പരസ്പരം ഹൃദയം അറിയാന്‍ കഴിയാത്ത സ്ഥിതിക്കു മക്കള്‍ സ്നേഹം ഉള്ളില്‍വച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ. പുറമേക്കു്, വാക്കില്‍ക്കൂടിയും പ്രവൃത്തിയില്‍കൂടിയും പ്രകടിപ്പിക്കുകകൂടി വേണം. കുടുംബജീവിതത്തിലെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി അമ്മ പറയുന്നതാണിതു്. അതില്ലാത്ത പക്ഷം നിങ്ങള്‍ ചെയ്യുന്നതു ദാഹിച്ചു വലഞ്ഞുവരുന്ന ഒരുവൻ്റെ കൈയില്‍ ഐസുകട്ട വച്ചു കൊടുക്കുന്നതുപോലെയാണു്. ആ സമയത്തു് അവൻ്റെ ദാഹം ശമിപ്പിക്കുവാന്‍ അതുപകരിക്കില്ല. അതിനാല്‍ മക്കള്‍ അവരുടെ ലോകത്തിലേക്കിറങ്ങണം. പരസ്പരം ഉള്ളുതുറന്നു സ്നേഹിക്കണം. അതു പരസ്പരം അറിയുവാന്‍ കഴിയണം.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു കുടുംബത്തില്‍ ഭാര്യയ്ക്കു മൃഗങ്ങളെ വളരെ ഇഷ്ടമാണു്. ഒരിക്കല്‍ അവര്‍ ഒരു മൃഗശാല കാണുവാന്‍ പോയി. അവിടെ ഒരു കുരങ്ങനെ കണ്ടപ്പോള്‍ ഭാര്യയ്ക്കു് അതിനെ വാങ്ങിയാല്‍ കൊള്ളാമെന്നു വലിയ ആഗ്രഹം. ഭര്‍ത്താവിനോടു് അനുവാദം ചോദിച്ചു. പക്ഷേ, ഭര്‍ത്താവു സമ്മതിച്ചില്ല. ഭാര്യയ്ക്കു തിരിച്ചുവന്നിട്ടും കുരങ്ങിനോടുള്ള സ്നേഹം വിട്ടകലുന്നില്ല. ഒരു ദിവസം ഭര്‍ത്താവു വീട്ടിലില്ലാത്തനേരം അവര്‍ ആ കുരങ്ങനെ വാങ്ങിക്കൊണ്ടുവന്നു. ഭര്‍ത്താവു തിരിയെ വന്നപ്പോള്‍ കുരങ്ങനെ വീട്ടില്‍ കെട്ടിയിട്ടിരിക്കുന്നു.
ഭര്‍ത്താവു ചോദിച്ചു, ”നീ എന്താണു് ഈ കാട്ടിക്കൂട്ടിയിരിക്കുന്നതു്”. ”ഞാനതിനെ അങ്ങു വാങ്ങിപ്പോയി” ഭാര്യ പറഞ്ഞു.
”ആട്ടെ നീ ഇതിനു് എന്തു തിന്നാന്‍ കൊടുക്കും?”
”നമ്മള്‍ കഴിക്കുന്നതിൻ്റെ ഒരു പങ്കു കൊടുക്കും.”
”നീ ഇതിനെ എവിടെ കിടത്തും?”
”നമ്മുടെ കട്ടിലില്‍ കിടത്തും.”
”അയ്യോ, അതിനെന്തു നാറ്റമായിരിക്കും.”
”അതിനെന്താ ഇരുപതു വര്‍ഷം ഞാന്‍ നിങ്ങളുടെ നാറ്റം അനുഭവിച്ചില്ലേ, ഇനി ഈ കുരങ്ങിൻ്റെതു കൂടി അനുഭവിക്കട്ടെ.”
ഇതിൻ്റെ അര്‍ത്ഥമെന്തെന്നാല്‍ ഭൗതികജീവിതം തൊലിപ്പുറമെയുള്ള സ്നേഹം മാത്രമാണു്. ഇന്നു നമ്മുടെതു്, പരസ്പരം അറിഞ്ഞുള്ള സ്നേഹമല്ല. ഹൃദയങ്ങള്‍ പരസ്പരം അറിയുന്നില്ല. ഭാര്യയ്ക്കു ഭര്‍ത്താവിൻ്റെ ഹൃദയം അറിയില്ല. ഭര്‍ത്താവിനു ഭാര്യയുടെ ഹൃദയം അറിയില്ല. ആരും വിട്ടുവീഴ്ചയ്ക്കു തയ്യാറുമല്ല. ഈ രീതിയിലൊരു ജീവിതമാണു മുന്നോട്ടുപോകുന്നതു്. അങ്ങനെയുള്ള ജീവിതത്തില്‍ എങ്ങനെ ശാന്തി അനുഭവിക്കുവാന്‍ കഴിയും? എന്നാല്‍ ആദ്ധ്യാത്മികത മനസ്സിലാക്കുന്നതിലൂടെ നമ്മള്‍ പരസ്പരം അറിയുവാനും വിട്ടുവീഴ്ച ചെയ്യുവാനും തയ്യാറാകുന്നു. പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതാണു ജീവിതത്തിലെ എല്ലാ തകര്‍ച്ചകള്‍ക്കും കാരണം.
