ന്യൂ ഡൽഹി
20 സെപ്റ്റംബർ 2022

മാതാ അമൃതാനന്ദമയി-ജി,

വളരെ ദു:ഖത്തോടെയാണ് അവിടുത്തെ അമ്മ ശ്രീമതി ദമയന്തി-ജിയുടെ വിയോഗ വാർത്ത അറിഞ്ഞത്. കുടുംബത്തിന് മാത്രമല്ല, അവർ സ്വന്തം മക്കളെപ്പോലെ കരുതിയിരുന്ന മാതാ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ഭക്ത സമൂഹത്തിനും ഇത് തീരാനഷ്ടം തന്നെയാണ്.

എല്ലാവരുടെയും ക്ഷേമത്തിനായി വളരെയധികം ശ്രദ്ധിച്ചിരുന്ന ധർമ്മശീലമുള്ള ഒരു ഈശ്വരഭക്തയായിരുന്നു ശ്രീമതി ദമയന്തി-ജി. അവർ നടത്തിയിരുന്ന നിസ്വാർത്ഥ സേവനങ്ങളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. തീർത്ഥാടനത്തിന് പോകുന്ന യാത്രക്കാർക്ക് നൽകിയിരുന്ന സേവനങ്ങൾ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നത്, പശുത്തൊഴുത്തിൽ വെള്ളം കയറിയപ്പോൾ പശുക്കളെ വീട്ടിനകത്തേക്ക് കൊണ്ടുവന്നത്, ചെടികളോടും മരങ്ങളോടുമെല്ലാം അവർക്കുണ്ടായിരുന്ന ഉദാത്തമായ സ്‌നേഹം എന്നിവയെപ്പറ്റിയെല്ലാം ഞാൻ കേട്ടിട്ടുണ്ട്.

മാതൃത്വത്തിന്റെ പ്രതിരൂപമായ അവിടുന്ന് ദമയന്തിഅമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. മരണം ജീവിതത്തിന്റെ ഭാഗമാണെന്നും, നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും അല്ലാതെ എങ്ങനെ മരിക്കുന്നു എന്നതല്ലെന്നും അമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ശ്രീമതി ദമയന്തി-ജി നമ്മളോട് വിട പറഞ്ഞെങ്കിലും ആ ജീവിതത്തിൽ അവർ പ്രതിനിധാനം ചെയ്ത മൂല്യങ്ങൾ എല്ലാവരിലും എല്ലാക്കാലവും നിലനിൽക്കും.

ശ്രീമതി ദമയന്തി ജിയുടെ കുടുംബത്തിനെയും, മാതാ അമൃതാനന്ദമയിമഠത്തിലെ അന്തേവാസികളെയും ഭക്തരെയും ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി !