പരമമായ അനുഭവത്തിലെത്തുമ്പോൾ, ശരീരത്തിലെ വിവിധ അവയവങ്ങൾ നമ്മിൽനിന്നും ഭിന്നമല്ലാത്തതുപോലെ ഈ പ്രപഞ്ചം നമ്മിൽ നിന്നും ഭിന്നമല്ല എന്നു ബോദ്ധ്യമാകും. സ്വന്തം ശരീരത്തിൽമാത്രം ഒതുങ്ങിനിന്ന ബോധം പ്രപഞ്ചത്തോളം വ്യാപ്തമാകുന്നു. അതിൽ ഒന്നും ഒഴിവാകുന്നില്ല.
കാൽവിരൽത്തുമ്പിൽ മുള്ളുകൊള്ളുമ്പോഴുള്ള വേദന സ്വയം അറിയുന്നതുപോലെ സത്യദർശികൾ മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായി അറിയുന്നു. അഗ്‌നിയുടെ ചൂടുപോലെ, വെള്ളത്തിന്റെ തണുപ്പുപോലെ പൂവിന്റെ തേനും മണവുംപോലെ കാരുണ്യം അവരുടെ സ്വഭാവമായി മാറുന്നു. മറ്റുള്ളവർക്കു് ആശ്വാസം പകരുക എന്നതു് അവരുടെ സഹജഭാവമാകുന്നു.
സ്വന്തം വിരൽ കണ്ണിൽത്തട്ടിയാൽ നമ്മൾ ക്ഷമിച്ചു കണ്ണിനെ തലോടും. കാരണം വിരലും കണ്ണും നമ്മിൽനിന്നു ഭിന്നമല്ല. അതുപോലെ സർവ്വരെയും തന്നെപ്പോലെ കാണുന്ന ആ തലത്തിലേക്കു് ഓരോ വ്യക്തിയെയും ഉയർത്തുക എന്നതാണു ഹിന്ദുമതം ലക്ഷ്യമാക്കുന്നത്.
ശരീരത്തിൽ മാത്രം ഒതുങ്ങുന്ന ഞാനെന്ന ബോധത്തെ വിശ്വത്തോളം വ്യാപ്തമാക്കി, താനും ഈശ്വരനും ഒന്നെന്ന അനുഭൂതിതലത്തിലെത്തുന്നതോടെ ഒരുവൻ പൂർണ്ണതയെ പ്രാപിക്കുന്നു. അങ്ങനെ പ്രപഞ്ചത്തിലാസകലം ഈശ്വരനെ ദർശിക്കാനും താനും ഈശ്വരനും അഭിന്നമാണെന്ന അനുഭവത്തിലെത്താനുള്ള വഴി ഹിന്ദുധർമ്മം ഉപദേശിക്കുന്നു. കർമ്മയോഗം, ഭക്തി യോഗം, രാജയോഗം തുടങ്ങി അതിനുള്ള വിവിധമാർഗ്ഗങ്ങളും ഹിന്ദുമതം കാട്ടിത്തരുന്നു. -അമ്മ