മക്കളാണ് തന്റെ ഈശ്വരനെന്ന് അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവി പലപ്പോഴും ആവർത്തിയ്ക്കാറുണ്ടല്ലോ. എന്നാൽ എല്ലാത്തിനും ബഹുമാനം നല്‍കാൻ തനിയ്ക്ക് ജീവിച്ചു കാണിച്ചു തന്നത് ദമയന്തിയമ്മയാണെന്ന് അമ്മ കുട്ടിക്കാലത്തെപ്പറ്റി വാചാലയാവാറുണ്ട്. ആശ്രമത്തിലെ ധ്യാനങ്ങൾക്കിടയിലും അന്തേവാസികളുടെ ശിക്ഷണവേളകളിലും ദമയന്തിയമ്മ തനിയ്ക്ക് എങ്ങിനെയെല്ലാം മാർഗ്ഗദർശനമായിരുന്നെന്ന് അമ്മ പലപ്പോഴും ഓർമ്മിച്ച് പറഞ്ഞുപോവും. ഒരമ്മ കുഞ്ഞുങ്ങൾക്ക് എങ്ങിനെയെല്ലാം ഈശ്വരിയും ഗുരുവുമാകണമെന്ന് അമ്മ, തനിയ്ക്ക് ശരീരത്തോടൊപ്പം പ്രായോഗിക അദ്വൈതം കൂടി സമ്മാനിച്ച ദമയന്തിയമ്മയെ ഉദാഹരിച്ച് പറയാറുണ്ട്.

ദമയന്തിയമ്മ

“അമ്മയ്‌ക്കെല്ലാം ഈശ്വരനാണ്. ഏതെടുക്കുമ്പോഴും ബഹുമാനത്തില്‍, പൂജാഭാവത്തിലാണ് എടുക്കുക. ശ്രദ്ധിച്ച്, ഏകാഗ്രതയോടെ – പ്രേമത്തോടെ പൂക്കള്‍ ഹൃദയത്തോട് ചേര്‍ത്ത ശേഷം ചെയ്യുമ്പോഴാണ് അത് അര്‍ച്ചനയായി മാറുന്നത്. ഇല്ലെങ്കില്‍ ഒന്നില്‍ നിന്നും മറ്റൊരു പാത്രത്തിലേയ്ക്ക് പൂവിടുന്നതു പോലെയേ ഉള്ളൂ. എല്ലാം ഈശ്വരനാകുമ്പോള്‍ ഏതൊരു പ്രവര്‍ത്തിയിലും നോട്ടത്തിലും, സംസാരിയ്ക്കുമ്പോഴും അത് വിവേകപൂര്‍ണമാകും. ഇല്ലെങ്കില്‍, ഒരു യന്ത്രമനുഷ്യനും നമ്മളും തമ്മില്‍ എന്തു വ്യത്യാസം?…” എന്ന പ്രായോഗികതയോടെ വേദസാരധോരണികള്‍ ലളിതമായ ഭാഷയിൽ പറഞ്ഞു വന്നതിനിടയില്‍ ഒരിയ്ക്കൽ കുട്ടിക്കാലത്തെപ്പറ്റിയും ദമയന്തിയമ്മയെപ്പറ്റിയും അമ്മ വാചാലയായി: “എല്ലാത്തിനും ബഹുമാനം നല്‍കി ചെയ്യാന്‍ എന്നെ കാണിച്ചു തന്നത് ദമയന്തിയമ്മയാണ്. മുറ്റത്ത് ചവിട്ടുമ്പോള്‍ അമ്മ തൊട്ട് തൊഴും. സൂര്യനെ നോക്കി പ്രാര്‍ത്ഥിയ്ക്കും. ഉദയത്തിനു മുന്‍പ് തൂത്തുവാരണം. സൂര്യനെ ചൂലുകാണിയ്ക്കരുതെന്നാണ് ദമയന്തിയമ്മ പറയുക…” എന്നാൽ അതിനേക്കാൾ ഒരു പടികൂടി കടന്ന് അമ്മ തന്റെ വാൽസല്യം കൂടി അതിൽ ചേർത്തുകൊണ്ട് തുടർന്നു: “…എനിയ്ക്ക് ചൂലിനോടും ബഹുമാനമേ ഉള്ളൂ. അഴുക്കെല്ലാം തൂത്തുവാരുന്നതിനാല്‍ ചൂലിനെ ഞാന്‍ അത്ര ഇഷ്ടപ്പെടുന്നു. ഞാനൊരു ചൂലാവാനാണ് ആഗ്രഹിയ്ക്കുന്നത്…”

“നദി ദേവിയാണ്, അതില്‍ മൂത്രമൊഴിയ്ക്കരുതെന്ന് ദമയന്തിയമ്മ പറയുമായിരുന്നു. വെള്ളത്തിലെ തണുപ്പില്‍ അമ്മ പറഞ്ഞത് ഓര്‍മ്മ വരും. അങ്ങിനെ അത് സ്വഭാവമായി മാറി. വെള്ളത്തിലാണ് സൃഷ്ടിനടക്കുകയെന്നോ നദി വൃത്തികേടാക്കരുതെന്നോ ഒക്കെയുള്ള തത്വങ്ങള്‍ അറിഞ്ഞതു കൊണ്ടൊന്നുമായിരിക്കില്ല അമ്മ അത് പറഞ്ഞത്. നദി ദേവിയാണെന്നത് കേവലം ദുര്‍ബലമായ അന്ധവിശ്വാസവുമല്ല. അനുസരിക്കുമ്പോള്‍ ആത്യന്തികമായി, നമുക്കെല്ലാം തന്നെയാണ് ഗുണം. വൃത്തിയും ശുചിത്വവും മാത്രമല്ല നമ്മുടെ അകവും പുറവും ഉണരും.” അമ്മ തുടർന്നു. ദമയന്തിയമ്മയോട് വാദിച്ച് വാങ്ങിക്കൂട്ടിയ അടികളെപ്പറ്റി പലപ്പോഴും ഒരു പൊട്ടിച്ചിരിയിൽ അമ്മ പറഞ്ഞൊതുക്കും: “കടലിനെ ദേവിയായി കാണുന്നവരാണ് ഇവിടത്തുകാര്‍. എന്നാല്‍ കടലില്‍ സ്ത്രീകള്‍ തൊടരുതെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പുരുഷനെ സൃഷ്ടിച്ചത് സ്ത്രീയാണ്. എന്നിട്ടും എങ്ങിനെയാണ് ഇത്തരമൊരു യുക്തി പറയുന്നത് എന്നറിയില്ല. ദമയന്തിയമ്മയത് പറയുമ്പോള്‍ ഇക്കാര്യം ഞാന്‍ ചോദ്യം ചെയ്യും. ഞാന്‍ ചട്ടമ്പിയാകും. ഒരടി തരാന്‍ വന്നാല്‍, വാദിച്ച് ഞാന്‍ പത്തടി വാങ്ങിയ്ക്കും…”

