ഒരു മഹാത്മാവു്, ‘കാരുണ്യം ജീവിതത്തിൽ’ എന്ന വിഷയത്തെക്കുറിച്ചൊരു പുസ്തകം എഴുതി. അതു് അച്ചടിക്കാനുള്ള പണത്തിനുവേണ്ടി അദ്ദേഹം തൻ്റെ ചില സുഹൃത്തുക്കളെ സമീപിച്ചു. അവരെല്ലാം വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നാൽ പുസ്തകം പ്രസ്സിൽ കൊടുക്കുന്നതിനു മുൻപു്, ആ നഗരത്തിൽ പട്ടിണിമൂലം പലരും മരിക്കുകയുണ്ടായി. മഹാത്മാവു മറ്റൊന്നും ചിന്തിച്ചില്ല. പുസ്തകം അച്ചടിക്കാനുള്ള പണമെടുത്തു് അദ്ദേഹം ജനങ്ങൾക്കു് ആഹാരം വാങ്ങാൻ നല്കി.

ഇതിഷ്ടപ്പെടാതെ സംഭാവന ചെയ്തവർ മഹാത്മാവിനോടു ചോദിച്ചു, ”അങ്ങെന്താണീ കാണിച്ചതു്? ഇനിയെങ്ങനെ പുസ്തകം അച്ചടിക്കും? പട്ടിണിയും ദാരിദ്ര്യവും ഒക്കെ സാധാരണമാണു്. ഓരോ നിമിഷവും ഈ ലോകത്തിൽ ജനനവും മരണവും നടക്കുന്നുണ്ടു്. പക്ഷേ, അതിൻ്റെ പേരിൽ ഇത്ര വലിയൊരു തുക ചെലവാക്കിയതു ശരിയായില്ല.” മറുത്തൊന്നും പറയാതെ മഹാത്മാവു ചിരിക്കുകമാത്രം ചെയ്തു.

കുറെനാൾ കഴിഞ്ഞപ്പോൾ പുസ്തകം അച്ചടിക്കാനുള്ള അപേക്ഷയുമായി മഹാത്മാവു വീണ്ടും പഴയ സുഹൃത്തുക്കളെ സമീപിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും അവർ പണം നല്കി. പക്ഷേ, പുസ്തകം അച്ചടിക്കാൻ കൊടുക്കുന്നതിനു തലേദിവസം ആ നഗരത്തിൽ വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടായി. ആയിരങ്ങൾ മരിച്ചു; അനവധിപേരുടെ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടു. ഇത്തവണയും മഹാത്മാവു്, പുസ്തകം അച്ചടിക്കാൻ വച്ചിരുന്ന പണമെടുത്തു ദുരന്തബാധിതരെ സഹായിക്കാൻ കൊടുത്തു. പണം സംഭാവന ചെയ്തവർക്കിതു തീരെ ഇഷ്ടപ്പെട്ടില്ല. അവർ മഹാത്മാവിനോടു ക്ഷുഭിതരായി സംസാരിച്ചു. എല്ലാം കേട്ടു് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു.

ഇങ്ങനെയൊക്കെയായിട്ടും മഹാത്മാവു വളരെ ബുദ്ധിമുട്ടി പണം ശേഖരിച്ചു പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷേ, അതിൻ്റെ കവറിൽ, ‘മൂന്നാം പതിപ്പു്’ എന്നെഴുതിയിരുന്നു. പണം കൊടുത്തവരും മറ്റും അദ്ദേഹത്തിനോടു ക്ഷോഭിച്ചു, ”ഹേ മനുഷ്യാ, നിങ്ങളൊരു സന്ന്യാസിയല്ലേ? ഇങ്ങനെ കള്ളം പറയാമോ? ഇതെങ്ങനെ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാകും? ഇതിൻ്റെ ഒന്നും രണ്ടും പതിപ്പുകൾ എവിടെ? നിങ്ങളെന്താ ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?”

മഹാത്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു, ”അതേ, ഈ പുസ്തകത്തിൻ്റെ മൂന്നാം പതിപ്പു തന്നെയാണിതു്. ആദ്യത്തതു് ഈ നഗരത്തിൽ പട്ടിണിമരണം ഉണ്ടായപ്പോഴായിരുന്നു. രണ്ടാംപതിപ്പു വെള്ളപ്പൊക്കത്തിൽ ആയിരങ്ങളുടെ ജീവനും സ്വത്തും നശിച്ചപ്പോഴായിരുന്നു. പ്രിയപ്പെട്ടവരേ, പുസ്തകത്തിൽനിന്നു വെറും പൊള്ളയായ അറിവു മാത്രമേ കിട്ടുകയുള്ളൂ. ഈ പുസ്തകത്തിൻ്റെ ആദ്യത്തെ രണ്ടു പതിപ്പുകളും കാരുണ്യം ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണു കാട്ടിത്തന്നതു്. ജീവൻ തുടിക്കുന്ന മനുഷ്യൻ സഹായത്തിനായി കേഴുമ്പോൾ, അവരെ കൈ നീട്ടി സ്നേഹപൂർവ്വം കരകയറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണു കാരുണ്യത്തെക്കുറിച്ചു വർണ്ണിക്കുന്ന പുസ്തകവും അതിലെ വാക്കുകളും?”