(……..ലേഖനത്തിൻ്റെ തുടർച്ച)

നിരവധി ഘോരസംഘര്‍ഷങ്ങള്‍ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വര്‍ഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു. എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തില്‍നിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യന്‍ എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തില്‍ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായും വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതു നന്മയ്ക്കല്ല, തൻ്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതല്‍ വീര്‍ക്കാനാണു് ഉതകുന്നതെങ്കില്‍, അതു തനിക്കും മറ്റുള്ളവര്‍ക്കും നരകം തീര്‍ക്കുന്നു.

ചിരി

നേരെ മറിച്ചു്, തൻ്റെ ഊതി വീര്‍പ്പിച്ച പ്രതിച്ഛായയെപ്പറ്റി ഓര്‍ത്തു് ഒന്നു ചിരിക്കാന്‍ കഴിഞ്ഞെങ്കിലോ? ആ ചിരി അമൃതായി ഭവിക്കും. എങ്ങനെയെന്നു മോഡേണ്‍ സൈക്കോളജിയും കാണിച്ചു തരുന്നുണ്ടു്. അവബോധത്തില്‍നിന്നു് അപബോധം പൊട്ടിപ്പൊളിഞ്ഞു് അകന്നുപോകുന്നതോടെ ശുദ്ധബോധം തെളിയുന്നു. നിഷ്‌കളങ്കമായ കുസൃതിയാണു് അതിൻ്റെ ഭാവം. പ്രസാദമാണു മുഖം. ഇതോടെ ഒരാള്‍ മിക്ക സങ്കടങ്ങള്‍ക്കും അതീതനാകുന്നു.

വിമര്‍ശിച്ചാല്‍ ദേഷ്യമോ പ്രശംസിച്ചാല്‍ സന്തോഷമോ ജനിക്കില്ല. അടിസ്ഥാനവിശ്വാസങ്ങള്‍, അവയെ ആര്‍ എങ്ങനെ പരാമര്‍ശിച്ചാലും, അവയ്ക്കു സ്വന്തം അനുഭവത്തില്‍ പ്രസക്തി നഷ്ടപ്പെടുവോളം, പോറലേല്ക്കാതെ നില്ക്കും. കാരണം, സത്യത്തെ പരിഹസിക്കുന്നവരാണു പരിഹാസ്യരാകുന്നതു് എന്നു് അയാള്‍ തിരിച്ചറിയും.

ഭാഷയാണു് ഈ സന്തോഷത്തിൻ്റെ പിറവിക്കുള്ള ഒരു തടസ്സം. പട്ടിക്കും പൂച്ചയ്ക്കും പക്ഷിക്കും തിമിംഗലത്തിനുമൊക്കെ ഭാഷകളുണ്ടു്. ഈ ഭാഷകളില്‍ ഓരോന്നും ലോകത്തിൻ്റെ എല്ലാ ഭാഗത്തുമുള്ള ഓരോ വര്‍ഗ്ഗത്തിലെയും എല്ലാ അംഗങ്ങള്‍ക്കും മനസ്സിലാകും. അറ്റ്‌ലാൻ്റിക്കിലെ തിമിംഗലത്തിനും അലാസ്‌കയിലെ തിമിംഗലത്തിനും ശാന്തസമുദ്രത്തിലെ തിമിംഗലത്തിനും വെവ്വേറെ ഭാഷകളില്ല.

മനുഷ്യനു മാത്രമാണു മറ്റൊരു നാട്ടിലോ പ്രദേശത്തോ ഉള്ള സ്വജാതിയുടെ ഭാഷ മനസ്സിലാകാത്തതു്. എന്നാലോ, നിഷ്‌കളങ്കമായ മനസ്സും സ്നേഹവുമുള്ളവര്‍ കണ്ടുമുട്ടിയാല്‍ ഭാഷാപ്രശ്‌നമില്ല താനും! പല നാട്ടുകാരും ഭാഷക്കാരുമായ ഒരു കൂട്ടം ചെറിയ കുട്ടികളെ ഒരുമിച്ചു കളിക്കാന്‍ വിട്ടുനോക്കുക. അവര്‍ക്കു് അന്യോന്യം മനസ്സിലാവാന്‍ ഒരു ഭാഷയും വേണ്ട, അഥവാ ഒരു ഭാഷയും വിലങ്ങല്ല. പല ഭാഷകളിലും ദൈവത്തിനുള്ള പേരുകളുടെ അര്‍ത്ഥം ഒന്നാണെന്നറിയാനെങ്കിലും മുതിര്‍ന്നവര്‍ക്കു കഴിഞ്ഞെങ്കില്‍!

ഭാഷ

ഈയിടെ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഒരു പെണ്‍കുട്ടി ട്രാക്കില്‍ വീണു കാലു മുറിഞ്ഞ കഥ നാം പത്രത്തില്‍ കണ്ടില്ലേ? ഒരു മണിക്കൂറോളം ആ പാവം അവിടെ കിടന്നു് അലമുറയിട്ടു. സഹായമാവശ്യപ്പെട്ടു നിലവിളിച്ചതു മലയാളഭാഷയില്‍ തന്നെയാണു്. അതു കേള്‍ക്കാന്‍ ഇടയായവരെല്ലാരും മലയാളഭാഷ സംസാരിക്കുന്നവരും ആയിരുന്നു. എന്നിട്ടും ആ കരച്ചിലിൻ്റെ സാരം ആര്‍ക്കും ‘മനസ്സിലായി’ല്ല, ആരും തുണച്ചില്ല!