ആശ്രമത്തിലെ ആദ്യകാലം ത്യാഗത്തിന്റെതും സാമ്പത്തിക ദാരിദ്ര്യത്തിന്റെതുമായിരുന്നു. എല്ലാവരുടെയും പരസ്പരമുള്ള നിസ്വാർത്ഥ സ്നേഹം കൊണ്ടായിരുന്നു അക്കാലങ്ങളെ അതിജീവിച്ചതെന്ന് അന്നത്തെ സന്യാസ ശിഷ്യരും അന്തേവാസികളും ഓർത്തെടുക്കാറുണ്ട്. വരുന്നവർക്ക് ആതിത്ഥ്യമൂട്ടാൻ ദമയന്തിയമ്മയും വീട്ടുകാരും ഇല്ലായ്‌മകൾക്കിടയിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. അക്കാലത്തെ വീടുകളിലെ പരസ്പര സ്നേഹവും സഹകരണവും ഇല്ലായ്‌മകളറിയിക്കാതെ വിരുന്നുകാരെ ഉൾക്കൊള്ളാനുള്ള വീട്ടുകാരിയുടെ വിരുതും ദമയന്തിയമ്മയെ കാണിച്ചുകൊണ്ട് അമ്മ ഇന്നും പറയും: “‘വീട്ടില്‍ ആരു വന്നാലും അവരെ അകത്തു കിടത്തിയിട്ട്, നമ്മള്‍ പുറത്തു കിടക്കാം എന്ന് ദമയന്തിയമ്മ പറയുമായിരുന്നു. പിന്നീട്, ആശ്രമത്തില്‍ ഒരു മുറി മാത്രമായിരുന്ന കാലത്തും ആളുകള്‍ വന്നെത്തുമ്പോള്‍ അവരെ അകത്തു കിടത്തിയിട്ട് ഞാന്‍ വന്ന് പുറത്തുകിടക്കും. വീട്ടില്‍ വന്നവര്‍ക്ക് ദമയന്തിയമ്മ ഭക്ഷണം കൊടുത്ത്, ഞങ്ങള്‍ക്ക് കഞ്ഞിവെള്ളത്തില്‍ തേങ്ങ ചിരകി ഇട്ടുതരും. വന്നവരുടെ വയറു നിറഞ്ഞോ എന്നാലോചിച്ച് ദമയന്തിയമ്മ പിന്നീട് വിഷമിച്ചുകൊണ്ടിരിക്കും. പണ്ട് ഇവിടെയൊക്കെ കുടിലായിരുന്നു, കടലില്‍ പോയി ജീവിതം നീക്കുന്നവര്‍. കുറച്ച് വീട്ടുകാര്‍ക്കു മാത്രമേ ഒരേ സമയത്ത് ജോലി കാണൂ. വള്ളം വന്നില്ലെങ്കില്‍ അവിടുത്തെ കുട്ടികള്‍ പട്ടിണിയായിരിക്കും. ഇവിടെ ചോറു വേവുമ്പോള്‍ ഒരഞ്ചു പേര്‍ക്കെങ്കിലും വിളമ്പി വച്ചിട്ട്, കുട്ടികള്‍ക്ക് കൊടുത്തിട്ടു വരാന്‍ ദമയന്തിയമ്മ എന്നോട് പറയും. ഒരു വീട്ടിലെ സന്ധ്യാദീപത്തില്‍ നിന്ന് അടുത്തുള്ള വീട്ടിലേയ്‌ക്കൊക്കെ വിളക്കു കത്തിക്കും. തീ ആദ്യം കത്തിയ്ക്കുന്ന വീട്ടില്‍ നിന്ന് ചിരട്ടയില്‍ കൊണ്ടുവന്ന് നമ്മുടെ അടുപ്പു കത്തിയ്ക്കും. തീയെടുക്കുന്ന വീട് വൃത്തിയല്ലെങ്കില്‍ അവിടം തൂത്തുവാരി പാത്രവും കഴുകിയേ വരാവൂ എന്ന് ദമയന്തിയമ്മ പറഞ്ഞിട്ടുണ്ട്…” ശാസ്ത്രങ്ങളറിയില്ലയെങ്കിലും ഒരു അദ്വൈതി എങ്ങിനെ ജീവിയ്ക്കണമെന്ന്, പലപ്പോഴും പ്രായോഗികമായി ജീവിച്ചു കാണിച്ചു തന്നവളാണ് ദമയന്തിയമ്മയെന്ന് അമ്മ ചിലപ്പോഴെല്ലാം ചൂണ്ടി കാണിച്ചുതരാറുണ്ട്.

ഒരേ സമയം മകന് അല്ലെങ്കിൽ മകൾക്ക് ആത്യന്തിക ആശ്രയമായിരിയ്ക്കുന്നതോടൊപ്പം, പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും രസതന്ത്രം പറഞ്ഞുകൊടുക്കുന്നതും, ഒന്നിനെയും ആശ്രയിക്കാതെ സ്വയംപര്യാപ്തമാകാൻ അവനെ അല്ലെങ്കിൽ അവളെ ഒരുക്കിയെടുക്കുന്നതും വിവേകം നൽകുന്നതും അമ്മമാരാണ്. ഒരുപക്ഷേ, കണ്ണുരുട്ടിയും ശാസിച്ചും തല്ലിയും അമ്മ മക്കളെ മുന്നോട്ട് നയിക്കും. അമ്മ തന്നെ പറയാറുണ്ട്, അമ്മയ്ക്ക് അതെല്ലാം മുഖം മൂടിയാണെന്നും ഉള്ളിൽ നിറഞ്ഞ സ്നേഹമാണെന്നും.

