ജനങ്ങളുടെ കഷ്ടത കാണുമ്പോള്‍, ഹൃദയത്തില്‍ കാരുണ്യം ഊറുന്നവനു മടിപിടിച്ചിരിക്കാനാവില്ല. ഈ കാരുണ്യമുള്ള ഹൃദയത്തിലേ ഈശ്വരൻ്റെ കൃപ എത്തുകയുള്ളൂ.
ഈ കാരുണ്യമില്ലാത്തിടത്തു് ഈശ്വരകൃപ എത്തിയാലും പ്രയോജനപ്പെടില്ല. കഴുകാത്ത പാത്രത്തില്‍ പാലൊഴിക്കുന്നതുപോലെയാണതു്. മറ്റുള്ളവര്‍ക്കു പ്രയോജനപ്രദമാകുന്ന കര്‍മ്മം ചെയ്യുന്നതിലൂടെ മാത്രമേ അന്തഃകരണശുദ്ധി നേടാനാവൂ.
ഒരു രാജ്യത്തെ രാജാവിനു രണ്ടു മക്കളുണ്ടായിരുന്നു. രാജാവിനു വാനപ്രസ്ഥത്തിനു പേകേണ്ട സമയമായി. മക്കളില്‍ ആരെ രാജാവായി വാഴിക്കണം. ജനങ്ങളെ സ്നേഹിക്കുന്ന ഒരാളായിരിക്കണം രാജാവാകേണ്ടതു്. രാജാവിനു് ഒരു തീരുമാനത്തിലെത്താനായില്ല. അദ്ദേഹം തൻ്റെ ഗുരുവിനെ സമീപിച്ചു. ഭാവി അറിയാന്‍ കഴിയുന്ന ആളാണല്ലോ ഗുരു. കുട്ടികളെയും കൂട്ടി അദ്ദേഹം ഗുരുവിനു് അരികിലെത്തി. തൻ്റെ ആഗ്രഹം ഗുരുവിനെ അറിയിച്ചു.
എല്ലാം കേട്ടശേഷം ഗുരു പറഞ്ഞു. ”കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അടുത്ത ദ്വീപിലേക്കു പോകും. രാജകുമാരന്മാരെ അവിടേക്കയയ്ക്കണം. കുതിരപ്പുറത്തോ വാഹനങ്ങളിലോ വരാന്‍ പാടില്ല. കൂടെ സേവകരെയും അയയ്ക്കരുതു്. ഭക്ഷണം പുറപ്പെടുമ്പോള്‍ത്തന്നെ അവരെ ഏല്പിച്ചാല്‍ മതി.” ഗുരു പറഞ്ഞ ദിവസംതന്നെ, കുമാരന്മാരെ രാജാവു ദ്വീപിലേക്കു യാത്രയാക്കി. ഗുരുവിൻ്റെ നിര്‍ദ്ദേശപ്രകാരം, ആരുടെയും അകമ്പടി കൂടാതെയാണു് അവര്‍ യാത്രതിരിച്ചതു്.
ആദ്യം പുറപ്പെട്ടതു മൂത്ത കുമാരനാണു്. പോകുന്ന വഴി ഒരു ഭിക്ഷക്കാരന്‍ അദ്ദേഹത്തിൻ്റെ അടുത്തേക്കു് ഓടിച്ചെന്നു. അയാള്‍ കുമാരനോടു, ”വിശക്കുന്നേ, രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ടു്. വല്ലതും തരണേ” എന്നു യാചിച്ചു. കുമാരനു് ഇതൊട്ടും ഇഷ്ടമായില്ല. കുമാരന്‍ ഗൗരവത്തോടെ അവിടെ ഉണ്ടായിരുന്ന ജനങ്ങളെ നോക്കി പറഞ്ഞു. ”ഞാന്‍ രാജാവിൻ്റെ മൂത്ത പുത്രനല്ലേ. ഞാന്‍ വരുമ്പോള്‍, ഈ യാചകരെയൊക്കെ വഴിയില്‍ നിര്‍ത്തുന്നതു ശരിയാണോ?.” മേലില്‍ ഇതാവര്‍ത്തിക്കരുതെന്നു് ആജ്ഞാപിച്ചിട്ടു കുമാരന്‍ നടന്നുപോയി.
അല്പനേരത്തിനു ശേഷം രണ്ടാമത്തെ കുമാരനും അതുവഴി വന്നു. പഴയതുപോലെ, യാചകന്‍ ഇളയകുമാരൻ്റെ അടത്തുവന്നു ഭക്ഷണത്തിനു യാചിച്ചു. ‘ഞാന്‍ ഇന്നു കാലത്തു ഭക്ഷണം കഴിച്ചതാണു്. ഈ സാധുവാകട്ടെ ഭക്ഷണം കഴിച്ചിട്ടു രണ്ടു ദിവസമായെന്നു തോന്നുന്നു. കഷ്ടം…’ ഇങ്ങനെ ചിന്തിച്ചു കൈയിലുണ്ടായിരുന്ന ഭക്ഷണപ്പൊതി ആ സാധുവിനു നല്കി. യാചകനെ ആശ്വസിപ്പിച്ചതിനു ശേഷമേ ഇളയകുമാരന്‍ അവിടെനിന്നും പോയുള്ളൂ.
