ചോദ്യം : സ്ത്രീകള്‍ക്കു സമൂഹത്തിലുള്ള സ്ഥാനവും പങ്കും എന്തായിരിക്കണം?

അമ്മ: പുരുഷനു സമൂഹത്തില്‍ എന്തു സ്ഥാനവും പങ്കുമാണോ ഉള്ളതു് അതേ സ്ഥാനവും പങ്കും സ്ത്രീക്കും സമൂഹത്തിലുണ്ടു്. അതിനു കുറവു സംഭവിക്കുമ്പോള്‍ അതു സമൂഹത്തിന്റെ താളലയം നഷ്ടമാക്കുന്നു. പ്രപഞ്ചസൃഷ്ടിയില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതു്. ഒരു മനുഷ്യശരീരത്തെ ശിരസ്സു മുതല്‍ താഴേക്കു നേര്‍പകുതിയാക്കിയാല്‍ രണ്ടു ഭാഗങ്ങള്‍ക്കും എത്ര മാത്രം തുല്യ പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യമാണു സ്ത്രീക്കും പുരുഷനും തമ്മിലുള്ളതു്. ഒന്നു് ഒന്നിനെക്കാള്‍ മേലെ എന്നവകാശപ്പെടാന്‍ കഴിയില്ല. പുരുഷന്റെ വാമഭാഗമാണു സ്ത്രീ എന്നു പറയുമ്പോള്‍ സ്ത്രീയുടെ ദക്ഷിണഭാഗമാണു പുരുഷന്‍ എന്നതു പറയാതെതന്നെ വ്യക്തമാകുന്നു.

സ്ത്രീപുരുഷഭേദം മുഖ്യമായും നിലനില്ക്കുന്നതു ശാരീരികതലത്തിലാണു്. സമൂഹത്തില്‍ സ്ത്രീക്കു തന്റെതായ സ്ഥാനമുണ്ടു്. അതുപോലെ തന്നെ പുരുഷനും. അതു് ഓരോരുത്തരും മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണു് ആവശ്യം. സ്ത്രീ പുരുഷന്റെ സ്ഥാനം കൈയടക്കാന്‍ ശ്രമിക്കുന്നതും അതുപോലെ പുരുഷന്‍ സ്ത്രീയുടെ സ്ഥാനം ബലം പ്രയോഗിച്ചു കൈയടക്കി വയ്ക്കുന്നതും വ്യക്തികളിലും അതിലൂടെ സമൂഹത്തിലും അസംതൃപ്തിയും അസമാധാനവും വളര്‍ത്തുവാനേ ഇടയാക്കൂ.

ഒരു വാഹനത്തിന്റെ ഇടത്തേ ചക്രത്തിനു വലത്തേ ചക്രത്തിന്റെ അതേ പ്രാധാന്യംതന്നെ ഉണ്ടു്. ഇരുചക്രങ്ങളും ഒരുപോലെ മുന്നോട്ടു ചലിച്ചാല്‍ മാത്രമേ അതില്‍ യാത്രചെയ്യുന്ന വ്യക്തിക്കു ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ. ഇതുപോലെ കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമയോടെ മുന്നോട്ടു പോകുമ്പോഴേ, അവര്‍ക്കു ശരിയായ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ സാധിക്കൂ, ആത്മൈക്യം പ്രാപിക്കുവാന്‍ കഴിയൂ.

ഭാരതീയസംസ്‌കാരം സ്ത്രീക്കു സമൂഹത്തില്‍ ആദരണീയമായ സ്ഥാനമാണു നല്കിയിരുന്നതു്. ‘മാതൃ ദേവോ ഭവ’ എന്നാണു ഭാരതം ലോകത്തിനു നല്കുന്ന ആദര്‍ശം. പരസ്ത്രീയെ മാതാവായി കാണുവാനാണു നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നതു്. ഏതു പുരുഷനും ജനിക്കുന്നതിനു മുന്‍പു പത്തുമാസം മാതാവിന്റെ ഗര്‍ഭത്തിലാണു കഴിയുന്നതു്. അതിനാല്‍ വിവേകബുദ്ധിയുള്ള ഒരു പുരുഷനും തന്റെ അമ്മ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തെ അവഗണനയോടെയോ, അവജ്ഞയോടെയോ കാണാന്‍ കഴിയില്ല.

