലുണ്ടായിരുന്നതു മുഴുവന്‍ തിന്നുനോക്കി. എരിവിൻ്റെ കാഠിന്യം മേല്ക്കുമേല്‍ കൂടുന്നതല്ലാതെ മധുരം കിട്ടിയില്ല.

പാവം മനുഷ്യന്‍! മധുരമുള്ള പഴമാണെന്നു കരുതി വാങ്ങിയതു നല്ല എരിവുള്ള പഴുത്ത മുളകുകളായിരുന്നു. ഒന്നുരണ്ടെണ്ണം കടിച്ചു നോക്കി എരിവാണെന്നു കണ്ടയുടനെ അവ ഉപേക്ഷിച്ചാല്‍ മതിയായിരുന്നു. എരിവും പുകച്ചിലും കാരണം കിടന്നു പുളയേണ്ടി വരില്ലായിരുന്നു. എന്നാല്‍ മധുരം കിട്ടുമെന്ന മോഹത്തില്‍ അവസാനത്തെ മുളകുവരെയും തിന്നുതീര്‍ത്തു. ഒന്നും കളഞ്ഞില്ല. മുളകിൻ്റെ സ്വഭാവം എരിവാണു്. അതറിയാതെ മധുരം മോഹിച്ചു കഴിച്ചതു കാരണം എരിവു സഹിക്കേണ്ടി വന്നു. പുറമെ കാഴ്ചയ്ക്കുള്ള സുഖം മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. ഇതുപോലെ നമ്മള്‍ സുഖം സ്വഭാവമല്ലാത്ത വസ്തുക്കളില്‍ സുഖം തേടുന്നു. ഒരു വസ്തുവില്‍നിന്നും മറ്റൊരു വസ്തുവിലേക്കു നീങ്ങുന്നു. സുഖം പുറമെയുള്ള വസ്തുക്കളില്‍നിന്നും കിട്ടുമെന്നുള്ളതു മനസ്സിൻ്റെ തോന്നലാണു്. വാസ്തവത്തില്‍ സുഖം പുറത്തെ വസ്തുക്കളിലല്ല, നമ്മുടെ ഉള്ളിലാണു്. ഇതു മനസ്സിലാക്കി ആനന്ദത്തിൻ്റെ യഥാര്‍ത്ഥ ഉറവിടം തേടാനാണു് ഈശ്വരന്‍ നമുക്കു ശരീരവും ഇന്ദ്രിയങ്ങളും വിശേഷബുദ്ധിയും തന്നിട്ടുള്ളതു്. ഇന്ദ്രിയങ്ങളെ അവിവേകമായി ഉപയോഗിച്ചാല്‍ പ്രതീക്ഷിച്ച സുഖത്തിനു പകരം ദുഃഖമായിരിക്കും ലഭിക്കുന്നതു്.

തുടരും…..