അശോക് നായര്‍
അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.”

അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള പാഴ്ശ്രമം ഞാന്‍ ചെയ്യുന്നില്ല. എന്നാല്‍, ഞങ്ങള്‍ പോലുമറിയാതെ അമ്മ എന്നെയും കുടുംബത്തെയും ഉള്ളംകൈയില്‍വച്ചു രക്ഷിച്ച ഒരു കഥയാണു് എനിക്കു പറയാനുള്ളതു്…
2002 ജൂലായു് ഓഗസ്റ്റ് മാസങ്ങളില്‍ ഞങ്ങള്‍ പതിവുപോലെ ദോഹയില്‍നിന്നു് അവധിക്കു നാട്ടിലെത്തിയപ്പോള്‍ അമ്മയുടെ ദര്‍ശനത്തിനു പോയി. അത്തവണ ദര്‍ശനം കഴിഞ്ഞു പ്രസാദം കൈയില്‍ വച്ചുതന്നിട്ടും അമ്മ എന്നെ വിട്ടില്ല. കുറച്ചു സമയം കൂടി എന്നെ ചേര്‍ത്തു പിടിച്ചു, എന്നിട്ടു ചോദിച്ചു, ”മോനു് അമ്മയോടു് ഒന്നും ചോദിക്കാനില്ലേ?” ”ഇല്ല അമ്മേ, സന്തോഷമായിരിക്കുന്നു” ഞാന്‍ പറഞ്ഞു.
സെപ്തംബര്‍ ആദ്യത്തെ ആഴ്ച ഞങ്ങള്‍ അവധി കഴിഞ്ഞു തിരിച്ചുപോയി. ആ മാസം പകുതിയോടെ എൻ്റെ ഭാര്യ സുജയ്ക്കു് ഒരു പനി വന്നു. മൂന്നു ദിവസം മാത്രം നീണ്ടുനിന്ന ഒരു ചെറിയ പനി. രണ്ടു നാള്‍കൊണ്ടു പനി മാറുകയും ചെയ്തു. അമ്മയുടെ ജന്മദിനം ദോഹയിലെ ഞങ്ങളുടെ ഒരു സുഹൃത്തിൻ്റെ വീട്ടില്‍വച്ചു് ആഘോഷിച്ചു. പനിയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും സുജ അന്നും പതിവുപോലെ ഭജന പാടുകയും ചെയ്തു.
മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുജയ്ക്കു വീണ്ടും സുഖമില്ലാതെയായി. ഡോക്ടറെ കണ്ടപ്പോള്‍ മൂത്രാശയത്തില്‍ പഴുപ്പാണെന്നു പറഞ്ഞു മരുന്നു തന്നു. മരുന്നു കഴിച്ചുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതിസാരം ബാധിച്ചു സുജ തീരെ അവശനിലയിലായി. ഉടനെ ഞാന്‍ ദോഹയിലെ പ്രധാന ഗവണ്‍മെൻ്റ് ഹോസ്പിറ്റലായ ഹമദ് ഹോസ്പിറ്റലിലേക്കു സുജയെ കൊണ്ടുപോയി. പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ പറഞ്ഞതു്, സുജ കഴിക്കുന്ന മരുന്നിൻ്റെ കുഴപ്പമാണെന്നാണു്. വേറെ പ്രശ്‌നങ്ങളൊന്നുമില്ല എന്നു പറഞ്ഞു മരുന്നു മാറ്റിത്തന്നു. എന്നാല്‍ അന്നു വൈകുന്നേരമായപ്പോഴേക്കും ഭാര്യയ്ക്കു സംസാരിക്കാനോ നടക്കാനോ പറ്റാതെയായി. ബോധവും നഷ്ടപ്പെടാന്‍ തുടങ്ങി. ഭയന്നുപോയ ഞാന്‍ ഞങ്ങളുടെ ഓഫീസ് ഡോക്ടറുടെ അഭിപ്രായമനുസരിച്ചു ഭാര്യയെ അവിടത്തെ സ്വകാര്യാശുപത്രിയായ അമേരിക്കന്‍ ഹോസ്പിറ്റലിലേക്കു മാറ്റി.
