ഹിന്ദുമതം എല്ലാറ്റിലും ദിവ്യത്വത്തെ ദർശിക്കുന്നു. എല്ലാവരെയും ഈശ്വരന്റെ പ്രത്യക്ഷമൂർത്തികളായിക്കാണുന്നു. മനുഷ്യനും ഈശ്വരനും രണ്ടല്ല, ഒന്നാണ്. ഓരോ മനുഷ്യനിലും ആ ദിവ്യത അന്തർല്ലീനമായിരിക്കുന്നു. സ്വപ്രയ്തനത്തിലൂടെ ഏതൊരാളിനും അതിനെ സാക്ഷാത്ക്കരിക്കുവാൻ കഴിയും എന്നു പഠിപ്പിക്കുന്ന മതമാണു ഹിന്ദുമതം.

സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. സൃഷ്ടിയായിത്തീർന്നിരിക്കുന്നതു സ്രഷ്ടാവു് (ഈശ്വരൻ) തന്നെയാണ്. ആ അദ്വൈതസത്യത്തെ അറിയുക എന്നതാണു ജീവിതത്തിന്റെ പരമമായ ലക്ഷ്യമായി ഹിന്ദുമതം കാണുന്നത്. സ്വപ്നം കാണുന്ന വ്യക്തിയിൽനിന്നു സ്വപ്നം ഭിന്നമല്ല. എന്നാൽ കണ്ടതു സ്വപ്നമാണെന്നു മനസ്സിലാകണമെങ്കിൽ ഉണരണം. എല്ലാം ഈശ്വരനാണെങ്കിലും, ആ ബോധത്തിലേക്കു നമ്മൾ ഉണരാത്തതിനാൽ ചുറ്റും കാണുന്നതിനെ മറ്റു പലതുമായിക്കരുതുന്നു. ചിലതിനോടു രാഗവും ചിലതിനോടു ദ്വേഷവും തോന്നുന്നു. ഇതുമൂലം സുഖവും ദുഃഖവും ജീവിതത്തിന്റെ സ്വഭാവമായിത്തീരുന്നു. എന്നാൽ നാം നമ്മുടെ സത്തയിലേക്കുണരുമ്പോൾ അവിടെ ഞാനും നീയുമില്ല. എല്ലാം ഈശ്വരൻതന്നെ. അവിടെ പിന്നെയുള്ളതു് ആനന്ദം മാത്രം. ഈ അനുഭവത്തിലേക്കുണരുവാൻ ഓരോരുത്തരുടെ സംസ്‌കാരമനുസരിച്ചു് അനേകം മാർഗ്ഗങ്ങൾ ഹിന്ദുമതം ഉപദേശിക്കുന്നു. മാർഗ്ഗങ്ങളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇത്രയും വൈവിദ്ധ്യമുള്ള മറ്റൊരു മതമുണ്ടോ എന്നു സംശയമാണ്.

ചെളികൊണ്ടു കഴുതയെയും കുതിരയെയും എലിയെയും സിംഹത്തെയും മെനഞ്ഞെടുക്കാം. അവ നാമത്തിലും രൂപത്തിലും വിഭിന്നങ്ങളാണെങ്കിലും സത്യത്തിൽ ചെളി തന്നെയാണ്. ആ നാമരൂപങ്ങൾക്കുള്ളിൽ ചെളി കാണുവാനുള്ള ദൃഷ്ടി വേണം എന്നു മാത്രം. ഇതുപോലെ നാമരൂപങ്ങൾകൊണ്ടു പ്രപഞ്ചത്തെ നാനാപ്രകാരത്തിൽ കാണുന്ന ദൃഷ്ടി മാറണം. സത്യത്തിൽ അവയെല്ലാമായിത്തീർന്നിരിക്കുന്നതു് ഒരേ സത്തതന്നെയാണ്. അതിനാൽ ഹിന്ദുമതത്തിൽ എല്ലാം ഈശ്വരനാണ്. ഈശ്വരനല്ലാത്തതായി യാതൊന്നുമില്ല. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും വൃക്ഷത്തെയും ചെടികളെയും മലയെയും നദിയെയും സർവ്വതിനെയും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെപ്പോലും ഈശ്വരനായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുവാനാണു ഹിന്ദുധർമ്മം പഠിപ്പിക്കുന്നത്. -അമ്മ