അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ സ്വയംപര്യാപ്ത ഗ്രാമ പദ്ധതി വഴിത്തിരിവാകുന്നു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഭാരതം വികസിക്കൂ എന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിന്തയിലും സ്വാശ്രയ ഗ്രാമം തന്നെയായിരുന്നു രാമരാജ്യം എന്ന സങ്കല്പത്തിന്റെ അടിത്തറ. പൗരാണിക ഭാരതത്തില്‍ ഗ്രാമീണ ജീവിതം സ്വയം പര്യാപ്തവും സുസ്ഥിരവുമായിരുന്നു. കൃഷി മുതല്‍ ആതുര ശ്രുശ്രൂഷ വരെ എല്ലാ മേഖലകളിലും തനത് സമ്പ്രദായം അവര്‍ വികസിപ്പിച്ചിരുന്നു. പരാശ്രയത്തിലേയ്ക്ക് വഴുതി മാറിയ ഗ്രാമജീവിതത്തെ വീണ്ടും സമ്പുഷ്ടമാക്കാനാണ് അമ്മ മാതൃകാ ഗ്രാമവികസന പദ്ധതിയ്ക്ക് രൂപം കൊടുത്തത്. അമ്മയുടെ 60 ാം ജന്മദിനത്തോടനുബന്ധിച്ച് 2013 ലാണ് പദ്ധതി ആരംഭിച്ചത്.
സ്വയം പര്യാപ്ത ഗ്രാമം എന്ന ഈ പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 101 ഗ്രാമങ്ങളാണ് ഏറ്റെടുത്തത്. ”നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടി ഭക്ഷണം നല്‍കി നിലനിര്‍ത്തുന്നത് ഗ്രാമീണ ജനതയുടെ അദ്ധ്വാനമാണ് പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളെ പാര്‍ശ്വവല്‍ക്കരിച്ച് ചൂഷണം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗ്രാമങ്ങളാണ് നമ്മുടെ അടിസ്ഥാനമെന്ന കാര്യം അംഗീകരിച്ച് ഒരു മനസ്സോടെയും ഒരേ ഹൃദയത്തോടെയും അവരേയും ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കാനും പുരോഗതിയിലേയ്ക്ക് നയിക്കാനുമുള്ള ബാധ്യത നമുക്കുണ്ട് ” ഈ പദ്ധതി വിഭാവന ചെയ്തു കൊണ്ട് ശ്രീ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞ വാക്കുകളാണ്.
മൊത്തം ജനസംഖ്യയുടെ 69 ശതമാനം ഇന്നും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് 35 ശതമാനം ഗ്രാമീണര്‍ക്കേ നല്ല കുടിവെള്ളമുള്ളൂ 31 ശതമാനം ഗ്രാമീണര്‍ക്കേ ശൗചാലയങ്ങളുള്ളൂ ഏതാണ്ട് 59 ശതമാനവും നിരക്ഷരരാണ് ഈ അടിത്തറയില്‍ നിന്നാണ് സ്വയം പര്യാപ്ത ഗ്രാമ പദ്ധതി തുടങ്ങിയത് 101 ഗ്രാമങ്ങളുടെയും ജീവിതത്തില്‍ സമഗ്രമായ മാറ്റമാണ് വരുത്തിയത്. തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സാഡിവയല്‍ എന്ന ആദിവാസി ഗ്രാമം മികച്ച ഉദാഹരണമാണ്. പലതരത്തിലുള്ള കൃഷി ചെയ്ത് പരാജയപ്പെട്ട ഗ്രാമീണ കര്‍ഷകരെ ഒന്നിച്ച് ചേര്‍ത്ത് ജൈവ നെല്‍ കൃഷി തുടങ്ങി. കൂട്ടു കൃഷിയായാണ് പദ്ധതി തുടങ്ങിയത്. 20 കൃഷിക്കാരുടെ 35 ഏക്കര്‍ നിലമാണ് ഒന്നിച്ചാക്കി ജൈവ നെല്‍ കൃഷി നടത്തിയത്. ഭവാനിയെന്ന നെല്ലിനമാണ് കൃഷി ചെയ്തത് .ഓരോരുത്തര്‍ക്കും ഏക്കറിന് 20000 രൂപയോളം ഒറ്റ കൃഷിയില്‍ത്തന്നെ ലാഭം കിട്ടി കൃഷി നഷ്ടത്തെത്തുടര്‍ന്ന് ജീവിതം വഴി മുട്ടിയ ഒരു ഗ്രാമം പുന രുജ്ജീവിക്കപ്പെടുകയായിരുന്നു. ” ജൈവ കൃഷി ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു പ്രതിബന്ധങ്ങളുങ്കെിലും ഞങ്ങള്‍ ഇത് തുടരും മണ്ണിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ജൈവകൃഷി അനിവാര്യമാണ് ” ഗ്രാമത്തിലെ കാളി സ്വാമി പറയുന്നു.