അതുപോലെ തന്നെ കുടുംബത്തിന്റെ അസ്ഥിവാരമാണു സ്ത്രീ. കുടുംബത്തില്‍ ശാന്തിയും ഐശ്വര്യവും നിലനിര്‍ത്തുന്നതില്‍ പുരുഷനെക്കാള്‍ സ്ഥാനം വഹിക്കുവാന്‍ സ്ത്രീക്കു കഴിയും. കാരണം സ്ത്രീ സ്നേഹത്തിന്റെയും ക്ഷമയുടെയും വിനയത്തിന്റെയും പ്രതീകമാണു്. സ്ത്രീയിലെ ഈ ഗുണങ്ങളാണു കുടുംബാംഗങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതു്.

പുരുഷത്വം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണു്. കുടുംബബന്ധം സംതൃപ്തമായി നിലനിര്‍ത്തണമെങ്കില്‍ ഈ നിശ്ചയര്‍ഢ്യം ഒന്നു കൊണ്ടുമാത്രം സാദ്ധ്യമല്ല. കുടുംബാംഗങ്ങള്‍ക്കു പരസ്പരം സ്നേഹവും ക്ഷമയും വിനയവും വിട്ടുവീഴ്ചാമനോഭാവവുമാണു വേണ്ടതു്. സ്ത്രീ, പുരുഷന്റെ സ്വഭാവം അനുകരിക്കുമ്പോഴും പുരുഷന്‍ തന്റെ അഹന്തയെ സ്ത്രീയില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോഴുമാണു കുടുംബത്തില്‍ അന്തശ്ചിദ്രം ഉടലെടുക്കുന്നതു്.

ഭാരതം ത്യാഗഭൂമിയാണു ഭോഗഭൂമിയല്ല. നമ്മുടെ പൂര്‍വ്വികര്‍ അന്വേഷിച്ചു കണ്ടെത്തിയതു ശാശ്വതാനന്ദത്തിന്റെ ഉറവയാണു്. നൈമിഷികാനന്ദത്തിന്റെ പിന്നാലെ പാഞ്ഞു് ആയുസ്സും ആരോഗ്യവും ഇല്ലാതാക്കുന്ന നഷ്ടക്കച്ചവടത്തിനു് അവര്‍ തയ്യറായിരുന്നില്ല. ഒരുവന്റെ കര്‍മ്മവും ധര്‍മ്മവും ഗുണങ്ങളും അനുസരിച്ചാണു സമൂഹത്തില്‍ അവന്റെ സ്ഥാനം നിര്‍ണ്ണയിക്കപ്പെട്ടിരുന്നതു്. എല്ലാവരുടെയും പരമലക്ഷ്യം ഈശ്വരസാക്ഷാത്കാരമായിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ലക്ഷ്യത്തെക്കുറിച്ചും മാര്‍ഗ്ഗത്തെക്കുറിച്ചും പൂര്‍ണ്ണബോദ്ധ്യമുണ്ടായിരുന്നു. അതവര്‍ക്കു വേണ്ടത്ര സംതൃപ്തിയും നല്കിയിരുന്നു.

സംതൃപ്തിയില്ലാത്തവരാണു മറ്റുള്ളവരുടെ സ്ഥാനം കൈയടക്കുവാന്‍ ശ്രമിക്കുന്നതു്. മനസ്സില്‍ അസംതൃപ്തി വളരുമ്പോഴാണു മാത്സര്യം നാമ്പെടുക്കുന്നതു്. മനുഷ്യനെ പൂര്‍ണ്ണ സംതൃപ്തിയിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുവാന്‍ ഭാരതീയ സാമൂഹ്യവ്യവസ്ഥ തികച്ചും പര്യാപ്തമായിരുന്നു. അതിനാല്‍ സ്ത്രീപുരുഷസമത്വം, സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനം, ഇവയൊന്നും അന്നു തര്‍ക്കവിഷയങ്ങളായില്ല. ഭൗതിക സംസ്‌കാരം സ്ത്രീപുരുഷ ബന്ധത്തെ ശാരീരികതലത്തില്‍ കാണുമ്പോള്‍ ഭാരതീയസംസ്‌കാരം അതിനെ ആത്മീയതലത്തില്‍ ദര്‍ശിക്കുവാനാണു പഠിപ്പിച്ചിരുന്നതു്.

എന്തുകൊണ്ടും സ്ത്രീക്കു സമൂഹത്തില്‍ രണ്ടാം നിരയിലല്ല സ്ഥാനം. പുരുഷനോടൊപ്പം ഒന്നാം നിരയില്‍ത്തന്നെയാണു്. അതു് ഇന്നു ലഭിക്കുന്നുണ്ടോ എന്നതാണു പ്രധാനം.