അന്നു പകല്‍ മുഴുവന്‍ ഓരോ ടെസ്റ്റുകള്‍ ചെയ്തു. ഒന്നിലും ഒരു കുഴപ്പവും കാണുന്നില്ല, എന്നാല്‍ ഭാര്യയുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. അവിടത്തെ ഡോക്ടറുടെ ഉപദേശം അനുസരിച്ചു തലയുടെ ഒരു എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യുകയുണ്ടായി. അതിൻ്റെ റിപ്പോര്‍ട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്നു കണ്ട ഡോക്ടര്‍ അവളെ തിരിച്ചു ഹമദ് ഹോസ്പിറ്റലിലേക്കുതന്നെ കൊണ്ടുപോകാന്‍ പറഞ്ഞു.
അപ്പോഴേക്കും നടക്കാന്‍ വയ്യാതായ ഭാര്യയെ വീല്‍ച്ചെയറിലിരുത്തി അന്നു രാത്രി വീണ്ടും ഹമദ് ഹോസ്പിറ്റലിലേക്കു പോയി. അവിടെ ഡോക്ടര്‍മാരുടെ ഒരു ടീം തന്നെ സുജയെ പരിശോധിക്കാനെത്തി. അവര്‍ എല്ലാ തരത്തിലുമുള്ള ടെസ്റ്റുകളും ചെയ്യുന്നുണ്ടായിരുന്നു. ഇത്രയൊക്കെയായിട്ടും രോഗിയുടെ സ്ഥിതി വീണ്ടുംവീണ്ടും വഷളായിക്കൊണ്ടിരുന്നു. ഒന്‍പതാം തീയതിയായപ്പോഴേക്കും സുജയുടെ ചലനശേഷി തീര്‍ത്തും നഷ്ടപ്പെട്ടു പതുക്കെപ്പതുക്കെ അബോധാവസ്ഥയിലേക്കു പോകാന്‍ തുടങ്ങി. അന്യനാടു്. സ്‌കൂളില്‍ പഠിക്കുന്ന രണ്ടു കൊച്ചുപെണ്മക്കള്‍. രോഗമെന്താണെന്നു പോലും നിര്‍ണ്ണയിക്കാന്‍ കഴിയാതെ, ചികിത്സ തുടങ്ങാനാകാതെ അബോധാവസ്ഥയിലായ ഭാര്യ. ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍പോലും രോഗിയെ ഭാരതത്തില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ഹോസ്പിറ്റലിലെ ജോലിക്കാരും അതുതന്നെ പറഞ്ഞു. എൻ്റെ നിസ്സഹായാവസ്ഥ ആരും മനസ്സിലാക്കിയില്ല. ഭാര്യയോടു് എനിക്കു സ്നേഹമില്ലാത്തതുകൊണ്ടാണു ഞാന്‍ അവള്‍ക്കു വേണ്ടി മികച്ച ചികിത്സ തേടാത്തതു് എന്നുവരെ ചിലര്‍ പറയാന്‍ തുടങ്ങി.
ഹൃദയത്തില്‍ ഞാന്‍ അമ്മയോടു മാത്രം അപേക്ഷിച്ചു, ”അമ്മേ, അവസാനം ഞാന്‍ ദര്‍ശനത്തിനു വന്നപ്പോള്‍ ‘അമ്മയോടു് ഒന്നും ചോദിക്കാനില്ലേ’ എന്നു് അമ്മ ചോദിച്ചു. ഞാന്‍ ‘സന്തോഷമായിരിക്കുന്നു’ എന്നു് അമ്മയോടു പറഞ്ഞു. അന്നു് എനിക്കൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്നു് എനിക്കു ചോദിക്കാനുണ്ടു് അമ്മേ എൻ്റെ ഭാര്യയുടെ ജീവന്‍.”
അമ്മയാണെങ്കില്‍ ആ സമയത്തു യൂറോപ്യന്‍ പര്യടനത്തിലായിരുന്നു. എൻ്റെ നിസ്സഹായത കണ്ടു് ഒരു സുഹൃത്തു് അമ്മയെ അറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം അമ്മയോടൊപ്പമുണ്ടായിരുന്ന സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരിയുമായി സംസാരിക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സ്വാമിജി അമ്മയെ അറിയിക്കാമെന്നു് ഉറപ്പുതന്നു. അധികം താമസിയാതെ സ്വാമിജി തിരിച്ചു വിളിച്ചു. ”ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ചികിത്സ തന്നെ തുടരാനാണു് അമ്മ പറഞ്ഞിരിക്കുന്നതു്” എന്നു സ്വാമിജി പറഞ്ഞു.