ഗ്രാമീണ സ്ത്രീകള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന രീതിയിലുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും രൂപം കൊടുത്തിട്ടുണ്ട്. ഒരോ ഗ്രാമത്തിലും അമൃതയുടെ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരും എത്തുന്നു.
ഉത്തരപ്രദേശിലെ സരായി നൂറുദ്ദീന്‍പൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് നെയ്ത്തിലും ബാഗ് നിര്‍മ്മാണത്തിലുമാണ് പരിശീലനം നല്‍കിയത്. ഗ്രാമീണ സ്ത്രീകളുടെ ജീവിതം സ്വയം പര്യാപ്തമാക്ക്കാൻ ഉതകുന്ന രീതിയില്‍ ഇവിടെ ബാഗുകളും മറ്റും നിര്‍മ്മിക്കുന്നു.
തമിഴ്‌നാട്ടിലെ സാഡിവയലില്‍ ജിമുക്കി നിര്‍മ്മിക്കുന്ന യൂണിറ്റാണ് തുടങ്ങിയത്. പരിശീലം നേടിയ സ്ത്രീകള്‍ കരകൗശല ഉല്പന്നമെന്ന നിലയിലാണ് ജിമുക്കി ഉണ്ടാക്കുന്നതും വിപണിയില്‍ ഇറക്കുന്നതും.
മഹാരാഷ്ട്രയിലെ റാന്‍സായിയില്‍ യന്ത്രസഹായമില്ലാതെ കറിമസാലപ്പൊടികള്‍ ഉണ്ടാക്കുന്ന സ്ത്രീകളുടെ സംരംഭമാണ് തുടങ്ങിയത്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഇതിന് വന്‍ ഡിമാന്റാണ് ലഭിച്ചിട്ടുള്ളത്.
ഒഡീഷയിലെ ഗുപ്തപാദ ഗ്രാമത്തില്‍ കൂണ്‍ കൃഷി തുടങ്ങി, കൂണ്‍ കൃഷി ചെയ്യുന്ന ഒരു ബെഡ്ഡിന് 30 രൂപ വെച്ച് സ്ത്രീകള്‍ തന്നെയാണ് ഒരുക്കിയത്. ഒരു കിലോ കൂണിന് 50 രൂപ മുതല്‍ 60 രൂപ വരെ വെച്ചു വിററഴിക്കുന്നു.
പശ്ചിമ ബംഗാളിലെ കാളി നഗറില്‍ പ്രാദേശിക വിപണിയില്‍ കാളീ നഗറിലെ സ്ത്രീകള്‍ ഉണ്ടാക്കുന്ന പപ്പടമാണ് ഇന്ന് വിററഴക്കപ്പെടുന്നത്.
ഉത്തരാഖണ്ഠിലെ ദുണ്ഠയില്‍ പേപ്പര്‍ ബാഗുകളും ഉപയോഗശൂന്യമായ പേപ്പറുകളുടെ പുനരുപയോഗത്തിനുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്.ഇത് കൂടാതെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാഡുകള്‍ക്ക് പകരം പരിസ്ഥിതിയെ ബാധിക്കാത്ത പരുത്തിത്തുണിയുടെ പാഡുകള്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ യൂണിറ്റുകളും മിക്ക ഗ്രാമങ്ങളിലും നടപ്പാക്കിയിരിക്കുന്നു.
ഉപയോഗയോഗ്യമായ കുടിവെള്ളം, സാക്ഷരത, യോഗ തുടങ്ങിയവയ്ക്കും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
വൃക്ഷത്തൈ നടീല്‍ എല്ലാ ഗ്രാമങ്ങളിലും വിപുലമായി നടത്തി വരുന്നു.
എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ പരിശീലനം നല്‍കി നടപ്പാക്കിയ പദ്ധതി, വൻ വിജയമാണ് കൈവരിച്ചത്. ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധത്‌യ്ക്ക് സ്ത്രീകള്‍ തന്നെയാണ് മുന്‍ കൈ എടുക്കുന്നത്.
സാക്ഷരതാ പദ്ധതിയിലും ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് ചേന്നിട്ടുള്ളത് വൈദ്യുതി എത്താത്ത ഗ്രാമങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
സ്വാമി ജ്ഞാനാമൃത പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത സെര്‍വ്വ് നടപ്പാക്കുന്നത്.