സ്വാമി ജയേന്ദ്ര സരസ്വതിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. ‘ഞാൻ ശരീരമല്ല, സർവതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്’ എന്നറിയുന്ന സന്ന്യാസിയുടെ ശരീരത്യാഗത്തിൽ ദുഃഖിക്കാൻ പാടുണ്ടോയെന്നു സംശയം തോന്നിയേക്കാം. ആത്യന്തികമായ സത്യം അതാണെങ്കിലും ഭൗതികതലത്തിൽ ചിന്തിക്കുമ്പോൾ, ദേഹവിയോഗം ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ജയേന്ദ്ര സരസ്വതിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഭക്തന്മാരുടെ ഹൃദയത്തിലും അതിലുപരി സനാതനധർമത്തിന്റെ വക്താവെന്ന നിലയിൽ ഭാരതത്തിനും സംഭവിച്ചിരിക്കുന്നതു വലിയ നഷ്ടമാണ്. അതൊരു വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു.

വേദവേദാംഗപാരംഗതനായിരുന്നു ജയേന്ദ്ര സരസ്വതി. ശ്രുതിയുടെ പരമതാൽപര്യമായ വേദാന്ത ദർശനത്തിന്റെ ആധികാരിക വക്താവായിരുന്നു അദ്ദേഹം. ഒപ്പം വേദധർമത്തെ അതിന്റെ സമഗ്രതയിൽ സംരക്ഷിച്ചു പ്രചരിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ജനസഹസ്രങ്ങൾക്കു ദിശാബോധവും മാർഗദർശനവും പ്രചോദനവും നൽകിയിട്ടുണ്ട്.

സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സ്വാമികളുടെ ഭരണകാലത്തു കാഞ്ചിമഠം നടപ്പാക്കുകയുണ്ടായി. തന്റെ അഗാധ പാണ്ഡിത്യത്തിലൂടെയും കാരുണ്യപൂർണമായ സമീപനത്തിലൂടെയും ലോക മംഗളാർഥം സ്വാമികൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു.

ജയേന്ദ്ര സരസ്വതിയുടെ ദേഹവിയോഗത്തോടെ ഷഡ്ദർശനങ്ങളിൽ അപാരമായ പാണ്ഡിത്യമുള്ള, വേദവേദാംഗങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ കഴിവുള്ള ഒരു ആചാര്യനെയാണു ഭാരതത്തിനു നഷ്ടമായിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകളും ഉപദേശങ്ങളും സൂക്ഷ്മമായ സാന്നിധ്യവും എന്നും ജനങ്ങളെ മുന്നോട്ടു നയിക്കും.

2010 ജനുവരിയിൽ ജയേന്ദ്ര സരസ്വതി സ്വാമി അമൃതപുരി ആശ്രമത്തിൽ വന്ന ദിവസവും അന്നത്തെ കൂടിക്കാഴ്ചയും ഓർത്തുപോകുന്നു. നൂറ്റാണ്ടുകൾ നിലനിന്നിരുന്ന സമ്പ്രദായം മറികടന്ന് അമൃതപുരി ആശ്രമത്തിലേക്കു വന്നത്, അദ്ദേഹത്തിന്റെ ധീരതയെയും ഭയമില്ലായ്മയെയും വിശാലമനസ്കതയെയും കാണിക്കുന്നു. ഈ ഗുണങ്ങൾ തന്നെയാണ് ഒരു യഥാർഥ സന്ന്യാസിക്കു വേണ്ടത്.

കാഞ്ചി മഠത്തിലേക്ക് അദ്ദേഹം ക്ഷണിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. സ്വാമി സമാധിയായ ഈ അവസരത്തിൽ മനസ്സുകൊണ്ട് അവിടം സന്ദർശിച്ച് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് ആദരവും മാനസപുഷ്പങ്ങളും അർപ്പിക്കുന്നു.

-അമ്മ