ഒരാളിനു ജീവിതത്തില്‍ യഥാര്‍ത്ഥസ്നേഹം ആദ്യം ലഭിക്കുന്നതു് അമ്മയില്‍നിന്നുമാണു്. ഒരമ്മയ്ക്കു പിഞ്ചുകുഞ്ഞിനോടുള്ള സ്നേഹത്തില്‍ കളങ്കം കാണുവാന്‍ കഴിയില്ല. യാതൊരു പ്രതീക്ഷയുമില്ലാത്ത സ്നേഹമാണതു്. അമ്മയുടെ ഈ സ്നേഹം കൊച്ചുകുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കു് വളരെ ആവശ്യമാണു്. പാശ്ചാത്യരാജ്യങ്ങള്‍ ബുദ്ധിജീവികളുടെ നാടാണെന്നു പറയുമെങ്കിലും അവിടെ മാനസികരോഗികളും ധാരാളമുണ്ടു്. അതിനു കാരണം ഈ സ്നേഹത്തിൻ്റെ അഭാവമാണു്. കാറില്‍ പെട്രോള്‍ ഉണ്ടെങ്കിലും അതു സ്റ്റാര്‍ട്ടാകണമെങ്കില്‍ ബാറ്ററി വേണം. അതുപോലെ, പെറ്റമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹമാണു്, നമ്മുടെ ജീവിതത്തിൻ്റെ ഫൗണ്ടേഷന്‍.
മറ്റുള്ളവരുടെ സ്നേഹം സ്നേഹമല്ലേ എന്നു ചോദിക്കാം. അതും സ്നേഹംതന്നെ. പക്ഷേ, അതിൻ്റെ പിന്നില്‍ എപ്പോഴും ഒരു പ്രതീക്ഷയുണ്ടു്. ഭാര്യ ഒരു തെറ്റു ചെയ്താല്‍ ഭര്‍ത്താവു് ഉപേക്ഷിക്കാറുണ്ടു്. ഭര്‍ത്താവിനു് ഒരു പിഴ സംഭവിച്ചാല്‍ ഭാര്യ വിട്ടുപോകാറുണ്ടു്. ഈ സ്നേഹം ചെറിയ തെറ്റിനു മുന്‍പില്‍പോലും വിട്ടുപിരിയുന്നതാണു്. ഇതു മൃഗമനസ്സുകളുടെ സ്വഭാവമാണു്. പശുവിനെ സ്നേഹിക്കുന്നതു പാലിനു വേണ്ടിയാണു്. പാലു ലഭിക്കുന്നതു്, ഒന്നു നില്ക്കട്ടെ കുറച്ചുനാളുകൂടി വീട്ടില്‍ നിര്‍ത്തിയെന്നു വരാം. പിന്നീടതിനെ ഇറച്ചിക്കാരനു വില്ക്കും. ഇതുപോലെയാണു ലോകത്തില്‍ ഇന്നു സ്നേഹം. അതിനെ യഥാര്‍ത്ഥ സ്നേഹമെന്നു പറയുവാന്‍ അമ്മയ്ക്കു കഴിയില്ല.
ഈ മൃഗീയമനസ്സിനെ ഈശ്വരത്വത്തിലേക്കു് ഉയര്‍ത്തുന്നതാണു് ആദ്ധ്യാത്മികത. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വേര്‍പിരിയാറുണ്ടെങ്കിലും ഒരു തള്ള തൻ്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറാകില്ല; തൊണ്ണൂറുശതമാനം തള്ളമാരും. ഒരു കുട്ടിക്കു തൻ്റെ ചെറുപ്പത്തില്‍ അമ്മയില്‍നിന്നും ലഭിക്കുന്ന സ്നേഹമാണു് അതിനു ലോകത്തിൻ്റെ സ്നേഹം സ്വീകരിക്കുവാനും തന്നിലുള്ള സ്നേഹത്തെ മറ്റുള്ളവര്‍ക്കു നല്കുവാനും ശക്തി പകരുന്നതു്. മാതാവില്‍നിന്നും കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന സ്നേഹം നഷ്ടമായാല്‍, അതു് ആ കുഞ്ഞിൻ്റെയും രാജ്യത്തിൻ്റെയും നാശത്തിനു കാരണമാകും എന്നു മക്കള്‍ ഓര്‍ക്കണം.