ഭൂമുഖത്തു് കാടുകളാണു് അന്തരീക്ഷത്തിലെ വായുവിൻ്റെ ശുദ്ധി സംരക്ഷിക്കുന്നതു്. ഭൂമിയിലുള്ള കാടുകൾ ഇപ്പോൾ നാലിലൊന്നായിക്കുറഞ്ഞു.

ആധുനികമനുഷ്യൻ വിഷപൂരിതമാക്കിയ അന്തരീക്ഷവായുവിൻ്റെ ശുദ്ധി വീണ്ടെടുക്കുവാൻ ഇതുമൂലം സാധിക്കുന്നില്ല. ഉള്ള കാടുകൾ ഇനിയെങ്കിലും നശിക്കാതെ നോക്കാനും കഴിയുന്നത്ര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും എല്ലാ രാജ്യങ്ങളിലുമുള്ള ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

സ്വന്തമായി അഞ്ചു സെൻ്റെ ഉള്ളൂവെങ്കിലും അവിടെ എന്തെങ്കിലും പച്ചക്കറികൾ നട്ടുവളർത്താൻ എല്ലാവരും ശ്രമിക്കണം. പ്രകൃതിദത്തമായ വളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. നമ്മളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കണം.

എല്ലാ മാസവും ഏതെങ്കിലും ഒരു വൃക്ഷതൈ എങ്കിലും നട്ടുവളർത്തുമെന്നു്. അങ്ങനെയായാൽ, ഒരു വർഷത്തിൽ ഒരാളിനു തന്നെ പന്ത്രണ്ടു വൃക്ഷതൈകൾ നടാൻ കഴിയും. ഓരോരുത്തരും ഇങ്ങനെ ചെയ്താൽ, കുറച്ചുകാലം കൊണ്ടു് ഈ ഭൂമിയുടെ പ്രകൃതിസമ്പത്തു വീണ്ടെടുക്കാൻ നമുക്കു കഴിയും.

ഒരു പ്രത്യേകതരം വൃക്ഷത്തെക്കുറിച്ചു് അമ്മ കേട്ടിട്ടുണ്ടു്. ഈ വൃക്ഷങ്ങളുടെ വേരുകൾ പരസ്പരം കോർത്തു കെട്ടുപിണഞ്ഞാണു കിടക്കുക. ഇതു കാരണം എത്ര വലിയ കാറ്റുണ്ടായാലും ഈ മരങ്ങൾ കടപുഴകി വീഴില്ല. ഇതുപോലെ, സ്‌നേഹത്തോടും ഐക്യത്തോടും പ്രകൃതിയോടൊത്തു നില്ക്കാൻ കഴിഞ്ഞാൽ, ഏതു പ്രതിസന്ധിയെയും നേരിടാനും പ്രകൃതിയുടെ താളലയം വീണ്ടെടുക്കാനും നമുക്കു സാധിക്കും.

പ്രകൃതി നമ്മുടെ ആദ്യത്തെ മാതാവാണു്. പെറ്റമ്മ രണ്ടു വയസ്സു വരെ നമ്മെ മടിയിൽ ചവിട്ടാൻ അനുവദിച്ചേക്കാം. എന്നാൽ പ്രകൃതിയാകുന്ന മാതാവു് ജീവിതകാലം മുഴുവൻ ക്ഷമയോടെ നമ്മുടെ ചവിട്ടു സഹിച്ചുകൊണ്ടു് ആ ഭാരം വഹിക്കുന്നു. കുഞ്ഞിനു് അമ്മയോടു് എത്രമാത്രം കടപ്പാടുണ്ടോ, അതു പോലെ ഒരു കടപ്പാടു്, നമുക്കു പ്രകൃതിയോടുണ്ടു്. ആ കടപ്പാടു നമ്മൾ മറക്കുകയാണെങ്കിൽ അതു നമ്മളെത്തന്നെ മറക്കുന്നതിനു തുല്യമാണു്.