ശ്രീകുമാരന്‍ തമ്പി

തനിച്ചു നില്ക്കുന്നു ഞാന്‍
ദുഃഖത്തിന്‍ ഘനീഭൂത
വര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടി
പ്പിടയും താഴ്‌വാരത്തില്‍

പെയ്‌തൊഴിഞ്ഞെങ്കില്‍; മേഘ
താണ്ഡവം കഴിഞ്ഞെങ്കില്‍
തെല്ലൊന്നു മോഹിപ്പിച്ചു
മറഞ്ഞൂ മഴവില്ലും!

ഇനിയെങ്ങോട്ടേക്കാണീ
യാത്രയെന്നറിവീല;
ഓര്‍ക്കുകില്‍ വാഴ്‌വേ ലക്ഷ്യ-
മില്ലാത്ത തീര്‍ത്ഥാടനം.

ഇടയ്‌ക്കൊന്നിറങ്ങുന്നു
വഴിയമ്പലങ്ങളില്‍
തുടരും കൂട്ടെന്നോര്‍ത്തു
സ്വപ്‌നങ്ങള്‍ മെനയുന്നു!

പാഥേയം പരസ്പരം
പങ്കിട്ടു രസിക്കുന്നു
പതിയെ, ചിരിപ്പൂക്കള്‍
വേര്‍പാടില്‍ കൊഴിയുന്നു.

സ്വപ്‌നവും യാഥാര്‍ത്ഥ്യവു-
മൊരു നാണയത്തിന്നിരു-
വശങ്ങള്‍ മാത്രം; സത്യ-
മെത്രപേരറിയുന്നു…!

അമ്മതന്‍ കൈയില്‍ തൂങ്ങി
നടക്കും പൈതല്‍പോലെ
ഖിന്നതയകന്നെൻ്റെ
വാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍!

ജ്ഞാനിയല്ല ഞാന്‍; സത്യ-
മറിഞ്ഞേന്‍ – അജ്ഞാനമാം
നോവിതു തുടര്‍ക്കഥാ
മേളയായ് തിമിര്‍ക്കുമ്പോള്‍!