മക്കളേ, പ്രപഞ്ചത്തിന് കാരണഭൂതയായ പരാശക്തിയെ ആരാധിക്കുന്ന കാലമാണ് നവരാത്രി. നവരാത്രി, വ്രതത്തിന്റെയും തപസ്സിന്റെയും പൂജയുടെയും കാലമാണ്. വ്രതത്തിലൂടെ ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുവാനും മനഃസംയമനം ശീലിക്കാനും കഴിയുന്നു.
പൂജാരീതികള്‍ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ ദേവിയെ ഓരോ ദിവസവും ഓരോ ഭാവത്തില്‍ ആരാധിക്കുന്നു. മറ്റുചിലയിടങ്ങളില്‍ ആദ്യത്തെ മുന്നു ദിവസം കാളിയുടെ അല്ലെങ്കില്‍ ദുര്‍ഗ്ഗയുടെ ഭാവത്തിലും അടുത്ത മൂന്നു ദിവസം ലക്ഷ്മിയുടെ ഭാവത്തിലും അതിനടുത്ത മൂന്നു ദിവസം സരസ്വതിയുടെ ഭാവത്തിലും പൂജിക്കുന്നു. ചില ഇടങ്ങളിലാവട്ടെ അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം പൂജ ചെയ്യുന്നു.
നിദ്ര, ആലസ്യം, കാമം, ക്രോധം, മദം, മാത്‌സര്യം, അക്ഷമ, അവിശ്വാസം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സാധനയ്ക്കും ആത്മീയ പുരോഗതിക്കും തടസ്സമാണ്. അവയെ തപസ്സുകൊണ്ടും ഈശ്വരാരാധനകൊണ്ടും ജയിച്ച് പൂര്‍ണ്ണത പ്രാപിക്കുന്ന തത്വമാണ് നവരാത്രിയുടേത്. അതിന്റെ വിജയകരമായ പൂര്‍ത്തീകരണമാണ് വിജയദശമി. മാത്രമല്ല ഉപാസനയിലൂടെ ശക്തിയും ഐശ്വര്യവും വിദ്യയും ലഭിക്കുന്നു. പിന്നിട്ട വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി സൂചകമായി ദുര്‍ഗ്ഗാഷ്ടമിനാളില്‍ പുസ്തകങ്ങളും പണിയായുധങ്ങളും വച്ച് പൂജചെയ്യുന്നു. പിന്നീട് അവയെ ദേവിയുടെ പ്രസാദമായി സ്വീകരിച്ച് ഐശ്വര്യപൂര്‍ണ്ണമായ പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
എല്ലാ നല്ല കാര്യങ്ങളും ആരംഭിക്കുവാന്‍ ശുഭകരമാണ് വിജയദശമി. അന്ന് നമ്മള്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. വിദ്യയുടെ ഹരിശ്രീ കുറിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ എന്ന മന്ത്രം അക്ഷര പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രതീകമാണ്. മനുഷ്യന് അറിവു ലഭിക്കുന്നത് പ്രധാനമായും അക്ഷരരൂപത്തിലാണ്. വാഗ്‌രൂപിണിയായ ദേവി മനസ്സിലും നാവിലും വിളങ്ങുമ്പോള്‍ മൂകന്‍ വാചാലനും പാമരന്‍ പണ്ഡിതനുമായി മാറും.
പരമമായ സത്യം ശുദ്ധ ചൈതന്യമാണ്. അതിന് ഒരു മാറ്റവും കൂടാതെ അതില്‍ നിന്ന് പ്രപഞ്ചം പ്രകടമാകുന്നു. അതിന്റെ പിന്നിലെ ശക്തിയെയാണ് നമ്മള്‍ ദേവി എന്നു വിളിക്കുന്നത്. പരംപൊരുളും ശക്തിയും രണ്ടല്ല. ഒന്നുതന്നെ. സൂര്യനും അതിന്റെ പ്രകാശവും പോലെ തേനും അതിന്റെ മാധുര്യവും പോലെ വാക്കും അര്‍ത്ഥവും പോലെ അവ ഒന്നാണ്.
ഈശ്വരനെ ഇഷ്ടമുള്ള ഭാവത്തില്‍ ആരാധിക്കുവാന്‍ നമുക്കു സ്വാതന്ത്ര്യമുണ്ട്. അമ്മയായും അച്ഛനായും ഗുരവായും കൂട്ടുകാരനായും യജമാനനായും സ്വന്തം കുഞ്ഞായും എല്ലാം നമുക്ക് ആരാധിക്കാം. എല്ലാ മാനുഷീക ബന്ധങ്ങളിലും വച്ച് ഉദാത്തമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. കുഞ്ഞിന് അമ്മയുടെ അടുത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. കരഞ്ഞും വാശിപിടിച്ചും കുഞ്ഞ് വേണ്ടതെല്ലാം നേടും. അമ്മയല്ലാതെ എനിക്കു വേറെ ഒരാശ്രയമില്ല എന്നാണ് കുഞ്ഞിന്റെ ഭാവം ഏതു ദുഃഖത്തിലും കുഞ്ഞ് ആശ്വാസം തേടുന്നത് അമ്മയുടെ മടിത്തട്ടിലാണ്. ആ ഒരു ഭാവമാണ് നമുക്ക് ഈശ്വരനോടു വേണ്ടത്. ക്ഷമയുടെ മൂര്‍ത്തിയാണ് അമ്മ. കുഞ്ഞ് എത്ര തെറ്റുചെയ്താലും അമ്മ വീണ്ടും വീണ്ടും ക്ഷമിച്ച് വാത്സല്യം ചൊരിയും. എങ്കിലും സാധാരണ അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളോടുമാത്രമേ അത്തരം സ്നേഹമുള്ളൂ . എന്നാല്‍ സര്‍വ്വ ചരാചരങ്ങളിലേക്കു വഴിഞ്ഞൊഴുകുന്ന സ്നേഹവും ഒപ്പം പൂര്‍ണ്ണമായ ആത്മനിഷ്ഠയും ചേര്‍ന്നതാണ് ജഗത്മാതാവിന്റെ ഭാവം.