എൻ്റെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എന്തു തീരുമാനമെടുക്കണം എന്നു് അറിയാതെ വരുമ്പോള്‍ ഗുരുവിൻ്റെ ഏറ്റവും സരളമായ കുറച്ചു വാക്കുകള്‍ മതി, തീരുമാനം എളുപ്പമാകും. അമ്മ പറഞ്ഞതു പ്രകാരം എൻ്റെ ഭാര്യയ്ക്കു് ഇപ്പോഴത്തെ ഡോക്ടറുടെ ചികിത്സതന്നെ തുടരാന്‍ ഞാന്‍ നിശ്ചയിച്ചു.
അടുത്ത ദിവസം സുജയുടെ ഡോക്ടര്‍ പരിശോധിക്കാന്‍ വരുന്നതും കാത്തു ഞാന്‍ നിന്നു. ഡോക്ടറുടെ പരിശോധന കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനോടു നേരിട്ടു സംസാരിക്കണമെന്നു ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ അദ്ദേഹത്തിൻ്റെ മുറിയിലേക്കു ക്ഷണിച്ചു. പരിചയപ്പെട്ടപ്പോഴാണു് അറിയുന്നതു് അദ്ദേഹം ഒരു പാകിസ്ഥാനിയാണെന്നു്. അതെന്നെ വിഷമിപ്പിച്ചു. ഏതു ഭാരതീയനെയുംപോലെ പാകിസ്ഥാനികളോടു് എനിക്കു് ഒരു താത്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍തന്നെ ചികിത്സിച്ചാല്‍ മതി എന്നതു് അമ്മയുടെ തീരുമാനമാണു്. എനിക്കതു് അനുസരിക്കാതിരിക്കാന്‍ വയ്യ.
എൻ്റെ ഭാര്യയുടെ അസുഖത്തെക്കുറിച്ചും അവര്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചും ഒരു വിദഗ്‌ദ്ധോപദേശം തേടിയാണു ഞാന്‍ വന്നിരിക്കുന്നതെന്നു ഡോക്ടറോടു തുറന്നു പറഞ്ഞു. ഇനി മറ്റേതെങ്കിലും ഹോസ്പിറ്റലില്‍ ഇതിലും മികച്ച ചികിത്സ ലഭിക്കുമെന്നാണു ഡോക്ടറുടെ അഭിപ്രായമെങ്കില്‍, ലോകത്തില്‍ എവിടെയാണെങ്കിലും അവിടേക്കു് എൻ്റെ ഭാര്യയെ കൊണ്ടു പോകാന്‍ തയ്യാറാണെന്നും ഞാന്‍ അറിയിച്ചു. ഡോക്ടര്‍ മുഖം താഴ്ത്തി ഞാന്‍ പറയുന്നതു മുഴുവന്‍ ക്ഷമയോടെ കേട്ടിരുന്നു. ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അദ്ദേഹം മുഖമുയര്‍ത്തി എന്നെ നോക്കി. ”നിങ്ങള്‍ അനുഭവിക്കുന്നതെന്താണെന്നു് എനിക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ വൈദ്യശാസ്ത്രത്തിനു ചെയ്യാന്‍ കഴിയുന്നതൊക്കെ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടു്. നിങ്ങള്‍ കുറച്ചുകൂടി ക്ഷമിക്കൂ. എല്ലാം ശരിയാകും.” അദ്ദേഹം എനിക്കു് ഉറപ്പു നല്കി. അദ്ദേഹത്തെ വിശ്വസിച്ചു് ഏല്പിക്കുകയാണെങ്കില്‍ സ്വന്തം സഹോദരിയെ നോക്കുന്നതുപോലെ എൻ്റെ ഭാര്യയെ നോക്കിക്കൊള്ളാം എന്നും അദ്ദേഹം എനിക്കു വാക്കുതന്നു. എൻ്റെ ഭാര്യയെ ഞാന്‍ ഡോക്ടറെ ഏല്പിക്കുകയാണു് എന്നു പറഞ്ഞു ഞാന്‍ മുറി വിട്ടിറങ്ങി.
