ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും?
അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല.
അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി യുദ്ധംചെയ്തു മനഃപക്വത നേടേണ്ടതാണു്. നാനാത്വങ്ങള്‍ നിറഞ്ഞ ലോകത്തുനിന്നു വിജയിക്കുന്നവനേ വിജയിച്ചു എന്നു പറയുവാന്‍ പറ്റൂ.
ദേഷ്യം വരേണ്ട ഒരു സാഹചര്യത്തില്‍ ദ്വേഷിക്കാതിരിക്കുന്നതാണു ധീരത. ഏകാന്തമായിരുന്നു സാധന ചെയ്യുന്നവന് ‘ഞാന്‍ കോപിക്കാറില്ല’ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അതു ധീരതയുടെ ലക്ഷണവുമല്ല. ഏകാന്തതയില്‍ സാധനചെയ്തതു കൊണ്ടു മാത്രം വാസനാക്ഷയം സംഭവിക്കണമെന്നില്ല. തണുപ്പുകൊണ്ടു മരവിച്ചു കിടക്കുന്ന പാമ്പു കൊത്താന്‍ വേണ്ടി പത്തി ഉയര്‍ത്താറില്ല. എന്നാല്‍ വെയിലേറ്റു കഴിയുമ്പോള്‍ അതിൻ്റെ സ്വഭാവം മാറും.
കുറുക്കന് കാട്ടിലിരുന്നു തീരുമാനിക്കും ‘ഞാന്‍ ഇനി നായയെ കണ്ടാല്‍ കൂവില്ല’ എന്നു്. നാട്ടിലിറങ്ങി ഒരു നായയുടെ വാലു കണ്ടാല്‍ മതി, തീരുമാനം ഓടിയൊളിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ മനോനിയന്ത്രണം പാലിക്കുവാന്‍ കഴിയണം. അതിലാണു സാധനയുടെ വിജയം. സാധനയുടെ ഒരു ഘട്ടത്തില്‍, മുറിക്കകത്തു മാത്രം കഴിയുന്ന കുട്ടികളെപ്പോലെയാണു്. ദേഷ്യം അല്പം കൂടുതലാകാറുണ്ടു്. ആ സമയം ഗുരുമുഖത്തുനിന്നുകൊണ്ടു് അഭ്യാസം ചെയ്തു് അതിനെ അതിജീവിക്കാം.