ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്.

എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന്‍ ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു.

‘ങാ! ഇവനെ എൻ്റെ ഗുരുവാക്കാന്‍ കൊള്ളാം.’ ”ഒട്ടകം, നീ എൻ്റെ ഗുരുവാകുമോ?” ഒട്ടകം തലയാട്ടി.
അയാള്‍ ഒട്ടകത്തെ ഗുരുവായി സ്വീകരിച്ചു.
”ഗുരോ, അങ്ങയെ ഞാന്‍ വീട്ടില്‍ കൊണ്ടുപോകട്ടെ?” ഒട്ടകം വീണ്ടും തലയാട്ടി.
അയാളതിനെ വീട്ടില്‍ കൊണ്ടുവന്നു കെട്ടി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു, ”ഗുരോ ഞാന്‍ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. കല്യാണം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി.
”ഗുരോ എനിക്കു് കുട്ടികളൊന്നുമില്ല?” ഒട്ടകം തലയാട്ടി. കുട്ടികള്‍ ജനിച്ചു.
”ഗുരോ, ഞാന്‍ കൂട്ടുകാരോടൊത്തു അല്പം മദ്യം കഴിച്ചോട്ടേ?” ഒട്ടകം തലയാട്ടി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആള്‍ നല്ല ഒരു മദ്യപനായി. ഭാര്യയുമായി വഴക്കായി.
”ഗുരോ, ഭാര്യ എന്നെ ശല്യം ചെയ്യുന്നു. ഞാനവളെ കുത്തിക്കൊല്ലട്ടേ?” ഒട്ടകത്തിനോടു ചോദിച്ചു. ഒട്ടകം തലകുലുക്കി.
അയാള്‍ പിച്ചാത്തിയെടുത്തു ഭാര്യയെ കുത്തി. ആ സാഹചര്യത്തില്‍ പോലീസു് അവിടെ വരാനിടയായി. അയാളെ അറസ്റ്റു ചെയ്തു ജയിലില്‍ കൊണ്ടിട്ടു. എന്നത്തേക്കും കാരാഗൃഹത്തിലായി.

”മോനേ, നമ്മുടെ ഇഷ്ടമനുസരിച്ചു നയിക്കുന്ന ഒരു ഗുരുവിനെ കിട്ടിയാലും തന്നിഷ്ടംപോലെ നീങ്ങിയാലും ഇതുപോലെ ബന്ധനങ്ങളില്‍ ആയിരിക്കും ചെന്നെത്തുക. നമുക്കു് ഈശ്വരന്‍ തന്ന വിവേകബുദ്ധിയുണ്ടു്. അതുപയോഗിച്ചു കര്‍മ്മം ചെയ്യണം. ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങണം. ഗുരു ശിഷ്യര്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണു്. മോനേ, അദ്വൈതം മാത്രമാണു സത്യം. എന്നാലതു വാക്കുകൊണ്ടു പറയേണ്ട കാര്യമല്ല. അതു ജീവിതമാണു്. അനുഭവമാണു്. അതു സ്വാഭാവികമായി വരേണ്ടതാണു്. പുഷ്പം വിടരുമ്പോള്‍ പരിമളം താനേ വന്നുകൊള്ളും.