കുമാരന്മാര്‍ക്കു ഒരു പുഴ കടന്നുവേണം ദ്വീപിലെത്താന്‍. അവര്‍ നദിക്കരയിലെത്തി. അവിടെ ദേഹം മുഴുവന്‍ പഴുത്തളിഞ്ഞ വ്രണവുമായി നീന്തലറിയാത്ത ഒരു കുഷ്ഠരോഗി തന്നെക്കൂടി അക്കരെ കടത്തുന്നതിനായി യാചിച്ചുകൊണ്ടിരിക്കുകയാണു്. മൂത്തകുമാരന്‍ ദുര്‍ഗ്ഗന്ധം കാരണം മൂക്കും പൊത്തിപ്പിടിച്ചു വെള്ളത്തിലേക്കിറങ്ങി നടന്നു. പക്ഷേ, കുഷ്ഠരോഗിയാണെങ്കിലും ആ സാധുവിനെ ഉപേക്ഷിച്ചു പോകുവാന്‍ ഇളയകുമാരനു കഴിഞ്ഞില്ല. ‘പാവം ഈ സാധുവിനെ ഞാനും ഉപേക്ഷിച്ചാല്‍, പിന്നെ ആരു സഹായിക്കും.’ ഈ ചിന്തയോടെ കുമാരന്‍ ആ കുഷ്ഠരോഗിയെ എടുത്തു തോളിലിട്ടു കൊണ്ടു് അക്കരെയെത്തുന്നതിനായി നദിയിലേക്കിറങ്ങി നടന്നു തുടങ്ങി.
പെട്ടെന്നാണു നദിയിലെ ജലനിരപ്പുയര്‍ന്നതു്. ഉരുള്‍പൊട്ടിയതാണു്. വെള്ളം ശക്തിയായി ഒഴുകിവരികയാണു്. മൂത്തകുമാരനു കാലു നിലത്തുറപ്പിക്കാന്‍ കഴിഞ്ഞില്ല. വെള്ളം അത്രയ്ക്കുയര്‍ന്നു. നീന്താന്‍ ശ്രമിച്ചിട്ടും കഴിയുന്നില്ല. ശക്തിയായ ഒഴുക്കില്‍പ്പെട്ടു മൂത്തകുമാരന്‍ താഴേക്കൊഴുകി. ജലനിരപ്പുയര്‍ന്നെങ്കിലും ഇളയ കുമാരന്‍, കുഷ്ഠരോഗിയെ കൈവിട്ടില്ല. ആ സാധുവിനെയും തോളിലിട്ടുകൊണ്ടു നീന്താന്‍ ശ്രമിച്ചു. കൈകാലുകള്‍ കുഴഞ്ഞു. പിടിച്ചുനില്ക്കുവാന്‍ പറ്റാത്ത അവസ്ഥയായി. പെട്ടെന്നാണു്, ഒരു മരം കടപുഴകി ഒഴുകിവരുന്നതു് കുമാരന്‍ കണ്ടതു്. വേഗം അതില്‍ കടന്നുപിടിച്ചു. കുഷ്ഠരോഗിയെയും അതില്‍ കയറ്റിയിരുത്തി.
രണ്ടു പേരും ആ മരത്തിൻ്റെ സഹായത്താല്‍ വെള്ളത്തില്‍ താഴാതെ മറുകരയെത്തി. ആ കുഷ്ഠരോഗിയെ സുരക്ഷിതമായി എത്തിച്ചതിനുശേഷം കുമാരന്‍ ഗുരുവിൻ്റെ അടുത്തെത്തി. അതോടെ ഇളയ കുമാരന്‍തന്നെ രാജാവാകാന്‍ യോഗ്യനെന്നു തെളിയുകയും ചെയ്തു. ഇളയകുമാരൻ്റെ കാരുണ്യമാണു കൃപയായി, വൃക്ഷമായി വന്നു കുമാരനെ തുണച്ചതു്. കാരുണ്യമുള്ളവൻ്റെ അടുത്തു കൃപ താനെയെത്തും. എത്ര നീന്തറിയുന്നവനും ശക്തമായ ഒഴുക്കില്‍ രക്ഷപ്പെടാനാവില്ല. അവിടെ ഈശ്വരകൃപ ഒന്നു മാത്രമേ ആശ്രയമാകുകയുള്ളൂ. ഈ കൃപ നേടണമെങ്കില്‍, നമ്മളില്‍നിന്നു നല്ല കര്‍മ്മങ്ങള്‍ ഉണ്ടാവാതെ ഒരിക്കലും സാദ്ധ്യമല്ല. മക്കളേ, നമ്മുടെ ഓരോ കര്‍മ്മത്തിലും കാരുണ്യം നിറഞ്ഞുനില്ക്കണം.