അമ്മയും ദമയന്തിയമ്മയും

രക്ഷയുടെയും ശിക്ഷയുടെയും അധിദേവതയായി മാതൃസങ്കല്പങ്ങളെ കാണുന്ന രീതി പുരാതനകാലം മുതലേ ഉള്ളതാണ്. മണ്ണിൽ വിതയ്ക്കുന്ന സൃഷ്ടിസാന്ദ്രമായ വിത്തിന്റെയും സംഹാരത്തിന്റെ മുദ്രയായ മഹാമാരിയുടെ വിത്തിന്റെയും ദേവതമാരായി അമ്മയെ ആരാധിയ്ക്കാറുണ്ടല്ലോ. കല്ലിനുള്ളില്‍ ശില്പമുണ്ടെന്നും, വേണ്ടാത്തത് കളഞ്ഞാലേ അത് ശില്പമായിത്തീരൂവെന്നും, അധര്‍മ്മത്തെ ചൂണ്ടുന്നത് ധര്‍മ്മമാണെന്നുമെല്ലാമുള്ള അമ്മയുടെ കാഴ്ചപ്പാട് നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്. തന്റെ കുഞ്ഞിന് അറിവും പ്രായോഗിക അദ്വൈത സംസ്കാരവും നൽകാനും ലോകത്തിന് ഉപകാരിയായി മക്കളെ സമർപ്പിയ്ക്കുവാനുമുള്ള കടമ അമ്മമാരുടേതാണെന്ന് ദമയന്തിയമ്മയെ ഉദാഹരിച്ചാണ് തന്റെ ആശ്രമ മക്കളോട് അമ്മ, ശ്രീ. മാതാ അമൃതാനന്ദമയി ദേവി പറഞ്ഞുകൊടുക്കാറുള്ളത്.

‘അമ്മ’ എന്നത് ഈശ്വരന്റെ പ്രതിനിധിയെപ്പോലാണ്. ജന്മം തരുന്ന അമ്മമാർ മാത്രമല്ല, ഈ ഭൂമി അടക്കം ഏറ്റവും ഉൽകൃഷ്ടവും ആശ്രയവും ആയതെന്തും മാതൃഭാവത്തിൽ കാണാനാണ് നമുക്കിഷ്ടം. പ്രാപഞ്ചിക ശക്തിയെ അമ്മയായി കണ്ട് ആരാധിയ്ക്കുന്ന രീതി അനാദികാലം മുതലേ ഉണ്ട്. നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മാതൃഭാവം ഉണർത്തുക എന്നതാണ് ലോകത്തിനുള്ള ഏക പ്രശ്ന പരിഹാരവും എന്ന് അമ്മ, ശ്രീ മാതാ അമൃതാനന്ദമയി ദേവിയും പറയാറുണ്ടല്ലോ. മാതൃത്വത്തിന്റെ അടിസ്ഥാന ഭാവം ഉപാധികളില്ലാതെ സ്നേഹിച്ച്, നയിക്കുക എന്നതാണ്. അങ്ങിനെയെങ്കിൽ ഈശ്വരന്റെ തത്വം മാതൃത്വമാണ്. എള്ളിൽ എണ്ണ കണക്കെ, അത് നമ്മിൽ ഓരോരുത്തരിലുമുണ്ട്, എല്ലാറ്റിലുമുണ്ട്. അത് സ്വയം രൂപം പൂണ്ട് അമ്മയായി നമുക്ക് മുൻപിലുണ്ട്. ഇന്ന് അത് ഏറ്റവും കൂടുതൽ അനുഭവിയ്ക്കാൻ നമുക്ക് സുകൃതവുമുണ്ട്. ഈ സുകൃതത്തെ നമുക്ക് സമ്മാനിയ്ക്കാൻ നിയോഗമായ വന്ദ്യ മാതാവ് ശ്രീ. ദമയന്തിയമ്മയുടെ ദീപ്തമായ ഓർമ്മകളിൽ കോടി പ്രണാമങ്ങൾ…

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

-സനൂപ് സദാനന്ദൻ