‘സുഖം’ എന്ന വാക്കിനു് ഇന്നുള്ള അര്‍ത്ഥത്തിനും ഒരു ചെറിയ മാറ്റം വേണ്ടേ? എൻ്റെ സുഖത്തിനായി എല്ലാവരും പണിയെടുക്കണം, ഞാന്‍ ആരുടെയും ഒരു സുഖത്തിനും വേണ്ടി ഒന്നും ചെയ്യില്ല എന്നായാല്‍ പോരാ. ഈ അവനവനിസം പൂര്‍ണ്ണമായ ഒറ്റപ്പെടലില്‍ കലാശിക്കും. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നതു് ഇതിനാലല്ലേ? വന്നു വന്നു് അണുകുടുംബങ്ങളും തകരാന്‍ തുടങ്ങിയില്ലെ?

നാലു കാശു മുടക്കിയാല്‍ വാങ്ങാന്‍ കിട്ടുന്ന ഇത്തിരി സുഖത്തിനു ഞാനെന്തിനു മറ്റൊരാളെ അഹോരാത്രം സഹിക്കണം? കുട്ടികളെ ജനിപ്പിച്ചു നൂറുകൂട്ടം പ്രയാസങ്ങളും ചുമതലകളും ഉണ്ടാക്കി വയ്ക്കുന്നതെന്തിനു്? ആരും ആരെയും നാളെ ശ്രദ്ധിക്കാന്‍ പോകുന്നില്ല എന്നു തീര്‍ച്ചയാണെന്നിരിക്കെ വെറുതെ എന്തിനീ പൊല്ലാപ്പു്? എൻ്റെ ഇന്ദ്രിയങ്ങളുടെ സുഖം മതി എനിക്കു്. തുമ്മലുണ്ടാക്കുന്ന അലര്‍ജ്ജികളൊന്നും വേണ്ടാ. തുമ്മിയാല്‍ മൂക്കുപോകും!

ഇതാണോ സുഖം? കൂടുതല്‍ വലിയ സുഖങ്ങളുണ്ടെന്നു് അനുഭവിച്ചറിയാന്‍ ഇടകിട്ടാത്തവര്‍ക്കു് ഇത്രയേ ഉള്ളൂ ആകെയെന്നു തോന്നുന്നതില്‍ അദ്ഭുതമില്ല. ഒരിക്കലും കണ്ണു തുറക്കാത്തവര്‍ക്കു് അറിയാനാവില്ലല്ലോ വെളിച്ചമെന്ന ഒന്നുണ്ടെന്നു്. സന്തോഷമെന്നാല്‍ എന്താണു്? സുഖമെന്നതു് എത്തരമൊക്കെ ഉണ്ടു്? പുരോഗതി എന്നാല്‍ ഏതു ദിശയിലാണു്? വികസനമെന്നതു് എങ്ങനെയിരിക്കണം? മനുഷ്യനായി പിറന്നതു് എന്തിനാണു്? എന്നൊന്നും നമ്മുടെ ഒരു സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്നില്ലല്ലോ. പകരം, പരസ്പരം മത്സരിക്കാന്‍ പഠിപ്പിക്കുന്നു. ഫൗള്‍ കളിക്കാനും കളിച്ചാലും പിടിക്കപ്പെടാതിരിക്കാനും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

രണ്ടുമൂന്നു നൂറ്റാണ്ടുകളായി ഇതു തുടര്‍ന്നുപോരുന്നു എന്നോര്‍ക്കുമ്പോള്‍ നാട്ടില്‍ ഇത്രയും കുഴപ്പങ്ങളേ ഉള്ളൂ എന്നതു് ഒരു മഹാദ്ഭുതമല്ലേ? ഭൂരിപക്ഷത്തിനും ഇന്നും ഇവിടെ തുമ്മിയാല്‍ പോകാത്ത മൂക്കുള്ളതു് ഏതോ മഹാപൈതൃകത്തിൻ്റെ ഗുണഫലമല്ലേ? അഥവാ, ആ മഹാപൈതൃകത്തിൻ്റെ നവോത്ഥാനമല്ലേ കഷ്ടാവസ്ഥയ്ക്കു മറുമരുന്നു്?

ഒരു ക്ലാസ്സിലും ഒരു ക്ലാസിക്കലും പഠിക്കാത്ത അമൃതാനന്ദമയീ അമ്മ എല്ലാം ശരിയായി മനസ്സിലാക്കി വാത്സല്യപൂര്‍വ്വം നമ്മോടു ചോദിക്കുന്നു, ‘ഇനിയെങ്കിലും ദുരഭിമാനമെന്ന പീറാ മാറാപ്പു കൈയൊഴിഞ്ഞുകൂടെ, മക്കളേ?’

സി. രാധാകൃഷ്ണന്‍