പിന്നെ നടന്നതാണു് അദ് ഭുതം. അന്നു രാത്രി ഒരു പുതിയ മരുന്നു് ആരംഭിച്ചുകൊണ്ടു് ആ പാകിസ്ഥാനി ഡോക്ടര്‍ ചികിത്സ തുടങ്ങി. അതുവരെ മരുന്നുകളോടു പ്രതികരിക്കാതിരുന്ന രോഗിക്കു് അസുഖം പതുക്കെ ഭേദമാകാനും തുടങ്ങി. വെറും രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം സുജയെ വീട്ടിലേക്കു കൊണ്ടുവന്നു. ആദ്യം കൊടുത്ത മരുന്നുതന്നെ പത്തു ദിവസം കൂടി തുടര്‍ന്നു. വീട്ടിലേക്കു വന്നുവെങ്കിലും സുജ സാധാരണ നിലയിലായിരുന്നില്ല. സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള വ്യായാമങ്ങളാണു പിന്നെ ചെയ്തിരുന്നതു്. വസ്ത്രം ഉടുക്കാനും 2+1=3 എന്നു കൂട്ടാനുമൊക്കെ ഒരു കൊച്ചുകുഞ്ഞിനെ പഠിപ്പിക്കുന്നതുപോലെ ഞങ്ങള്‍ സുജയെ പഠിപ്പിച്ചു. പക്ഷേ, സുജ തികച്ചും പഴയപടിയാകും എന്ന കാര്യത്തില്‍ എനിക്കു് ഒരു തരി പോലും സംശയം ഉണ്ടായിരുന്നില്ല. കാരണം, അമ്മ പറയുന്നതൊക്കെ സത്യമായിത്തീരും എന്നെനിക്കു് ഉറപ്പായിരുന്നു. വെറും മൂന്നു മാസംകൊണ്ടു സുജ എണ്‍പതു ശതമാനം കഴിവുകളും വീണ്ടെടുത്തു. അവള്‍ നടക്കാന്‍ തുടങ്ങി, സംസാരിക്കാനും പാടാനും തുടങ്ങി, ഡ്രൈവു ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ അവസാനമായി ഡോക്ടറുടെ അടുത്തു പോയപ്പോള്‍ ഇനി പരിശോധനയൊന്നും ആവശ്യമില്ലെന്നു ഡോക്ടര്‍ പറഞ്ഞു.
അസുഖം വന്നു രണ്ടുവര്‍ഷത്തിനു ശേഷം ഒരു ദിവസം ഞങ്ങള്‍ പതിവുള്ള വൈദ്യപരിശോധനയ്ക്കായി പോയപ്പോള്‍, ഞാന്‍ ആദ്യമായി ഡോക്ടറുടെ റൂമില്‍ച്ചെന്നു സംസാരിച്ച രംഗം വ്യക്തമായി ഓര്‍ക്കുന്നുവെന്നു് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകുമെന്നു് അന്നു പറഞ്ഞതു കള്ളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ മെഡിക്കല്‍ ഫയല്‍ അദ്ദേഹം എനിക്കു കാണിച്ചു തന്നു. ”രോഗി ഒരു മരുന്നിനും പ്രതികരിക്കുന്നില്ല. നില വഷളായിക്കൊണ്ടിരിക്കുകയാണു്” എന്നാണു ഫയലില്‍ എഴുതിയിരുന്നതു്. രോഗി രക്ഷപ്പെടുമെന്നു് അദ്ദേഹത്തിനു തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. തന്നെ രക്ഷപ്പെടുത്തിയതിനു സുജ അദ്ദേഹത്തോടു നന്ദി പറഞ്ഞപ്പോള്‍ ”ഞാന്‍ ഒന്നും ചെയ്തില്ല. നിങ്ങള്‍ സ്വയം അസുഖം മാറ്റുകയാണു ചെയ്തതു്” എന്നാണു് അദ്ദേഹം പറഞ്ഞതു്.
