സ്വാമി തുരീയാമൃതാനന്ദ പുരി

പരിസരം മറന്നുപോയ്
പരസ്പരം കലഹിക്കും
മനുഷ്യര്‍തന്‍ മദാന്ധതയ്‌ക്കൊടുക്കമുണ്ടോ?

ഫലത്തിലല്ലാതൊരാള്‍ക്കും
മനസ്സുവ്യാപരിക്കില്ല
ലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം!

ഒരുമയില്ലെളിമയി
ല്ലഗതികള്‍’ക്കുതവി’യും
അനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല.

ജപത്തിലും തപസ്സിലും
മനസ്സിനില്ലിണക്കവും
പരസ്പരമുപകാരസ്മരണയില്ല.

പെരുത്ത കാമനയും പി-
ന്നുരത്ത ഗര്‍വ്വവുമായി
മദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം.

അനുവദനീയമല്ലാ-
ത്തനുചിതകര്‍മ്മങ്ങളില്‍
മതിമറന്നവിരതമഭിരമിപ്പൂ.

ആയുസ്സും വപുസ്സും പിന്നെ
അതുലസൗഭാഗ്യങ്ങളും
അനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും.

മനസ്സിനെ മനസ്സാലു-
ള്ളടക്കുവാനറിയായ്കില്‍
മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം.

പ്രതിലോമവികാരത്തെ
അനുലോമവിചാരത്താല്‍
പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം.

തെരുതെരെതിരയടി-
ച്ചുലഞ്ഞാലും തകരാതെ
അമരംകാത്തപാരമാം തീരം തിരയാം!