അമ്പലപ്പുഴ ഗോപകുമാര്‍
പുഴയൊഴുകുന്നൊരമ്മതന്നവതാര-
മഴകായ്പ്പടര്‍ന്നാത്മസൗരഭം പരത്തുമ്പോള്‍
മഴവില്‍ക്കാവില്‍ പൂത്ത പൊന്നമ്പിളിക്കുളിര്‍
വഴിയും നിലാവലച്ചാര്‍ത്തില്‍ നാടലിയുമ്പോള്‍
പ്രേമമര്‍മ്മരം പെയ്യും പ്രകൃതീശ്വരിയുടെ
തൂമന്ദഹാസം ആശാപാശങ്ങളറുക്കുമ്പോള്‍,
എന്തു മോഹനം! ജഗത്സങ്കല്പമേകാദ്വൈത-
കാന്തിയിലൊരു പക്ഷിക്കൂടുപോല്‍ കാണാകുന്നു!
ആ കിളിക്കൂടും കാത്തു നിര്‍ന്നിമേഷമായൊരു-
നീക്കമില്ലാതേനില്ക്കുന്നരികത്തമ്മക്കിളി…
പ്രാണസര്‍വ്വസ്വം ജീവരാശിയെകാത്തേപോരും
കാരുണ്യവാരാന്നിധിയായൊരമ്മയെപ്പോലെ…!
നന്മതന്‍നറുനിലാപ്പാലാഴിയൊഴുക്കുന്നോ-
രമ്മഹച്ചൈതന്യമോ പുഴയായൊഴുകുന്നു…
പുഴയില്‍ നീന്തിത്തുടിച്ചാര്‍ക്കുന്ന മനസ്സിൻ്റെ-
വിമലാകാശത്തിലോ മഴവില്ലുദിക്കുന്നു…
മഴയും വില്ലും ഋതുസംക്രമപ്പകര്‍ച്ചതന്‍
മധുരപ്രതീക്ഷയായ് മനസ്സില്‍ തെളിയുമ്പോള്‍,
ദുരിതദുഃഖക്ലേശമൊക്കെയുമകറ്റുന്ന
പുലരിത്തുടിപ്പിൻ്റെ ശുഭദര്‍ശനം ലോകര്‍-
ക്കരുളാനാര്‍ത്തത്രാണ നിര്‍ഝരിയായിത്തുടി-
ച്ചമൃതസ്‌നാതോത്ക്കൃഷ്ട ജന്മങ്ങള്‍ തെളിക്കുന്ന
പരമപ്രകാശൈകരൂപിണീ നമോസ്തുതേ…