ചിലര്‍ ചോദിക്കാറുണ്ട് ‘ദേവിയെ മായയെന്നു വിളുക്കാറുണ്ടല്ലോ. മായ എന്നു പറഞ്ഞാല്‍ നമ്മളെ ഭ്രമിപ്പിക്കുന്നതും ദുഃഖത്തിലേക്കും ബന്ധനത്തിലേക്കും നയിക്കുന്നതും അല്ലേ. അപ്പോള്‍ നമ്മള്‍ ദേവിയെ എന്തിനാണ് ആരാദിക്കുന്നത്?’ എന്ന്.
ഈ പ്രപഞ്ചമായി കാണപ്പെടുന്നത് ദേവിയാണ്. എല്ലാമായി മാറിയതും എല്ലാത്തിലും നിറഞ്ഞുനില്‍ക്കുന്നതും ആ ദേവിയാണ്. എല്ലാം ദേവിയായതിനാല്‍ മായയും ദേവിതന്നെ. മായയും മായാവിയും മായയില്‍ നിന്നുമോചിപ്പിക്കുന്നവളും ദേവി തന്നെ. വിദ്യയും അവിദ്യയും ദേവിതന്നെ. സത്യത്തിലേക്കു നയിക്കുന്നതെന്തോ അതാണ് വിദ്യ. അസത്യത്തിലേക്കും ദുഃഖത്തിലേക്കും നയിക്കുന്നതെന്തോ അതാണ് അവിദ്യ. ദേവി എല്ലാമായതിനാല്‍ വിദ്യയും ദേവി തന്നെ അവിദ്യയും ദേവി തന്നെ. രണ്ടിനും ആധാരമായ പരമസത്യവും ദേവി തന്നെ.
മായ എന്നാല്‍ നമ്മുടെ മനസ്സുതന്നെയാണ്. അല്ലാതെ പുറമെ നിന്നുള്ള ഒരു ശക്തിയല്ല. മനസ്സിന്റെ മൂലരൂപമാണ് മായ. നമ്മുടെ ബന്ധനത്തിനും മോക്ഷത്തിനും കാരണം നമ്മുടെ മനസ്സുതന്നെയാണ്. മനസ്സിലെ മിക്ക ദുഃഖങ്ങളും ഉണ്ടാകുന്നത് ഭ്രമം മൂലമാണ്. അസ്തമയത്തില്‍ സൂര്യന്‍ കടലില്‍ താഴും. സൂര്യന്‍ മുങ്ങിപ്പോഴെന്നു കരുതി കുഞ്ഞ് കരയും. അതുപോലെയാണ് നമ്മുടെ ഒട്ടുമുക്കാലും ദുഃഖങ്ങള്‍.
ആത്മബോധത്തിലേക്കുണര്‍ന്നാല്‍ മുക്തിയായി. മനസ്സ് വിഷയ ചിന്തയി ലേക്ക് അധഃപതിച്ചാല്‍ ബന്ധനമായി, മനസ്സുകൊണ്ടുതന്നെ വേണം മനസ്സിനെ ജയിക്കുവാന്‍.
പ്രപഞ്ചത്തിലെ സകലതും സര്‍വ്വേശ്വരന്റെ പ്രത്യക്ഷരൂപമാണ്. ഇവിടെ നിസ്സാരമായിട്ടൊന്നും തന്നെയില്ല. ഒരു പുഴുവിനു പോലും ഈ പ്രപഞ്ചവ്യവസ്ഥിതിയില്‍ അതിന്റേതായ പങ്കുനിര്‍വ്വഹിക്കാനുണ്ട്. ഈ ലോകത്തില്‍ ഓരോന്നിനും അതിന്റേതായ സ്ഥാനം ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. വലിയവരും ചെറിയവരും ഇവിടെ ഇല്ല. എല്ലാവരിലും ഈശ്വരനെ കാണുക. ആദരിക്കുക. ആ സമദര്‍ശനമാണ് മുക്കു വേണ്ടത്. നവരാത്രിയിലെ ബൊമ്മക്കൊലു നല്‍കുന്ന സന്ദേശവും അതുതന്നെ. ബൊമ്മക്കൊലുവിലെ ഏറ്റവും നിസ്സാരമായതിനെ പോലും നമ്മള്‍ ദേവിയുടെ അംശമായി കണ്ട് പൂജിക്കുന്നു. സര്‍വ്വതിലും ജഗദംബയെ ദര്‍ശിക്കുക, സ്നേഹിക്കുക, സേവിക്കുക, ആദരിക്കുക എന്നതാണ് പരമമായ ഭക്തി. അതിലേക്ക് ഉയരാന്‍ മക്കള്‍ക്കു കഴിയട്ടെ. കൃപ അനുഗ്രഹിക്കട്ടെ.
-അമ്മയുടെ നവരാത്രി സന്ദേശത്തിൽ നിന്ന്, 11 സെപ്തംബർ 2016 അമൃതപുരി