നഗരങ്ങൾ മലിനമാകുന്നതിനു് ഒരു പ്രധാന കാരണം വാഹനങ്ങളുടെ പെരുപ്പമാണു്. ഇപ്പോൾത്തന്നെ മിക്ക കുടുംബങ്ങൾക്കും സ്വന്തമായി ഒന്നും അതിലധികവും കാറുകളുണ്ടു്.
ജോലിയുള്ള അഞ്ചു പേർ ഒരേ സ്ഥലത്തു താമസിക്കുന്നുണ്ടെങ്കിൽ, അവർ കൂട്ടമായി ഒരു തീരുമാനമെടുക്കണം. രാവിലെ ഓഫീസിൽ പോകുമ്പോൾ, ഒരു ദിവസം എല്ലാവരും ഒരാളുടെ കാറിൽ പോകണം, അവരവർക്കു് ആവശ്യമുള്ള സ്ഥലത്തു് ഓരോരുത്തരെയും ഇറക്കിവിടാം. അടുത്ത ദിവസം മറ്റൊരാളുടെ കാറിൽ പോകണം. അങ്ങനെ പരസ്പരം ഒരു ധാരണ ഉണ്ടാക്കാൻ കഴിഞ്ഞാൽ റോഡിൽ അഞ്ചു കാറിൻ്റെ സ്ഥാനത്തു് ഒരു കാറേ ഉണ്ടാകൂ.
ഒരു സംസ്ഥാനത്തിൻ്റെ കാര്യമെടുത്താൽ ഒരു ലക്ഷം കാറു നിരത്തിലിറങ്ങുന്ന സ്ഥാനത്തു്, അതു് ഇരുപതിനായിരമാക്കിക്കുറയ്ക്കാൻ സാധിക്കും. ഈവിധം എത്ര ഇന്ധനം നമുക്കു ലാഭിക്കാൻ കഴിയും! അന്തരീക്ഷമലിനീകരണവും അത്രകണ്ടു കുറയും. ഡീസൽ കൂടുതൽ നാളേക്കു നില നില്ക്കുകയും ചെയ്യും. ഭൂമിയിലെ ഡീസൽ കുറഞ്ഞു വരുകയാണല്ലോ. ഇതിനെല്ലാമുപരി ജനങ്ങൾ തമ്മിൽ സ്‌നേഹവും ഐക്യവും വളരും. എന്തുകൊണ്ടും എല്ലാവർക്കും പ്രായോഗികമാക്കാൻ പറ്റുന്ന ഒരു നിർദ്ദേശമാണിതെന്നു തോന്നുന്നു.
ചെറിയ ദൂരം യാത്ര ചെയ്യുവാൻ ഡീസൽ വാഹനങ്ങൾക്കു പകരം സൈക്കിൾ ഉപയോഗിക്കാം. സൈക്കിളിൽപ്പോയാൽ നമ്മുടെ ശരീരത്തിനു വ്യായാമം ലഭിക്കും. ഇന്നു രോഗങ്ങൾ ഇത്രകണ്ടു വർദ്ധിക്കാൻ പ്രധാനകാരണം വ്യായാമം കുറഞ്ഞതാണു്. ചില അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ടു്, “എൻ്റെ മക്കളെ ഇത്ര രൂപ കൊടുത്തു ഞാൻ ജിംനേഷ്യത്തിൽ വിടാറുണ്ടു്,“ എങ്ങനെയാണു വിടുന്നതെന്നു ചോദിച്ചു, “കാറിലാണു കൊണ്ടുവിടാറു്.“ ദൂരം ഒന്നര കിലോ മീറ്ററേ ഉള്ളൂ, ആ ഒന്നര കിലോമീറ്റർ നടന്നിരുന്നെങ്കിൽ അതുതന്നെ ഒരു വ്യായാമം ആകില്ലേ? ഇത്രയും പണം ചെലവാക്കി ജിംനേഷ്യത്തിൽ വിടേണ്ട ആവശ്യമുണ്ടാകുമായിരുന്നോ?