താന്‍ കണ്ടിട്ടുള്ളതില്‍വച്ചു് ഏറ്റവും അസാധാരണമായ ദമ്പതികളാണു ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നാട്ടില്‍ പോയപ്പോഴോ മറ്റോ വേറെ ഏതെങ്കിലും ഡോക്ടറുടെ അഭിപ്രായത്തിനു ശ്രമിച്ചിരുന്നോ എന്നു് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ മിടുക്കനായതുകൊണ്ടു വേറെ ആരെയും കാണേണ്ട ആവശ്യമില്ല എന്നാണു ഞങ്ങളുടെ ഗുരു പറഞ്ഞിരുന്നതു് എന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സുജ വിരലിലെ മോതിരം കാണിച്ചിട്ടു് ഇതാണു ഞങ്ങളുടെ ഗുരു എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ നിഷ്‌കളങ്കതയോടെ, ‘ഒരിക്കലും കാണാത്ത തന്നില്‍ വിശ്വാസമര്‍പ്പിച്ചതിനു ഗുരുവിനു് അദ്ദേഹത്തിൻ്റെ നന്ദി അറിയിക്കണ’മെന്നു പറഞ്ഞു. സുജ ബോധമില്ലാതെ കിടക്കുമ്പോള്‍, എന്തെങ്കിലും പ്രതികരണം കിട്ടാന്‍ വേണ്ടി, ഈ മോതിരം ചൂണ്ടി ‘എന്താണു ലതാമങ്കേഷ്‌കറുടെ മോതിരമിട്ടു നടക്കുന്നതു്’ എന്നു ഡോക്ടര്‍ തമാശയായി ചോദിക്കാറുണ്ടായിരുന്നു.
അദ്ഭുതം തോന്നുന്ന വേറെയും സംഭവങ്ങളുണ്ടു്. സുജയെ ആദ്യമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ മറ്റൊരു ഡോക്ടറുടെ പേരാണു ഫയലില്‍ എഴുതിയിരുന്നതു്. ഹോസ്പിറ്റലിലെ ജീവനക്കാരന്‍ ഈ പാകിസ്ഥാനി ഡോക്ടറുടെ മേശപ്പുറത്തു ഫയല്‍ ‘തെറ്റി’ വയ്ക്കുകയാണുണ്ടായതു്. ഇതൊരു അസാധാരണമായ കേസായതിനാല്‍ ഇദ്ദേഹം അതു സ്വയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഉപദേശം ചോദിക്കുന്നതിനു മുന്‍പുതന്നെ തൻ്റെ മകളെ ഏതു ഡോക്ടറെക്കൊണ്ടു ചികിത്സിപ്പിക്കണം എന്നു് അമ്മ തീരുമാനിച്ചിട്ടുണ്ടാകണം.
ഈ സംഭവങ്ങളെല്ലാം എന്നെ പല പാഠങ്ങളും പഠിപ്പിച്ചു. സുഹൃത്ബന്ധങ്ങളുടെ വില എനിക്കു മനസ്സിലായി. സ്വന്തം വിധിയുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്ത മനുഷ്യന്‍ എത്ര നിസ്സഹായനാണെന്നും എനിക്കു മനസ്സിലായി. നമ്മുടെ കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ഈശ്വരശക്തി നമ്മെ എപ്പോഴും താങ്ങിക്കൊണ്ടിരിക്കും എന്നെനിക്കു് ഉറപ്പായി.
അദ്ഭുതങ്ങള്‍ മായയാണെന്നു് അമ്മ പറഞ്ഞിട്ടുണ്ടു്. എന്നാല്‍ അമ്മയുടെ വാക്കുകള്‍ അനുസരിച്ചപ്പോള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച അദ്ഭുതങ്ങള്‍ മായയാണെങ്കിലും സത്യംതന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരാളുടെ ജീവന്‍ തിരിച്ചു ലഭിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും ജീവിതമാണു രക്ഷപ്പെട്ടതു്. ഇനിയുള്ള ഞങ്ങളുടെ ജീവിതം അമ്മയ്ക്കുള്ള സമര്‍പ്പണമാണു്. •
(വിവ: പത്മജ ഗോപകുമാര്‍)